അനുഗ്രഹം🖤
അമ്മാ... അമ്മോ... ഇവിടെ ആരും ഇല്ലേ ?
ഒച്ചവെക്കെണ്ടടാ... ഇവിടുണ്ട് എല്ലാവരും.
നീയങ്ങു ക്ഷീണിച്ചല്ലോ ?
ഓഹ് അതോ അവിടുത്തെ ഫുഡിന്റെയാണന്നേ.
നാല് കൊല്ലത്തെ എൻജിനീയറിങ് പഠനത്തിന് ശേഷം നാട്ടിൽ വന്നതാണ് ജോണിക്കുട്ടി.
അപ്പനെന്തിയേ ?
മുകളിലുണ്ട് നീ ചെല്ല്. അല്ലെങ്കിലതുമതി അങ്ങേർക്ക്.
അപ്പാ...
നീ എപ്പഴാടാ വന്നേ ? നിന്റെ എക്‌സാമൊക്കെ എങ്ങനെയുണ്ടാർന്നു ?
അതൊക്കെ നന്നായി എഴുതിയിട്ടുണ്ട് എന്റെ വർഗീസ് മാപ്പിളേ...
അല്ല വല്യമ്മച്ചി എന്തിയേ ?
അവളെ നിനക്കറിയാലോ... നിന്റെ അമ്മയും അമ്മച്ചിയും തമ്മിൽ കണ്ടാ വഴക്കാ... അതുകൊണ്ട് ഞാൻ ഡേവിസ്ന്റെ അടുത്ത് കൊണ്ടാക്കി.
ആഹ് നല്ല അപ്പൻ.
ടാ നീയിത് എങ്ങോട്ടാ ? കഴിക്കുന്നില്ലേ ?
ആനിക്കുട്ടി സോ... സോറി. ഞാൻ തറവാട് വരെ ചെന്ന് വല്യമ്മച്ചിയെ കണ്ടിട്ട് വരാം.
പഴമയുടെ പ്രൗഢി വിളിച്ചോതുന്ന പഴയ വീട്.
നീ വന്നതറിഞ്ഞു. മേപ്പടിയിലെ സണ്ണിച്ചൻ പറഞ്ഞു.
ഏത് സണ്ണിച്ചൻ?
ടാ നമ്മടെ സൂസന്നെടേ കെട്ടിയോൻ.
ഓഹ് കറണ്ട് സണ്ണിച്ചൻ.
കൊച്ചപ്പാ... വല്യമ്മച്ചി എന്തിയേ ?
അകത്തുണ്ട് നീ ചെല്ല്. കാത്തിരിക്കുവാ.
വല്യമ്മച്ചി... എന്നാന്നേ ഒരു പിണക്കം.
നീ എന്നോട്...
ഞാൻ ഇങ്ങു വന്നില്ലേ.
പൊക്കോ എന്നോട് ആർക്കും സ്നേഹം ഇല്ല.
എന്നാ ഈ പറയുന്നേ. വല്യമ്മച്ചിയെ എല്ലാർക്കും ഇഷ്ടോണ്.
എന്റെ മൂപ്പിലാൻ ഉണ്ടായിരുന്നേൽ ഞാൻ ഒറ്റയ്ക്കാവില്ലായിരുന്നു.
ജോണിക്കുട്ടി ചുമരിലേക്ക് നോക്കി.
നിന്റെ അപ്പാപ്പനെ കാണാൻ നിനക്ക് മാത്രം ഭാഗ്യമില്ല.
ആനി നിന്നെ വയറ്റിലായിരിക്കുമ്പോഴാണ് എന്റെ മൂപ്പിലാൻ പോയത്.
മക്കളെ എല്ലാരേയും വളർത്തി നല്ല നിലയിലെത്തിച്ചു. എന്നിട്ട് ഇവിടെ ഞാൻ ഒറ്റക്ക്.
ഡേവിസ് ആണേൽ എപ്പഴും തിരക്കിലാ. ഒരു പെണ്ണ് കെട്ടാൻ പറഞ്ഞാൽ അവൻ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു മാറും.
ഇവിടെ ഒരാത്മാവ് ജീവനോടുണ്ടന്ന് ആർക്കും അറിയണ്ട.
എന്നാ ഇത് കരയുന്നോ ? കൊച്ചു പിള്ളേരെപ്പോലെ.
ആ കണ്ണും മൂക്കും എന്റെ വല്യമ്മച്ചി ചുന്ദരിയല്ലേ...
ഒന്ന് പോടാ...
വല്യമ്മച്ചി അവന്റെ കൈകളിൽ മുറുക്കെ പിടിച്ചിട്ട് പറഞ്ഞു :
ടാ ജോണിക്കുട്ടി നീ നിന്റെ അപ്പനെയും അമ്മയെയും നോക്കണേടാ... വയസ്സാകുമ്പോൾ അവരെ നീ തനിച്ചാക്കല്ലേടാ...
വല്യമ്മച്ചിയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞിരുന്നു.
വിഷമങ്ങളൊക്കെ ഒരു പുഞ്ചിരിയിലൊതുക്കി വല്യമ്മച്ചി അവൻ പോകുന്നത് നോക്കി നിന്നു.
വയസാകുമ്പോൾ അച്ഛനും അമ്മയും കുട്ടികളെപ്പോലെയാലും, ചില കുറുമ്പുകൾ വാശികൾ ഒക്കെ ഉണ്ടാകും.
കുഞ്ഞായിരുന്നപ്പോൾ അവരൊക്കെ എന്തോരം തെറ്റുകളാകും ക്ഷമിച്ചിട്ടുണ്ടാകുക.
വൃദ്ധരായ മാതാപിതാക്കൾ ഒരു കാലത്ത് മക്കൾക്ക് ഭാരമായേക്കാം ; പക്ഷേ കാലചക്രം തിരിയുമ്പോൾ അവരും ഈ അവസ്ഥയെ നേരിടേണ്ടി വരും എന്നവർ അറിയുന്നില്ല.
അച്ഛനും അമ്മയും ഒരനുഗ്രഹമാണ്.
തളർന്നു പോകുമ്പോൾ ഉയർത്തെഴുനേൽക്കാൻ അവരുടെ ഒരു പുഞ്ചിരി മതിയാകും.
Comments
Post a Comment
🥰