നൂറ്ദിനങ്ങൾ💚
നൂറ്ദിനങ്ങൾ ഞാൻ പൂർത്തിയാക്കിയിരിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും അനുഗ്രഹത്തിനും നന്ദി. എന്റെ കുസൃതി നിറഞ്ഞ മറ്റൊരു താളിലേക്ക് എല്ലാവർക്കും സ്വാഗതം.
സ്നേഹപൂർവ്വം
എത്രയും പ്രിയപ്പെട്ട ശില്പാ ( മറിയാമ്മ ) നിനക്ക്,
ചിലപ്പോൾ ദൈവം മനുഷ്യരൂപത്തിൽ എത്താറുണ്ടല്ലോ
ഇടയ്ക്കെപ്പോഴോ കാലൊന്നിടറിയപ്പോൾ ചേർത്ത് പിടിച്ചതിന് എന്റെ സംശയങ്ങളും സങ്കടങ്ങളും ചോദ്യങ്ങളും നിശബ്ദമായി കേട്ടതിന്.
എന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാകാൻ പ്രാർത്ഥിക്കുന്നതിന്, വായനാശീലമില്ലാതിരുന്ന എന്നോട് പുസ്തകങ്ങൾ വായിക്കാൻ ആവശ്യപ്പെട്ടതിന്, ഒരു ആൺകുട്ടിക്ക് ഒരു പെൺകുട്ടിയിൽനിന്നു ലഭിക്കാവുന്ന ഏറ്റവും മനോഹരമായ കാര്യം അവളുടെ സൗഹൃദമാണെന്ന് പറയാതെ പറഞ്ഞു തന്നതിന്.
വഴിതെറ്റിയ എന്നെ നന്മയിലൂടെ ചരിക്കുവാൻ നല്ലവഴികൾ കാണിച്ചുതന്ന കാവൽമാലാഖയായ നിനക്ക് നന്ദിയോടെ...
കടപ്പാട്
നല്ലവരായ സുഹൃത്തുക്കൾക്ക് നിങ്ങൾ തന്ന സ്നേഹവും കരുതലുമാണ് എന്നെ പ്രതീക്ഷയോടെ മുന്നോട്ട് നയിക്കുന്നത്.
എന്നെയും എന്റെ എഴുത്തിനെയും അകമഴിഞ്ഞ് സ്നേഹിച്ചതിന് വിമർശിച്ചതിന് നിങ്ങൾക്ക് മുന്നിൽ എന്റെ കൂപ്പുകൈ. "നീ ഒരിക്കലും എഴുത്തിനെ വിട്ടുകളയരുത് " എന്ന് പറഞ്ഞ സോഫിക്ക്, സ്നേഹത്തോടെ ശാസിക്കുകയും തിരുത്തുകയും ചെയ്യുന്ന ജിത്തുവിന് സജ്മിക്ക് ( ഇച്ചായി ) പ്രിയസുഹൃത്ത് അഷ്ടമിക്ക് ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം സ്നേഹം.
ജീവിതപാതയിലെ സന്തോഷവും സങ്കടവും നിറഞ്ഞ നിമിഷങ്ങളിൽ എന്നെ തളരാതെ കൈത്താങ്ങിയ ഈശോയ്ക്ക് ഈ ഇടയന്റെ ഒരുപാട് സ്നേഹം...
താളുകൾ
ജീവിതത്തിലെ ചില നല്ല മുഹൂർത്തങ്ങളെ മനോഹരമാക്കിയ സുഹൃത്തുക്കൾക്ക് സന്തോഷത്തെ ആഘോഷിക്കുകയും സങ്കടങ്ങളെ കുലീനമായി നേരിടുകയും ചെയ്ത എന്റെ താളുകളിലേക്ക് സ്വാഗതം.
ഹൃദയം
2019 ഡിസംബർ 11 കോളേജ് ജീവിതത്തിലെ മറ്റൊരു മറക്കാനാവാത്ത അദ്ധ്യായമായിരുന്നു.
കോളേജിലെ റഗുലർ ക്ലാസുകളൊക്കെ കഴിഞ്ഞു. അതിനു ശേഷം എൻ. എസ്. എസ് ന്റെ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു.
ഞങ്ങൾ കുറച്ചുപേരെ കാത്ത് മറ്റൊരുഭാഗത്ത് നിലകൊണ്ടിരുന്ന സുഹൃത്തുക്കൾക്ക് നന്നേ ക്ഷമ നശിച്ചിരുന്നു.
ക്ഷമയാണ് ഏറ്റവും വലിയ പ്രാർത്ഥന ( ഗൗതമബുദ്ധൻ )
ഇനി എപ്പോഴാ ബസ് ? എപ്പോഴാ അവിടെയെത്തുക ? കുറച്ച് ചോദ്യങ്ങൾ ഉയർന്നു.
ഒരു യാത്രയായിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട ഗ്രീഷ്മടീച്ചറിന്റെ വീട്ടിലേക്ക്.
അങ്ങനെ നിലമേൽ നിന്നും ആയൂരിലേക്ക് ബസ് കയറി.
അധികം താമസിയാതെ അവിടെയെത്തി. ആയൂരിൽ നിന്നും മറ്റൊരു പ്രൈവറ്റ് ബസിൽ വീണ്ടും യാത്ര തുടർന്നു.
ഒരു ബസ് യാത്ര വളരെ രസകരമാക്കി എന്ന് പറയുന്നതാകും ശരി.
S.T എടുക്കാതെ അത്രയും ദൂരം യാത്ര ചെയ്യാം എന്ന വ്യാമോഹം തകർന്നു.
ബസിലെ കണ്ടക്ടർ ചേട്ടനും കിളിയും ഞങ്ങളെ കൊന്നില്ലന്നേയുള്ളൂ.
ഞാനായിരുന്നു അവരുടെ പ്രധാന ഇര.
നീണ്ട യാത്രക്കൊടുവിൽ ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തി . കൊല്ലം എന്ന നഗരത്തിന്റെ വ്യത്യസ്തമായ മറ്റൊരു ഭാഗം തന്നെയാണ് അവിടം.
നല്ല തിരക്ക് നിറഞ്ഞ വീഥി. വാഹനങ്ങളുടെ ശബ്ദവും ആകെ ഒരൊച്ചപ്പാട് തന്നെയാണ്.
ഒരു കാര്യം പറയാൻ മറന്നു. എന്തിനാണ് ടീച്ചറിന്റെ വീട്ടിൽ പോകുന്നതെന്ന് ! ടീച്ചറിന്റെ വിവാഹമാണ്.
ടീച്ചറിന്റെ വീടിന് അടുത്തുള്ള ചെറിയൊരു ഓഡിറ്റോറിയത്തിൽ സൽക്കാര ചടങ്ങ് നടക്കുന്നുണ്ട്. ഞങ്ങൾക്ക് മുന്നേ കോളേജിലെ മറ്റ് അധ്യാപകരും സ്‌റ്റാഫുകളും അവിടെ എത്തിയിരുന്നു.
ക്ലാസിൽ ലേറ്റായി എത്തുന്നത് പോലെ തന്നെ ഞങ്ങൾ അപ്പോഴും ലേറ്റായി.
ഒരുകല്യാണപ്പെണ്ണിന്റെ നാണമൊക്കെ ടീച്ചറിന്റെ മുഖത്തു കാണാൻ ഉണ്ടായിരുന്നു. ടീച്ചറിനോടൊപ്പം രണ്ട് സ്‌നാപ് എടുത്തു.
ജിത്തുവും വിഷ്ണുവും ( ഡിങ്കൻ )തിരികെ വീട്ടിൽ പോയി.
ഞങ്ങൾ അഞ്ചുപേർ അവിടെ സ്റ്റേയായിരുന്നു. അവിടെ ഒരു കടയുടെ മുന്നിൽ ഇരുന്നുകൊണ്ട് ആകാശത്തിലെ നക്ഷത്രങ്ങളെയും വഴിയിലൂടെ പോകുന്നവരെയും നോക്കി ദിവാസ്വപ്നവും കണ്ടിരുന്നു.
എല്ലാവരുമൊന്ന് ഉള്ളുതുറന്ന് സംസാരിച്ചത് അപ്പോഴാണ്.
അവിടുത്തെ പ്രോഗ്രാമൊക്കെ കഴിഞ്ഞ് ടീച്ചറിനോടൊപ്പം നേരെ വീട്ടിലേക്ക്. വീട്ടിലേക്കുള്ള വഴിയിലും ഞാനായിരുന്നു അവന്മാരുടെ വേട്ടമൃഗം.
ടീച്ചറിന്റെ വീട്ടിലെത്തി. ഒരു കല്യാണവീടെന്ന് പറയുമ്പോൾ നല്ല ആൾത്തിരക്കൊക്കെ പ്രതീക്ഷിച്ചിരുന്നു.
പക്ഷേ അവിടെയാരും തന്നെ ഉണ്ടായിരുന്നില്ല.
രാത്രി ഉറങ്ങിയപ്പോൾ ഒരുനേരമായി. അവിടൊരു സൈക്കിളിങ് മെഷീൻ ഉണ്ടായിരുന്നു. കുറച്ചു നേരം അതിന്റെ മുകളിലായിരുന്നു.
രാവിലെ നേരത്തെ തന്നെ ഓഡിറ്റോറിയത്തിൽ പോകുമെന്ന് ടീച്ചർ പറഞ്ഞിരുന്നു. ഞങ്ങളോട് പതിയെ വന്നാൽ മതിയെന്നും.
പ്രഭാതം പെട്ടന്ന് പൊട്ടിവീണു. അടുത്തുള്ള അമ്പലത്തിൽ നിന്നും പാട്ട് കേൾക്കുന്നുണ്ടായിരുന്നു. കുളിയൊക്കെ കഴിഞ്ഞ് അമ്പലത്തിൽ പോയി.
പുറമെ സിറ്റിയെന്ന് തോന്നുമെങ്കിലും അകമേ ഒരു കൊച്ചു ഗ്രാമം തന്നെയാണവിടം. നാട്ട്പാതയിലൂടെ നടന്നു. ചതുപ്പ് നിറഞ്ഞ പ്രദേശം.
പായലിനാൽ മൂടപ്പെട്ട അമ്പലക്കുളം.
അമ്പലത്തിൽ കയറുന്നതിന് ഷർട്ട് ഊരണമായിരുന്നു. ഞാൻ കയറിയില്ല. അവിടെ കൊടിമരത്തിന് മുന്നിൽ ചെറിയൊരു പ്രദിക്ഷണം. അതായത് അങ്ങോട്ടുമിങ്ങോട്ടും നടന്നു.
രാവിലത്തെ പ്രഭാതഭക്ഷണമൊക്കെ കഴിച്ച് ഓഡിറ്റോറിയത്തിലേക്കുള്ള ബസ് പിടിച്ചു.
ആഹാ എല്ലാവരും എത്തിയിട്ടുണ്ടല്ലോ...
സന്തോഷകരമായി വിവാഹവും കഴിഞ്ഞു, ടീച്ചറിന് ഗിഫ്റ്റും കൊടുത്തു.
പെട്ടന്നുള്ള തീരുമാനം കൊല്ലം ബീച്ചിൽ പോകണമത്രേ.
നേരെ അവിടേക്കുള്ള ബസ് പിടിച്ചു. ബസിലിരുന്ന് കൂർക്കം വലിച്ചുറങ്ങുന്നുണ്ടായിരുന്നു മനു.
തനിക്ക് ഇവിടെയെല്ലാം അറിയാം എന്ന ഭാവത്തിൽ വൈശാഖ് ഏതൊക്കെയോ വഴികളിലൂടെ കൊണ്ട് പോയി. അല്ലെങ്കിലും ഗൂഗിൾമാപ്പ് കൃത്യമായി വഴികാണിച്ചു തരാറുണ്ടോ ?
അങ്ങനെ ബീച്ചിലെത്തി. ആഹാ നല്ല വെയിൽ. എല്ലാവരും വെള്ളത്തിൽ കിടന്ന് തിമിർത്തു. ജിത്തു തലകുത്തി മറിഞ്ഞു.
ഒരേകനെപ്പോലെ ഞാൻ മാത്രം കരയിലിരുന്നു. എനിക്ക് പേടിയാണ് അത്രതന്നെ. ആർത്തിരമ്പുന്ന തിരമാലകൾ ഇടക്കിടെ അവരെ എടുത്തു കൊണ്ട് പോകുന്നുണ്ടായിരുന്നു. മണലിൽ എന്തൊക്കയോ രൂപങ്ങൾ നെയ്തുകൂട്ടുന്നുണ്ടായിരുന്നു അവരൊക്കെ.
ഞാൻ ചുറ്റും നോക്കി കമിതാക്കൾ കൈയുംപിടിച്ചു കറങ്ങി നടക്കുന്നത് കാണാം. അവിടെ കാക്കകളും പരുന്തും ആകാശവിതാനിയിൽ ചിറക് വിരിച്ചു പറക്കുന്നുണ്ടായിരുന്നു.
അകലെയെങ്ങോ ഒരു മിന്നായം പോലെ ബോട്ടുകൾ കാണാം.
അവരുടെ ആഘോഷങ്ങളെ മൊബൈൽ ക്യാമറയിൽ പകർത്തുമ്പോൾ ഒരു കാണിയെപ്പോലെ ഞാൻ സന്തോഷവാനായിരുന്നു.
ആരും കാണാതെ ഓറഞ്ചുനിറമുള്ള രണ്ട് കക്ക ഞാൻ മണൽത്തരിയിൽ നിന്നുമെടുത്തു.
അവിടെ നിന്നും പോകുന്നതിന് മുൻപായി എന്റെ ഹൃദയം മണൽത്തരികളിൽ എഴുതപ്പെട്ടു.
ആർത്തിരമ്പുന്ന കടൽത്തിരകളെ സാക്ഷിയാക്കി എന്റെ ഹൃദയം അവിടെ തുറന്നു.
i love you with so much of my heart that none is left to protest ( William Shakespeare )
അനുഗ്രഹം
"അച്ഛാ എനിക്കൊരു ടാബ്‌ലെറ്റ് വാങ്ങിക്കണമായിരുന്നു "
"ടാബ്‌ലറ്റോ ? നിനക്കെന്താ അസുഖം ? "
"അയ്യോ ആ ടാബ്‌ലെറ്റല്ലാ... ഈ സാംസങ്ന്റെ ടാബ്‌ലെറ്റ്... വലിയ സ്‌ക്രീനുള്ള ഫോൺ. "
"വലിയ സ്‌ക്രീനുള്ള ടീവി വീട്ടിലുണ്ടല്ലോ ? പിന്നെന്തിനാ ഫോൺ "
ചിലപ്പോഴൊക്കെ ഞാൻ ഒരു വടക്കൻ സെൽഫിയിലെ ഉമേഷിനെപ്പോലെ ആകാറുണ്ട്.
2020 ഏപ്രിൽ 28 ഈ ദിവസത്തിന് വലിയ പ്രത്യേകതയൊന്നുമില്ല.
ദൈവം എന്റെ വിളി കേട്ട ദിവസമാണെന്ന് തോന്നുന്നു. ഒരു ഫോൺ വാങ്ങിത്തരാൻ കുറച്ചു നാളായിട്ട് പപ്പയോട് പറയുന്നു. ഒടുവിൽ സമ്മതിച്ചു.
ബസ് ഒന്നും തന്നെയില്ല, ലോക്ക് ഡൗൺ നിയന്ത്രണം ഏർപ്പെടുത്തിയ സമയം.
ഒരു ഫോൺ വാങ്ങുന്നതിലുമപ്പുറം ഞാൻ പപ്പയോട് സന്തോഷത്തോടെ സംസാരിച്ച ഒരു ദിവസം തന്നെയായിരുന്നു.
പപ്പ എന്ന് വിളിക്കുന്നതിന് പകരം അപ്പാ എന്ന് വിളിക്കാൻ കൊതിയാവുന്നു.
എന്റെ ആഗ്രഹം സാധിച്ചു തന്നു. കടയ്ക്കൽ നിന്ന് തിരികെ നടക്കുമ്പോൾ നല്ല മഴ പെയ്യുന്നുണ്ടായിരുന്നു.
ഒരു കുടയിൽ ഞങ്ങളും. മഴ ശക്തിയപ്പോൾ ഒരു കടയിൽ കയറി നിന്നു.മഴ കുറഞ്ഞപ്പോൾ വീണ്ടും നടന്നു.
പപ്പ എന്നെ തോളോട് ചേർത്ത് പിടിച്ചു കൊണ്ട് നടന്നു. ആ ഒരു നിമിഷം, എന്റെ ഈശോയെ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നായിരുന്നു. അപ്പോൾ ഞാനിരിക്കും ലോകത്ത് ഏറ്റവും സന്തോഷമുള്ള വ്യക്തി.
കുറേ നാളുകൾക്ക് ശേഷം ഒന്ന് മനസ്സ് തുറന്നു സംസാരിച്ചു.
അച്ഛന്റെയും അമ്മയുടെയും അനുഗ്രഹത്തിന് ഭയങ്കര മൈലേജാണ്. പറഞ്ഞറിയിക്കാൻ കഴിയത്തില്ല.
ദൈവപ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവകോപം മാതാപിതാക്കളുടെ കോപത്തിലാണ്. ( മുഹമ്മദ് നബി )
ഞാൻ എഴുതുകയാണ് : അപ്പാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നതിന് എന്റെ വീഴ്ചകളിൽ കൂടെ കൈത്താങ്ങായി നിന്നതിന് ഒരുപാട് സ്നേഹം.
അയക്കപ്പെട്ടവർ
നിന്റെ വഴികളില്‍ നിന്നെ കാത്തു പാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്മാരോടു കല്‍പിക്കും. നിന്റെ പാദം കല്ലില്‍തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചു കൊള്ളും.”
(സങ്കീര്‍ത്തനം 91:11)
നമ്മളൊക്കെ ഒരിക്കലും പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് കടന്ന് വരുന്നവരുണ്ട്.
വഴിതെറ്റുംമ്പോൾ ഒരു കൈത്താങ്ങായി നേർവഴിയിലൂടെ നടത്താൻ.
ഞാൻ അങ്ങനൊരു മാലാഖയെ കണ്ടിട്ടുണ്ട് കാവൽമാലാഖ.
ജീവിതത്തിൽ തോറ്റുപോയി എന്ന് തോന്നുന്ന നിമിഷം സ്നേഹത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കാൻ ജീവിതം നമ്മോട് ആവശ്യപ്പെടുന്നതും ഈ കാവൽ മാലാഖയെയാണ്.
മറിയാമ്മോ നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
ജീവിതം ഇത്ര മനോഹരമാണെന്ന് നീ ഒരാൾ എനിക്ക് മനസിലാക്കി തന്നു.
ഒരു പുഷ്പമുണ്ടെങ്കിൽ എനിക്ക് പൂങ്കാവനമായി ഒരു സുഹൃത്തുണ്ടെങ്കിൽ ലോകവും
( ലിയോ ബുസ്കാഗ്ലിയ )
മെച്യൂരിറ്റി എന്നത് വായകൊണ്ട് മറുപടി പറയുന്നതല്ല മറിച്ച് അത് പ്രവർത്തിയിലാണെന്ന് എന്നെ പഠിപ്പിച്ച എന്റെ പ്രിയ സുഹൃത്താണ് ജിത്തു.
സൗഹൃദം എന്നവാക്കിന് ഒരർത്ഥമുണ്ട് അതറിയുന്നവർക്കേ ക്ഷമിക്കാൻ പറ്റൂ.
( ജിസ് ജോയ്, ബൈസൈക്കിൾ തീവ്സ് )
എന്റെ പല വലിയ തെറ്റുകളും തിരുത്തുകയും സ്നേഹത്തോടെ ശാസിക്കുകയും ചെയ്യുന്ന എന്റെ നല്ല സുഹൃത്താണ് ജിത്തു.
സൗഹൃദത്തിന് വലിയ വിലകല്പിക്കുന്ന ഒരാളാണ് അവൻ.
നിഷ്കളങ്കമായ മനസ്സിനുടമ.
ഞാൻ ആഗ്രഹിക്കുന്ന എന്റെ സ്വപ്നത്തിൽ എത്തിച്ചേരാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന എന്റെ ചങ്ങായി.
ഇനിയും എഴുതിയാൽ ഞാൻ വാചാലനായിപ്പോകും.
മുടിവെട്ട്
പൊതുവെ വീടുകളിൽ ഞങ്ങൾ ആൺകുട്ടികളോട് അമ്മമാരൊക്കെ പറയാറുണ്ട്
"ഈ ചെക്കന് മുടിയൊക്കെ വെട്ടി വൃത്തിയായി നടന്നുകൂടെ " എന്ന്.
അതുപോലെ "മുടിവളർന്നാൽ പനിവരും "
ഞാൻ മണിയണ്ണൻ എന്ന പുള്ളിക്കാരനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
ഷൈനി എന്നാണ് മണിയണ്ണന്റെ ബാർബർഷോപ്പിന്റെ പേര്.
അവിടെ എനിക്ക് സ്പെഷ്യൽ കൺസിഡറേഷൻ ഉണ്ട്.
അത്യാവശ്യം നല്ല സ്റ്റൈലൊക്കെ മാന്യമാണെങ്കിൽ മുടിയിൽ പരീക്ഷിക്കും നിനക്ക് നോർമൽ സ്റ്റൈൽ തന്നെയാണ് നല്ലത് എന്നോട് പറയുമായിരുന്നു.
മുടിയൊക്കെ വെട്ടിക്കഴിഞ്ഞു : "ടാ ഒരു ചായകുടിക്കാം എന്ന് പറഞ്ഞത് അടുത്തുള്ള കടയിലേക്ക് പോകും. വേണ്ട എന്ന് പറഞ്ഞാലും പുള്ളിക്കാരൻ സമ്മതിക്കില്ല.
എന്നോട് ചേട്ടൻ ഒരോന്ന് സംസാരിക്കും
സന്തോഷം നിറഞ്ഞ മുഖം.
നല്ലൊരു ജോലിയൊക്കെ വാങ്ങി വഴിയിലൊക്കെ വെച്ചുകാണുമ്പോൾ അന്നെനിക്ക് ചായ വാങ്ങിത്തരണമെന്ന് എന്നോട് പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
മണിയണ്ണൻ നല്ലൊരു ഹൃദയത്തിനുടമയാണ് ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരാൾ.
എവിടെ സൗഹൃദമുണ്ട്, അവിടെയാണു നമുക്കു സ്വദേശം.
( വോൾട്ടയർ )
സൗഹൃദത്തിന് പ്രായഭേദം ഇല്ലെന്ന് പറയുന്നത് എത്ര ശരിയാണ്.
കളിക്കളം
വൈകുന്നേരങ്ങളിൽ റാക്കറ്റും ഷട്ടിൽകോക്കുമായി ഗ്രൗണ്ടിലേക്ക് ഇറങ്ങും.
ഒഴിവ് നേരം ഉല്ലാസകരമാക്കാൻ.
ഞങ്ങളുടെ കൂട്ടത്തിൽ ലിവിഅപ്പാപ്പൻ ( ലിവിങ്സ്റ്റൺ )ആണ് മുതിർന്നയാൾ.
കൂട്ടത്തിൽ ഇടംകൈയൻ അപ്പാപ്പനാണ്.
അന്നേദിവസത്തെ കളിയൊക്കെ കഴിഞ്ഞ് എല്ലാവരും മതിൽ തിട്ടയിൽ ഇരുന്ന് സൊറപറയും.
അടുത്തുള്ള അമ്പലത്തിൽ നിന്നും ഭക്തിസാന്ദ്രമായ പാട്ടും മണിമുഴക്കവും മനസ്സിനെ കുളിർമയേകും. കൂടാതെ പള്ളിയിൽ നിന്നുമുള്ള വാങ്ക് വിളിയും.
വാനിൽ ദൂരേക്ക് പോയി കൂടണയുന്ന പറവകളും കുങ്കുമം ചാലിച്ചെഴുതിയ ആകാശത്തിനും നല്ല ഭംഗിയാണ്.
അപ്പോഴേക്കും സാജുഅണ്ണന്റെ വീടിന് മുന്നിലുള്ള തൂക്ക് വിളക്കിൽ ദീപനാളം തെളിയുന്നുണ്ടാകും.
ശരിക്കും സന്തോഷം അവിടെ അവരോടൊപ്പം കണ്ടെത്താനാകും.
ഭൂമിയിലെ സ്വർഗം അതിവിടമായിരിക്കും.
The true object of all human life is play. earth is a task garden heaven is play ground. ( Gilbert K. Chesterton )
Comments
Post a Comment
🥰