നൊസ്റ്റാൾജിയ🌺
ഇന്ന് വീടിന് മുന്നിലെ മാവിൻകൊമ്പിലെ ചില്ലമേൽ കുറച്ച് ഇരട്ടവാലൻ കിളികൾ (കാടുമുഴക്കി )വന്നിരുന്നു.
ഈ പക്ഷികൾ ഒച്ചവെച്ചിക്കുകയും ചിറകടിച്ച് പറന്ന് പോവുകയും ചെയ്തു.
മിഴികൾ അവയിലേക്ക് പായുമ്പോൾ ചില നല്ല ഓർമകളാണ് എന്റെ മനസ്സിലേക്ക് വന്നത്.
നല്ല ഓർമകളെ നമുക്ക് അത്രയെളുപ്പത്തിൽ മറക്കാൻ കഴിയില്ല.
ഞാനെന്റെ കുട്ടിക്കാലത്തേക്ക് ഒന്ന് യാത്രചെയ്യുകയാണ്.
പണ്ട് യു. പി സ്കൂളിൽ പഠിക്കുമ്പോൾ അടിസ്ഥാന പാഠാവലിയിൽ മുട്ടത്തു വർക്കിയുടെ ഒരു നോവൽ പഠിക്കാനുണ്ടായിരുന്നു.
"ഒരുകുടയും കുഞ്ഞുപെങ്ങളും"
സ്കൂൾ വിട്ടത്തിനു ശേഷം വൈകുന്നേരങ്ങളിൽ ട്യൂഷനുണ്ടാകും.
വിദ്യാനികേതൻ എന്നാണ് ട്യൂഷൻ സെന്ററിന്റെ പേര്.
വയൽക്കരയുടെ ഒരു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ ട്യൂഷനിൽ എന്നെയും എന്റെ സുഹൃത്തുക്കളെയും മലയാളം പഠിപ്പിച്ചത് ജയശ്രീ ടീച്ചറായിരുന്നു.
കടയ്ക്കൽ ടൗൺഹാളിന് സമീപമുള്ള ആയൂർവേദാശുപത്രിയിലാണ് ടീച്ചർക്ക് ജോലി.
വൈകുന്നേരങ്ങളിൽ ട്യൂഷൻ ക്ലാസും.
ടീച്ചർ മധ്യവയസ്കയായിരുന്നു. അതുകൊണ്ട് തന്നെ ഒരമ്മയുടെ സ്നേഹവും ടീച്ചറിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നു.
മറ്റദ്ധ്യാപകർ ഞങ്ങളുടെ കുറുമ്പുകൾക്ക് ചൂരൽ കഷായം തരുമ്പോൾ. ടീച്ചറാകട്ടെ വഴക്കുകൂടി പറയില്ലായിരുന്നു. ഒരു പാവം ടീച്ചറമ്മ.
ഒരു കുടയും കുഞ്ഞുപെങ്ങളും ടീച്ചർ പഠിപ്പിക്കുമ്പോൾ ഞങ്ങൾ ശ്രദ്ധിച്ചിരുന്നതും എന്റെ മനസ്സിൽ അലതല്ലി കടന്ന് പോകുന്നുണ്ട്.
മാതാപിതാക്കളില്ലാതെ , അമ്മയുടെ സഹോദരിയോടൊപ്പം അനാഥരായി വളർന്ന ബേബി, ലില്ലി എന്നീ കുട്ടികളുടെ കഥയാണ് ഒരു കുടയും കുഞ്ഞുപെങ്ങളും.
മറ്റൊരു കഥാപാത്രമായ ധനികയായ ഗ്രേസിയേയും മറക്കാനാവില്ല.
അതുപോലെ ടീച്ചർ പഠിപ്പിച്ച "ഒടുക്കത്തെ ഉറവ" എന്ന പാഠഭാഗവും
മറക്കാനാവില്ല.
ഒറോതചേട്ടത്തി എന്ന കഥാപാത്രവും കുറച്ച് നാട്ടുകാരും നാട്ടിൽ ജലക്ഷാമം രൂപപ്പെട്ടപ്പോൾ ജലസ്രോതസ് തേടി പോകുന്നു.തുടർന്ന് ജലസ്രോതസ്സ് കണ്ട് പിടിക്കുന്നു എന്നാൽ ഒറോതചേട്ടത്തിയെ കാണാതാകുന്നു. കഥ ഇപ്രകാരം അവസാനിക്കുന്നു.
അതുപോലെ മറക്കാനാകാത്ത മറ്റൊരു കഥകൂടിയുണ്ട്. "ആകാശത്തിൽ ഒരുവിടവ് ".
ഒരു ഇല്ലത്തെ വലിയൊരു ആഞ്ഞിലി മരം മുറിക്കുന്നതാണ് കഥയുടെ ഇതിവൃത്തം.
സ്കൂളിൽ സംസ്‌കൃതം പഠിച്ചത് ഞാനിന്നും ഓർക്കുന്നു. അനീഷ് എന്നാണ് അധ്യാപകന്റെ പേര്.
തിരുനെറ്റിയിൽ ഒരു ചന്ദനക്കുറിയും ഉണ്ടാകും.
അദ്ദേഹം സാമൂഹിക ശാസ്ത്രവും പഠിപ്പിച്ചിരുന്നു.
പിന്നെ ഹിന്ദി ക്ലാസ്സാണ്. "ആവോ ആവോ ജൽദി ആവോ..."
എന്ന പാട്ട് മറക്കാൻ കഴിയില്ല.
ചുരുക്കിപറഞ്ഞാൽ ഞാനൊരു നൊസ്റ്റാൾജിയ ജീവിയാണെന്ന് പറയാം. എന്നിൽ നിന്ന് ഇന്നലെകൾ ഒരിക്കലും മരിക്കുന്നില്ല.
കാലത്തെ വീണ്ടുമാസ്വദിക്കാൻ ദൈവം മനുഷ്യന് വേണ്ടി പളുങ്കുപത്രത്തിൽ ഉപ്പിലിട്ടു വെച്ചതാണ് നൊസ്റ്റാൾജിയ.
Comments
Post a Comment
🥰