തുടക്കം💚
ഞാൻ മറ്റേതോ ലോകത്തായിരുന്നു. ആ സ്വപ്നലോകത്ത് നിന്നും ഞാൻ ഞെട്ടിയുണർന്നു.
"എന്താ ഇത്ര ആലോചിക്കാൻ...? "
എനിക്ക് നേരെ ചോദ്യമുണർന്നു.
അത്...
ഓപ്പൺഎയർ ഓഡിറ്റോറിയത്തിലേക്ക് കൈകൾ ചൂണ്ടിക്കൊണ്ട് ഞാൻ പറഞ്ഞു.
"നിങ്ങള് മറന്നോ...? "
"കഴിഞ്ഞ കൊല്ലം ദേ അവരോടൊപ്പം ഡാൻസ് കളിക്കുകയും കൂടെ പാട്ട് പാടുകയും ചെയ്ത ശ്രീറാമേട്ടൻ പുള്ളിക്കാരനെക്കുറിച്ച് ഞാൻ ആലോചിച്ചതാ... ഞാനൊന്ന് സംസാരിച്ചിട്ട് കൂടിയില്ല. "
പെട്ടന്നായിരുന്നു എല്ലാവരുടേയും മുഖത്ത് നിരാശ പടർന്നു കയറിയത്.
"ടാ ശ്രീറാമേട്ടൻ നമ്മളിങ്ങനെ സംസാരിക്കുന്നതൊക്കെ ചിലപ്പോ കേൾക്കുന്നുണ്ടായിരിക്കാം... ചിലപ്പോ ദേ അവിടെ നിൽക്കുന്ന ചേട്ടന്മാരോടൊപ്പം ഉണ്ടായിരിക്കാം... അതുമല്ലെങ്കിൽ മറ്റെവിടെയോയിരുന്ന് ഇതൊക്കെ കണ്ട് സന്തോഷിക്കുന്നുണ്ടായിരിക്കും. "
എല്ലാവരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും നോക്കുകയുണ്ടായി.
മുഴങ്ങി കേൾക്കുന്ന സംഗീതാരാവങ്ങൾ കാതുകളെ അടപ്പിക്കുന്നത് പോലെ തോന്നി.
അദ്ധ്യാപകരൊക്കെ മറ്റൊരു ഭാഗത്തിരുന്നു കൊണ്ട് വർത്തമാനം പറയുന്നുണ്ടായിരുന്നു.
പടിയിറക്കത്തിന്റെ അവസാനനിമിഷം എല്ലാവരും അവിസ്മരണീയമാക്കുകയാണ്. വേദിയിലാകട്ടെ ഓർത്തുവെക്കാനൊരുപിടി ഓർമകൾക്ക് വേണ്ടി ആടിത്തീർക്കുന്ന സൗഹൃദങ്ങൾ.
സിരകളെ അഭിരമിപ്പിക്കുന്ന സംഗീതം പലരെയും നൃത്തച്ചുവടുകൾ വെക്കാൻ ഇടയാക്കി.
അവരിപ്പോൾ സന്തോഷത്തെ ആഘോഷിക്കുവാനും സങ്കടങ്ങളെ കുലീനമായി നേരിടാനും പ്രാപ്തരായിരിക്കുന്നു.
ഒരു നിമിഷത്തെ ഒരുമയുടെ ഓർമയാണല്ലോ സെൽഫികൾ അതും അവിടിവിടെയായി മിന്നിമറയുന്നുണ്ടായിരുന്നു.
ഉള്ളിലെവിടെയോ ആരോ മന്ത്രിക്കുന്നത് പോലെ തോന്നി.
ഈ നേരവും കടന്ന് പോകും.
ഒന്നാലോചിച്ചാൽ ഈ സീനിയേഴ്സിന്റെ ഉള്ളിലെ വിഷമങ്ങളാവാം അവരെക്കൊണ്ടിങ്ങനെ ആടിത്തിമിർക്കാൻ ഇടയാക്കിത്തീർക്കുന്നത്. ഇനിയൊരു അവസരം ഉണ്ടാകില്ലല്ലോ...
കോളേജിന്റെ ഇടനാഴികളിൽ അവരുടെയൊക്കെ ധ്വനി പ്രതിഭലിക്കുന്നുണ്ടായിരുന്നു. ഈ സന്തോഷമൊക്കെ കൺകുളിർക്കെ കണ്ടുകൊണ്ടങ്ങനെ പുഞ്ചിരിക്കുന്നുണ്ടായിരുന്നു മലമുകളിലെ സുന്ദരിയും.
നിമിഷങ്ങൾ കടന്നു പോകുന്തോറും ആഘോഷാരവങ്ങളുടെ വീര്യവും കൂടിവരുകയായിരുന്നു. എല്ലാവരും മതിമറന്ന് പടിയിറക്കത്തിനെ വരവേറ്റു. നിറങ്ങളുടെ ആഘോഷമായ ഹോളിയുടെ പ്രതീതി.
ആകാശനീലിമയിൽ കതിരോൻ നിറച്ചാർത്ത് വിതറാൻ തുടങ്ങിയിരിക്കുന്നു.
എല്ലാം ഇന്നലെ അവസാനിച്ചപോലെ. ആഘോഷത്തിന് കൊടിയിറങ്ങി. പലരും സ്നേഹവായ്‌പോടെ ആശ്ലേഷിക്കുകയും കരയുകയും ചെയ്യുന്നുണ്ടായിരുന്നു.
ഇനി മടക്കയാത്ര. കിളികൾ കൂട് തേടിപ്പോകാൻ തയാറായി.
അങ്ങനെ ലാബും പ്രൊജക്റ്റും വൈവയും അവസാന സെമസ്റ്റർ എക്സാമും കടന്നു പോയി.
പലർക്കും മാർഗ്ഗദീപം തെളിച്ച സരസ്വതിയെ വണങ്ങി ഒരുപിടി നല്ല ഓർമകളുമായി സീനിയേഴ്‌സും പടിയിറങ്ങി.
ഈ അരങ്ങേറിയതൊക്കെ ഒരു മുത്തശ്ശിക്കഥ പോലെ തോന്നുന്നു.
തുടരും...
Comments
Post a Comment
🥰