നീനയും നിമ്മിയും💕
ബേബിച്ചേട്ടൻ രാവിലെ തന്നെ കവലയിലേക്ക് പോവുകയാണ്. കതിരോൻ ഇന്നത്ര ഉത്സാഹത്തിലല്ല. ആകാശമാകെ മൂടിക്കെട്ടി നിൽക്കുകയാണ്.
ബേബിച്ചേട്ടൻ കവലയിലുള്ള ഗോപാലേട്ടന്റെ പീടികയിലെത്തി. എല്ലാവരുടെയും മുഖത്ത് ഒരു മന്ദഹാസം മിന്നിത്തെളിയുന്നത് കാണാനുണ്ടായിരുന്നു.
"നിമ്മിക്ക് റാങ്ക് ഉണ്ട്. " പത്രത്തിൽ കണ്ണോടിച്ചുകൊണ്ടിരുന്ന ദിവാകരൻ ബേബിച്ചേട്ടനോട് പറയുകയുണ്ടായി.
സന്തോഷം കൊണ്ടാവാം ബേബിച്ചേട്ടൻ ദിവാകരന്റെ കൈയിൽ നിന്നും പത്രം തട്ടിമേടിച്ചു. വീട്ടിലേക്ക് ഓടി. വഴിയിൽ കണ്ടവരോടൊക്കെ ഇക്കാര്യം പറയുകയുണ്ടായി.
നിമ്മിക്ക് ഈ വാർത്തയറിയുമ്പോൾ ഒത്തിരി സന്തോഷമാകും അതിനേക്കാളേറെ നീനയ്ക്കും.
നീനയും നിമ്മിയും സഹോദരിമാരാണ്. മാതാപിതാക്കളില്ലാതെ അനാഥരായി വളർന്നവരാണ് ഇരുവരും. നന്നേ ചെറുപ്പത്തിൽ തന്നെ അവരുടെ പിതാവ് ഉപേക്ഷിച്ചു പോയി. പിന്നെ അമ്മയായിരുന്നു അവരുടെ താങ്ങും തണലും. അധികം താമസിയാതെ ദൈവം അവരെയും വിളിച്ചു.
ജീവിതമാകെ ഇരുൾ നിറഞ്ഞപ്പോൾ സ്വാന്തനമായി എത്തിയത് ബേബിച്ചേട്ടനും ഭാര്യ റോസിയുമായിരുന്നു. ഇവർക്കാകട്ടെ കുട്ടികൾ ഇല്ലായിരുന്നു. ദൈവം അവർക്ക് നൽകിയ മക്കളാണ് നീനയും നിമ്മിയും എന്നവർ വിശ്വസിച്ചു.
നീനയ്ക്കും നിമ്മിയ്ക്കും ഇവരുടെ കരുതൽ ഒരാശ്വാസമായി. രണ്ട് പേരും പഠനത്തിൽ കൂടുതൽ മികവ് പുലർത്തിയിരുന്നു. എല്ലാ ദിവസവും രണ്ട് പേരും സായാഹ്നമാകുമ്പോൾ കുറച്ചു ദൂരം നടക്കാനിറങ്ങും. ആത്മീയ കാര്യങ്ങളാവും അപ്പോൾ സംസാരിക്കുക.
രണ്ടാളും ദൈവിക കാര്യങ്ങളിൽ ഭയഭക്തി ബഹുമാനപൂർവം സമീപിച്ചിരുന്നു. നീന പള്ളിക്കൊയറിൽ പാടാൻ ഉണ്ടായിരുന്നു. നിമ്മിയാകട്ടെ ഫിഡലും വായിക്കും. ഹൃദയത്തിലെ മറ്റൊരുകോണിൽ തളംകെട്ടി നിൽക്കുന്ന വേദനകളും ഓർമകളും അല്പനേരത്തേക്കെങ്കിലും മറക്കാൻ ഇത് മതിയായിരുന്നു രണ്ടാൾക്കും.
നീനയ്ക്കൊരു അദ്ധ്യാപികയാവുക എന്നാണ് ആഗ്രഹം. നിമ്മിയ്ക്കാകട്ടെ ഒരു ഡോക്ടറാവുക എന്നും. രണ്ടാളും നടുത്തേരിയിലെ ഈശ്വരവിലാസം സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടി. സഹായത്തിനായി ബേബിച്ചേട്ടനും റോസിയേട്ടത്തിയും ഇടവകവികാരിയും ഉണ്ടാകും.
നീനയാണ് നിമ്മിയേക്കാൾ മുതിർന്ന കുട്ടി. ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കുകയും താൻ ആഗ്രഹിച്ചപോലെ അദ്ധ്യാപകവൃത്തി ചെയ്യാൻ പ്രാപ്തിയാർജിക്കുകയും ചെയ്തു.
നിമ്മിയൊരു ഡോക്ടറായി കാണുകയെന്നത് നീനയുടെ വലിയൊരു സ്വപ്നവും ആഗ്രഹമായിരുന്നു. അതിനായി നിമ്മിയെ സഹായിക്കുകയും പ്രാർത്ഥനാവചസുകളും നീനയിൽ നിന്നുമുണ്ടായിരുന്നു.
ആദ്യത്തെ തവണ നിമ്മിയ്ക്ക് മെഡിക്കൽ എൻട്രൻസ് എഴുതാൻ കഴിഞ്ഞിരുന്നില്ല. ഒരു അപകടത്തിൽ നിമ്മിയുടെ കാലിന് പരുക്ക് പറ്റി. നീനയെ ആ സംഭവം ഒത്തിരി സങ്കടപ്പെടുത്തി.
പതിയെ മുറിവുകൾ ഉണങ്ങാൻ തുടങ്ങി. പഴയ അവസ്ഥയിലേക്ക് നിമ്മി തിരിച്ചുവരാൻ നീനയെന്നും ഈശോയോട് മുട്ടിൻമേൽ പ്രാർത്ഥിക്കുകയും ജപമാല ചൊല്ലുകയും ഉപവാസമനുഷ്ഠിക്കുകയും ചെയ്തിരുന്നു.
മരുന്നുകളുടെ ഫലവും ദൈവത്തിന്റെ അനുഗ്രഹവും നിമ്മിയെ പൂർവാധികം ശക്തിയോടെ തിരികെ ജീവിതത്തിലേക്കെത്തിച്ചു. ഒരു ദിവസം ഇരുവരുരെയും കാണാൻ പള്ളിവികാരി വീട്ടിൽ വരുകയുണ്ടായി.
സഞ്ചരിക്കുന്ന വഴികൾക്ക് കാഠിന്യം കൂടുമ്പോൾ കൈവരിക്കുന്ന നേട്ടങ്ങൾക്ക് ദൃഢത കൂടും.
അച്ഛന്റെ വാക്കുകൾ ഇരുവർക്കും ധൈര്യവും പ്രചോദനവും നൽകി. നിമ്മി വീണ്ടും തന്റെ ലക്ഷ്യത്തിലെത്താൻ വീണ്ടും പരിശ്രമിച്ചു.
അതാ ഇപ്പോൾ വിജയവും കൈവരിച്ചു.
ജീവിതയാത്രയിലെ യാതനകളും വേദനകളും നീനയും നിമ്മിയും മറ്റൊരു ഊർജ്ജമായി മാറ്റി. വിജയിക്കാനുള്ള ഊർജം. തടസ്സങ്ങളെ നേരിടുവാനുള്ള ഊർജം. ഈ സഹോദരിമാർക്ക് ഇനിയും സഞ്ചരിക്കാനുണ്ട്.
ഇരുവരും ജീവിത വഴികളിൽ പതുങ്ങിയിരിക്കുന്ന അപകടങ്ങളെ തരണം ചെയ്യാനവർ പ്രാപ്തിനേടിയിരിക്കുന്നു.
ശുഭാപ്തിവിശ്വാസവും പ്രതീക്ഷയും ക്ഷമയും സത്യസന്ധതയും നീനയുടേയും നിമ്മിയുടേയും ജീവിതവഴിത്താരയിലെ പ്രതിസന്ധികൾ തരണം ചെയ്യുന്നതിന് സഹായിച്ചു.
വിഷമങ്ങൾ വരുമ്പോൾ ക്ഷമയാണ് ധീരത. മറ്റൊരാളുടെ സ്വപ്നം യാഥാർഥ്യമാകാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരാളാണെകിൽ അത്ഭുതങ്ങൾ സംഭവിക്കുന്നത് നമുക്ക് കാണാനാകും.
♥️
ReplyDelete