സ്ത്രീ💙
നമ്മളൊക്കെ കുഞ്ഞുകുട്ടിയായിരുന്നപ്പോൾ കുറുമ്പ് കാട്ടിയിട്ടുണ്ടാകുമല്ലോ... ചിലപ്പോൾ നമ്മുടെ വികൃതികൾക്ക് അച്ഛനോ അമ്മയോ ചൂരൽകഷായവും നൽകിയിട്ടുണ്ടാകും.
അപ്പോഴൊക്കെ നമ്മുടെ രക്ഷക്കായി എത്തുന്നത് മുത്തശ്ശിയാകാം.
മുടിയൊക്കെ നരകയറി പല്ലൊക്കെ കൊഴിഞ്ഞ് ഒട്ടിയകവിൾത്തടവും കുഴിഞ്ഞ കൺപോളയും ചുക്കിച്ചുളിഞ്ഞ ശരീരവുമായി ഒരായുസ്സിന്റെ നേർചിത്രം അവിടെ നമുക്ക് കാണാൻ കഴിയും.
വിശപ്പും മനോവേദനകളും ഉള്ളിലൊതുക്കി കുടുംബത്തിനായി പകലന്തിയോളം പണിയെടുക്കുന്ന ഒരമ്മയായിരുന്നു.
പരുക്കൻ തഴമ്പുകൾ നിറഞ്ഞ കൈത്തണ്ടയിൽ സുഖദുഃഖങ്ങളുടെ നീണ്ടയൊരു അദ്ധ്യായവും ഉണ്ടാകും.
ഒരേങ്ങലോടെ ഈ ഭൂമിയിലേക്ക് പിറന്നുവീഴുമ്പോൾ അവളിൽ ഒരായിരം സ്വപ്നങ്ങളാവും അച്ഛനും അമ്മയും നെയ്തുകൂട്ടിയിട്ടുണ്ടാവുക.
കുറുമ്പുകൾ നിറഞ്ഞ ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്ക് കടക്കുമ്പോൾ അവളുടെ ഏറ്റവും പവിത്രവും ശ്രേഷ്ഠവുമായ അവസ്ഥയിലൂടെ കടന്ന് പോകുകയും ചെയ്യും.
യൗവ്വനതീക്ഷണമായ കാലത്തിൽ പ്രണയവും ; അത് നൽകിയ വേദനയും കയ്പുനീരും പേറി അവൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുണ്ടാകും.
സ്വന്തം കാലിൽ നിലനിൽക്കാനായി ആഗ്രഹിച്ചപോലെ നല്ലൊരു ജോലിയും നേടിയിട്ടുണ്ടാകാം.
അതിനിടയിൽ ബോസ്സിന്റെയോ സഹപ്രവർത്തകരുടെയോ കൈയിൽ നിന്നും മോശമായ അനുഭവങ്ങളും ഉണ്ടായേക്കാം.
ഒരു ബാധ്യത ഒഴിപ്പിക്കുക എന്ന മട്ടിൽ വിവാഹം എന്ന ചടങ്ങും. പൂർത്തിയാക്കാനാകാതെ പോയ ചില സ്വപ്നങ്ങൾ അവിടെ തകർക്കപ്പെട്ടിട്ടുണ്ടാകാം.
ഭർത്താവിന്റെ സ്നേഹനിധിയായ ഭാര്യ അപ്പോഴും നീറ്റലോടെ പലതും മറക്കാൻ ശ്രമിക്കുന്നുണ്ടാകും.
അമ്മായിയമ്മയുടെ കരങ്ങളിൽ നിന്നുമുണ്ടായ വേദനകൾ ഹൃദയത്തെ നൊമ്പരപ്പെടുത്തിയിട്ടുമുണ്ടാകാം...
പത്ത് മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഒരു ജീവന് ജന്മം നല്കിയിട്ടുണ്ടാകാം.
ഭാര്യയിൽ നിന്നും അമ്മയിലേക്കുള്ള വേഷപ്പകർച്ച തന്നെയാണ്.
ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ പച്ചയായി ജീവിക്കുന്നു. അതിനിടയിൽ ഋതുമതിയെപ്പോലെ സന്തോഷവും സങ്കടവും കടന്നുപോയേക്കാം...
ആഘോഷങ്ങൾ, യാത്രകൾ, പ്രിയപ്പെട്ടവരുടെ വേർപാടുകൾ അപ്പോഴും അവളുടെ മുന്നിലൂടെ നിരവധി മുഖങ്ങൾ പോയി മറഞ്ഞിട്ടുണ്ടാകും.
വാർദ്ധക്യത്തിലേക്ക് കടക്കുമ്പോൾ അവൾ നേരിട്ടത് ഒരു യാത്രയായിരുന്നു.
ജീവിതമെന്ന യാത്ര.
മണ്ണിനാൽ സൃഷ്ടിക്കപ്പെട്ടവൾ ഒടുവിൽ മണ്ണിലേക്ക്. അവിടെ മരണമെന്ന യാഥാർഥ്യവും.
ഇന്ന് ഉച്ചയ്ക്ക് കണ്ടൊരു കാഴ്ചയാണ് ഞാൻ ഇങ്ങനെ കുത്തിക്കുറിച്ചത്.
ഒരമ്മൂമ്മ തന്റെ കൊച്ചുമകൾക്ക് ചോറ് വാരിക്കൊടുക്കുന്നു.
അൽപനേരം ഞാൻ ആ കാഴ്ച നോക്കി നിന്നു. ആ ഒരു കാഴ്ച്ചയെ മനസ്സിലൊപ്പിയെടുക്കുമ്പോൾ എന്തെന്നല്ലാത്തൊരു സന്തോഷവുമുണ്ടായിരുന്നു.
സ്നേഹനിധിയായ അമ്മൂമ്മ വാത്സല്യത്തോടെ തന്റെ കളങ്കമില്ലാത്ത സ്നേഹം പകർന്നു നൽകുന്നു.
ഇങ്ങനെയൊരു കാഴ്ച ഇനി നേരിൽ കാണാൻ കഴിയുമോ എന്നറിയില്ല...?
അത്തരമൊരു കാലത്തിലൂടെയാണല്ലോ നമ്മൾ കടന്ന് പോകുന്നത്.
ഞാൻ അവസാനിപ്പിക്കുകയാണ്. നല്ലനാളുകൾ ഉണ്ടാകട്ടെ പ്രതീക്ഷയോടെ കാത്തിരിക്കാം...
അമ്മ രണ്ടക്ഷരങ്ങളുടെ മഹാകാവ്യം...
സ്ത്രീ ജീവിക്കുന്ന വജ്രായുധം...
Comments
Post a Comment
🥰