കാത്തിരിപ്പ്🖤
ഗായത്രി ഞാൻ പറയുന്നതൊന്ന് കേൾക്ക് പ്ലീസ്...
വേണ്ടാ... എനിക്കൊന്നും കേൾക്കേണ്ട. എനിക്ക് നിങ്ങളെ വെറുപ്പാണ്.
അന്ന് അത്രയും പേരുടെ മുന്നിൽ ഗായത്രി അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ശരിക്കും തകർന്നു പോയി.
ആ നിമിഷം ഇടയ്ക്കൊക്കെ എന്റെ മനസ്സിൽ പെയ്തു പോകാറുണ്ട്.
അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ; ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ അവളുടെ മനസിന് സമാധാനവും സന്തോഷവുമാണ് പ്രധാനം.
നല്ല മനസിന് മാത്രമേ അത് കൊടുക്കാൻ കഴിയുകയുള്ളൂ.
നിർമലേച്ചിയുടെ വിവാഹത്തിന് ഞാനും തീർത്ഥയും കൂടി ഓരോ കാര്യങ്ങൾക്കു പുറകെ ഓടി നടക്കുകയായിരുന്നു.
തീർത്ഥ എന്റെ ഉറ്റ സുഹൃത്താണ്. എന്റെ കള്ളത്തരങ്ങൾ എല്ലാം മറ്റാരേക്കാളും നന്നായി അറിയുന്നത് അവൾക്കാണ്.
അപ്പോഴാണ് സുധാകരൻമാമ വീടു വരെ പോകാൻ പറഞ്ഞത്.
കണ്ണട മറന്നു. പുള്ളിക്കാരന് ഇത് പതിവാണ്. ഈ മറവി.
മുഹൂർത്തത്തിന് ഇനിയും സമയമുണ്ട്. തീർത്ഥയുടെ കൈയിൽ നിന്നും കാറിന്റെ കീ വാങ്ങി പെട്ടന്ന് പുറത്തേക്ക് ഓടി.
അപ്പോഴാണ് അത് സംഭവിച്ചത്. രണ്ട് ധ്രുവങ്ങൾ കൂട്ടി മുട്ടി.
ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി. അവൾ എന്റെ കണ്ണുകളിലേക്ക് ഒന്ന് നോക്കി.
സോറി കുട്ടി ഞാൻ കണ്ടില്ല.
തനിക്കു കണ്ണ് കാണില്ലേ ? അവളുടെ മുഖത്ത് എന്നോടുള്ള ദേഷ്യം ഉണ്ടായിരുന്നു.
കുറച്ചു നേരം ഞാൻ അങ്ങനെ തന്നെ നിന്നു.
ടാ നീ ഇത് വരെ പോയില്ലേ ? സുധാകരൻമാമ ചോദിച്ചു.
വീട്ടിൽ പോയി വന്നിട്ട്. ഓഡിറ്റോറിയത്തിൽ ഞാൻ ആ മുഖത്തെ തിരഞ്ഞു.
ടാ നവീനെ നീ ഇത് ആരെയാ നോക്കുന്നെ ? മുഹൂർത്തത്തിന് സമയായി.
ഭംഗിയോടെ ചേച്ചിയുടെ വിവാഹം കഴിഞ്ഞു.
വീട്ടിൽ വന്ന് കുറേ നേരം ഞാൻ ആലോചിച്ചു. എന്നാലും ആരാണ് അവൾ ?
ടാ നവീനെ നിനക്ക് ഇത് എന്താ പറ്റിയേ ? മോന് എന്തോ ഏനക്കേട് ആണെന്ന് തോന്നുന്നു. പറയടാ...
അതെ.
ഉണ്ടായതൊക്ക ഞാൻ തീർത്ഥയോട് പറഞ്ഞു.
രണ്ട് ആഴ്ചയ്ക്ക് ശേഷം ഞാനും തീർത്ഥയും അമ്മനം കോവിലിൽ പോയി.
ഞാൻ അന്ന് അവിടെ വെച്ച് വീണ്ടും കണ്ടു. ടീ പൊട്ടി... ദേ... അവൾ
വാടാ... നമുക്ക് പോയി മുട്ടാം.
ഹലോ... കുട്ടി അന്ന് അറിയാതെ സംഭവിച്ചതാ... സോറി.
ഒന്ന് മുഖത്തേക്ക് നോക്കിയിട്ട് ഒന്നും മിണ്ടാതെ അവൾ നടന്നു പോയി.
മോനെ അവൾ മിണ്ടിയില്ല അല്ലിയോ ?
പോട്ടെ ആദ്യമൊക്കെ ഇങ്ങനാ...
പിന്നെ ഞാൻ അവളുടെ പുറകേ നടന്നു. അവൾ പറയാവുന്ന തരത്തിലൊക്കെ എന്നോട് പറഞ്ഞു. അതൊക്കെ എനിക്കൊരു പ്രശ്‌നമേ അല്ലായിരുന്നു.
ഒടുവിൽ എന്റെ സ്നേഹത്തിന് മുന്നിൽ ഗായത്രിക്ക് തോറ്റു തരേണ്ടി വന്നു.
പുറമെ ദേഷ്യമൊക്കെ ഉണ്ടെങ്കിലും ഒരു പാവമാണ്. ഒരു പൊട്ടിപെണ്ണ്.
എനിക്ക് അവളോട് കുറച്ചു കള്ളം പറയേണ്ടി വന്നു. അതൊക്കെ ഒരിക്കൽ തുറന്നു പറയണമെന്ന് ഞാൻ ആഗ്രഹിച്ചതാണ്. എന്റെയുള്ളിൽ ഒരു ഭയം ഉടലെടുത്തു. ഗായത്രിയെ നഷ്ടപെട്ടാലോ ?
അതെനിക്ക് ആലോചിക്കാൻ കൂടി വയ്യ.
ഒരിക്കൽ ഞാൻ പറഞ്ഞ കള്ളമൊക്കെ മറനീക്കി പുറത്തു വരുമെന്ന് ഞാൻ അറിഞ്ഞില്ല.
അന്ന് അവിടെ സംഭവിച്ചതിന് ശേഷം അവളെന്നോട് മിണ്ടിയിട്ടില്ല. കാണാൻ ശ്രമിച്ചു. പക്ഷേ സംസാരിക്കാൻ പോലും കൂട്ടാക്കിയില്ല.
തെറ്റുകളൊക്ക അവളോട് ഏറ്റ് പറയണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ ശ്രമങ്ങളൊക്കെ പരാജയപ്പെട്ടു.
അവൾ മൗനം കൊണ്ട് എന്നെ കീഴ്പ്പെടുത്തുകയാണ്.
രാത്രികളിൽ നിദ്രാദേവി എന്റെ ക്യാൻവാസിൽ അവളുടെ ചിത്രങ്ങൾ നെയ്തുകൂട്ടാറുണ്ട്.
ഞാൻ അവളെ അർഹിക്കുന്നില്ല. എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും എന്റെ ഹൃദയം സമ്മതിക്കാറില്ല.
അവൾ എന്നെങ്കിലും എന്നെ മനസിലാക്കും. എന്റെ തെറ്റുകൾ ക്ഷമിക്കും.
പക്ഷേ... എന്ന് ? ആ നിമിഷത്തിനായി ഞാൻ കാത്തിരിക്കുകയാണ്.
എന്റെ ഗായത്രി ഈ ലോകത്തില്ല എന്ന് ഞാൻ എങ്ങനെയാണ് വിശ്വസിക്കുക.
Comments
Post a Comment
🥰