- Get link
- X
- Other Apps
ജെസീക്കയുടെ ദിനവൃത്താന്തം
ജെസീക്കാ ... നീ ഇതുവരെ എഴുന്നേറ്റില്ലേ ... എനിക്ക് പോകാൻ ടൈമാകുന്നു . ഞാൻ പറയുന്നത് വല്ലോം നീ കേൾക്കുന്നുണ്ടോ ? മമ്മ നിന്നെ അന്വേഷിക്കുന്നുണ്ട് . ഒന്നെഴുന്നേൽക്കെന്റെ കൊച്ചേ ...
പതിവ് പോലെ തന്നെ ആലീസ് അലാറമെന്നോണം ഒച്ചയെടുക്കാൻ തുടങ്ങിയിരുന്നു. നേരം പുലർന്ന് ഒരുപാട് നേരമായിട്ടും ഉറക്കത്തിന്റെ ആലസ്യത്തിൽ മയങ്ങികിടക്കുകയായിരുന്നു ജെസീക്ക . ചില്ലുജാലകങ്ങളെ കീറിമുറിച്ചുകൊണ്ട് സൂര്യരശ്മികൾ മുറിക്കുള്ളിലേക്ക് കടന്നു കയറുന്നുണ്ടായിരുന്നു . മുറിയിലാകെ വെളിച്ചത്തിന്റെ പുത്തൻ പ്രഭാവലയം പരന്നതും ജെസീക്കയുടെ ഉറക്കം ഞെട്ടി . മിഴികൾ പതിയെ തുറന്നുകൊണ്ട് അവൾ ചുറ്റും കണ്ണോടിച്ചു. സ്‌ഥായിഭാവമെന്നോണം അവളുടെ മുഖത്തു ചെറുപുഞ്ചിരി വിടർന്നു. ഒരല്പം മടിയോടെയാണെങ്കിലും ജെസീക്ക മെല്ലെ കിടക്കയിൽ എഴുന്നേറ്റിരുന്നു . ഇനിയെങ്കിലും എനിക്കൊരല്പം വിശ്രമം അനുവദിക്കൂ എന്ന ദയ ദാക്ഷണ്യം ആഗ്രഹിച്ചുകൊണ്ട് വട്ടം ചുറ്റിക്കൊണ്ടിരിക്കുകയായിരുന്നു സീലിങ് ഫാൻ . ജെസീക്കയുടെ വിരലുകൾ മെല്ലെ സ്വിച്ച് ബോർഡിനടുത്തേക്ക് നീങ്ങി. ഫാൻ ഓഫ് ചെയ്തതും ചുവരിൽ ആടിയുലഞ്ഞു കൊണ്ടിരുന്ന കലണ്ടറിന്റെ താളുകൾ മെല്ലെ നിദ്രയിലേക്ക് വഴുതിവീണു .
ടേബിളിനു മുകളിൽ തന്നെ നോക്കിനിൽക്കുന്ന ഈശോയ്ക്കും കന്യാമാതാവിനും സ്തുതി പറഞ്ഞു കൊണ്ട് അവൾ കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റു . ഒന്ന് നടുനിവർത്തി , ഉറക്കത്തിന്റെ അവസാന കണികകളും തന്നിൽ നിന്നും അവൾ രാത്രിയുടെ കാലാന്തരത്തിലേക്ക് ആട്ടിയോടിച്ചു . എന്തോ ഓർത്തിട്ടെന്നവണ്ണം ജെസീക്ക കിച്ചനിലേക്കോടി .
മമ്മ നല്ല തിരക്കിലായിരുന്നു , ബ്രേക്ക്ഫാസ്ററ് റെഡിയാക്കി കഴിഞ്ഞാൽ പിന്നെ ഉച്ചയ്ക്കുള്ള ലഞ്ച് . അങ്ങനെ മമ്മ എപ്പോഴും നല്ല ബിസിയാണ് .
'ഹലോ മമ്മാ ... ' ജെസീക്ക പിറകിലൂടെ ചെന്ന് മമ്മയെ ചേർത്തണച്ചു കൊണ്ട് കവിളിലൊരു ഉമ്മ കൊടുത്തു.
'ആഹ് മേഡം എഴുന്നേറ്റോ ? സമയമെന്തായെന്നാ വിചാരം .' മമ്മ ഒരല്പം നീരസത്തോടെ ചോദിച്ചു.
ജെസീക്കയുടെ മുഖത്തു ചെറിയൊരു ചിരിനിഴലിച്ചു വന്നു .
'ആഹ് നിന്ന് കുണുങ്ങിയത് മതി ചെല്ല് പോയി ഫ്രഷ് ആവ് .'
മമ്മയ്ക് വീണ്ടുമൊരു ഉമ്മകൊടുത്തു ജെസീക്ക തന്റെ മുറിയിലേക്ക് ഓടി .
മുറ്റത്തു കാർപ്പോർച്ചിന് അടുത്തായി, അതിരിനോട് ചേർന്ന് നട്ടുപിടിപ്പിച്ചിട്ടുള്ള അടുക്ക് ചെമ്പരത്തിയിൽ കൂട് കൂടിയിരുന്ന ബുൾബുൾ്‌ന്റെ വിശേഷങ്ങൾ എന്തായെന്നറിയാൻ ജെസീക്ക ചെല്ലുമ്പോൾ അവൾ അറിയുന്നുണ്ടായിരുന്നില്ല തന്നെ കാത്തിരിക്കുന്നത് സന്തോഷത്തിന്റെ പുതിയൊരു അധ്യായമാണെന്ന് . ജെസീക്ക പതിയെ കൂടിനടുത്തേക്ക് നടന്നു . കൗതുകം നിറഞ്ഞ ഹൃദയാവായ്പോടെ അവൾ കൂടിനുള്ളിലേക്ക് കണ്ണോടിച്ചു . ബുൾബുൾ കുഞ്ഞുങ്ങൾ , കൊക്കുകൾ വിടത്തി അവ മെല്ലെ കരയുന്നുണ്ടായിരുന്നു. തള്ള പക്ഷി ,ജെസീക്കയെ പ്രതീക്ഷിച്ചിട്ടെന്നവണ്ണം അവളുടെ മുഖത്തേക്ക് നോക്കി . അവളുടെ മുഖത്തെ സന്തോഷവും ,ഇടതൂർന്ന മിഴികളും മുഖത്തേക്ക് പാറി വീണ മുടിയിഴകളും ,നിറങ്ങളാൽ ചാലിച്ചെഴുതിയ പോർട്ട്റേറ്റ് പോലെ തോന്നി . തള്ള പക്ഷി കൂടിനുള്ളിൽ നിന്നും മെല്ലെ പുറത്തേക്ക് വന്ന് ജെസീക്കയ്ക്ക് ചുറ്റും പാറിപ്പറന്നുകൊണ്ടിരുന്നു . ബുൾബുൾന് ജെസീക്കയോടുള്ള തന്റെ സ്നേഹവും സന്തോഷവും പ്രകടിപ്പിക്കുകയാണ് .
ഹോൺ മുഴക്കം കേട്ടാണ് ജെസീക്ക ഗേറ്റിനടുത്തേക്ക് ചെന്നത് . പതിയെ ഗേറ്റ് തുറന്നതും 'സർപ്രൈസ്' എന്നുറക്കെ പറഞ്ഞു കൊണ്ട് പവിത്ര , ജെസീക്കയുടെ മുന്നിലേക്ക് ചാടിവീണതും ഞൊടിയിടയിലായിരുന്നു.
'ഹോ നീയങ്ങു മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ ...'
'എന്താ മോളെ പേടിച്ചുപോയോ ?'
'ആഹ് മനുഷ്യന്റെ നല്ല ജീവനങ്ങു പോയി ', നിന്റെ മെസ്സേജ് കണ്ടിരുന്നു, നീ ഇന്ന് വരുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല.'
'ഇതൊക്കെയല്ലേ മോളെ ജീവിതത്തിന്റെ ഒരു രസം . ഇപ്പോ നിന്റെ മുഖത്തുള്ള ഈ സന്തോഷം , സമയവും കാലവുമൊക്കെ ഗണിച്ചിട്ടു ഞാനിങ്ങു വന്നിരുന്നേൽ എനിക്ക് കാണാൻ പറ്റുമായിരുന്നോ ?'
'ഓഹ് ഒന്ന് നിർത്തോ നിന്റെയീ ഫിലോസഫി'
ഒരുനിമിഷം ജെസീക്കയുടെ മനസ്സിൽ പവിത്രയോടൊപ്പമുള്ള പഴയ ഓർമ്മകൾ മിന്നി മാഞ്ഞുപോയി . എറണാകുളത്തെ ആ നല്ല നിമിഷങ്ങൾ . കേക്ക് ഉണ്ടാക്കാൻ പഠിച്ചതും , മെട്രോ യാത്രയും , ജൂതതെരുവിലൂടെ കറങ്ങി നടന്നതും , ഇടപ്പള്ളി ഗീവർഗീസ് പുണ്യാളന്റെ പള്ളിയിൽ പോയതും , കൊച്ചിൻ കാർണിവൽ കണ്ടതുമൊക്കെ , നൂലിൽ സ്പടിക മുത്തുകൾ കോർത്ത് മാലയുണ്ടാക്കുന്ന പോലെ ഓർമ്മകൾ ജെസീക്കയുടെ മനസ്സിൽ തെരുതെരെ വന്നുകൊണ്ടിരുന്നു.
'നീയിത് എന്താ ആലോചിക്കുന്നേ ?' ഓർമ്മകളുടെ തുരുത്തിൽ നിന്നും ജെസീക്ക പതിയെ യാഥാർത്യത്തിന്റെ ഭൂമികയിലേക്ക് വന്നു .
'ഏയ് ... നീ വാ '
'ഹായ് മമ്മാ ... മമ്മയങ്ങു ചുന്ദരിയായിട്ടുണ്ടല്ലോ ...'
'എന്റെ മമ്മ പണ്ടേ ചുന്ദരിയാ അല്ലേ ...'
മമ്മയുടെ മുഖത്തെ സന്തോഷവും ചെറുപുഞ്ചിരിയും കാവൽ മാലാഖയുടേത് പോലെ പ്രതിഭലിച്ചു .
'ശ്യോ ... ഈ പിള്ളേരുടെ ഒരു കാര്യം'
'മോളെ പവി വന്ന കാലേ നിൽക്കാതെ ഇരിക്കന്നെ , ഞാൻ കുടിക്കാൻ എടുക്കാം ,
'കഴിക്കാനും ' ജെസീക്ക വിളിച്ചു പറഞ്ഞു .'
'വാ നമുക്ക് ന്റെ റൂമിലേക്ക് പോകാം '.
കടലുകാണിപ്പറയുടെ മുകളിൽ നിന്ന് ദൂരേക്ക് നോക്കുമ്പോൾ എന്തെന്നല്ലാത്തൊരു അനുഭൂതിയാണ് ജെസീക്കയ്ക്ക് അനുഭവപ്പെട്ടത് . അങ്ങ് ദൂരെ മലനിരകൾ , അവിടെ നിന്നും ഒഴുകിവരുന്ന തണുത്ത കാറ്റ്അവളുടെ മുടിയിഴകളിൽ തട്ടി പാറിപ്പറന്നു കൊണ്ടിരുന്നു. എത്ര തന്നെ മുടിയിഴകൾ മാടിയൊതുക്കുവാൻ ശ്രമിച്ചാലും , അതൊക്കെ നിഷ്പ്രഭമാക്കിക്കൊണ്ട് കള്ള കാറ്റ് അവൾക്ക് ചുറ്റും കറങ്ങിക്കൊണ്ടേയിരുന്നു . ഇരുമ്പ് കൈവരികൾക്കടുത്തായി നിന്നു കൊണ്ട് , പ്രകൃതിയുടെ സൗന്ദര്യം തന്റെ മൊബൈലിൽ പകർത്തുകയായിരുന്നു പവിത്ര . രണ്ടാളെയും നിരീക്ഷിച്ചു കൊണ്ട് മമ്മ അവർക്കടുത്തായി തന്നെയുണ്ടായിരുന്നു .
മരച്ചില്ലകൾക്കിടയിലൂടെ പോക്കുവെയിൽ അവിടിവിടെയൊക്കെയായി പാളി വീഴുന്നുണ്ടായിരുന്നു . മെല്ലെ നല്ല നിമിഷത്തിന്റെ താളുകൾ സായാഹ്നത്തിനു മുന്നിൽ കൊഴിഞ്ഞു വീണു . പ്രകൃതി തന്റെ കാൻവാസിൽ കടന്നു പോകുന്ന ദിവസത്തിന്റെ അവസാന അടരുകൾ പോർട്ട്റേറ്റ് ചെയ്യുകയായിരുന്നു. ആകാശക്കടലിൽ ചുമപ്പിന്റെ തിരയിളക്കം . ജെസിക്കയ്ക്ക് ആ കാഴ്ച നോക്കി നിൽക്കെ ഹൃദയം നിറഞ്ഞ പോലെ അനുഭവപ്പെട്ടു .
'അതേ നേരമൊരുപാടായി വീട് പിടിക്കണ്ടേ ? ദേ ആലീസ് വീട്ടിലെത്തി '
'പവി , വാ പോകാം '
'മമ്മ നിൽക്ക് നമുക്കൊരു ഫോട്ടം പിടിച്ചാലോ ... '
ഒരു നിമിഷത്തിന്റെ ഒരുമയുടെ ഓർമ്മയെന്നോണം പവിത്ര തന്റെ മൊബൈലിൽ അവർ ഒരുമിച്ചുള്ള ഫോട്ടോയും എടുത്തു .
അവർ മൂന്നാളും വീട്ടിലെത്തിയെപ്പോഴേക്കും സമയം നന്നേ വൈകിയിരുന്നു . ആലീസ് ,ചായയും സ്നാക്സുമൊക്കെ റെഡിയാക്കി അവരെ കാത്തിരിക്കുകയായിരുന്നു .
രാത്രി ഒരുപാട് വൈകിയാണ് എല്ലാവരും കിടന്നത് . ഒരുപാട് സംസാരിച്ചു , തമാശകൾ പറഞ്ഞു , പാട്ട് പാടി .
ടേബിൾ ലാംപിന് ചുവട്ടിലിരുന്ന് ഡയറി എഴുതുമ്പോൾ ജെസീക്കയുടെ മനസ്സിൽ ഒരുപാട് ചിന്തകൾ കടന്നുപോയി . ഒരുമിനിഷം അവൾ ബെഡിലേക്ക് കണ്ണോടിച്ചു . പവിത്ര നല്ല ഉറക്കത്തിലാണ് . ജെസീക്കയുടെ മുഖത്തു നനുത്തൊരു പുഞ്ചിരി പടർന്നു . പതിയെ അന്തരാത്മാവിൽ നിന്നുമുള്ളൊരു സന്തോഷം അവളെ വലയം ചെയ്‌തു .
ഡയറി എഴുതി അവസാനിപ്പിക്കുമ്പോൾ ജെസീക്ക ഇങ്ങനെ എഴുതി . ഞാനിന്ന് ഒരുപാട് സന്തോഷിച്ചു , എന്റെ മമ്മയും .
ലവ് യു മമ്മാ ...
- Get link
- X
- Other Apps
Comments

🫶🫰😇
ReplyDelete