നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? 🤔
തലക്കെട്ട് പോലെ എന്നെ ഇന്ന് ഏറെ ചിന്തിപ്പിച്ച ചിലകാര്യങ്ങൾ നിങ്ങളോട് പങ്കുവെയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
എന്റെ പ്രിയസുഹൃത്ത് മറിയാമ്മ (ശില്പ )യാണ് എന്നെ ഇങ്ങനെ എഴുതാൻ അല്ലെങ്കിൽ ചിന്തിക്കാൻ ഇടയാക്കിയത്. ഞാൻ ചില ഉദാഹരങ്ങൾ പറയാം.
1) ആൺകുട്ടിയും പെൺകുട്ടിയുമുള്ളൊരു വീട്ടിൽ പൊതുവെ വീട്ട് ജോലികൾ ( മുറ്റമടിക്കുക, അടുക്കള ജോലികൾ ) ആൺകുട്ടികൾ അത്രകണ്ട് ചെയ്യാറില്ല.
ആൺകുട്ടി അവിചാരിതമായി ഇത്തരം ജോലികൾ ചെയ്താൽ അത് ചിലപ്പോൾ ആ കുടുംബത്തിലുള്ളവർക്ക് വലിയൊരു കാര്യമായി തോന്നിയേക്കാം അവനെ പ്രശംസിച്ചെന്നും വരാം. എന്നാൽ ഇതേ ജോലികൾ തന്നെ പെൺകുട്ടി ചെയ്യുമ്പോൾ ഇത്തരത്തിൽ നന്ദി വാക്കുകൾ പറയാറുമില്ല.
2) ഒരു പെൺകുട്ടി അവൾക്ക് ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ചാൽ അത് സംസ്കാരമില്ലായ്മ.
3) ഒരു യുവാവിന് ഒരു പെൺകുട്ടിയെ ഇഷ്ട്ടമാണ്. എന്നാൽ ഇതേ ഇഷ്ട്ടം ആ പെൺകുട്ടിക്ക് ഇല്ലതാനും. എന്നാൽ ഇതേ പെൺകുട്ടി മറ്റൊരു യുവാവിനോട് ഇഷ്ടമാണെന്ന് പറയുകയാണെങ്കിൽ.
" അവള് ശരിയല്ല " ഇങ്ങനെ കമന്റ് പറയുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്. പൊതുവെ ചെറുപ്പക്കാർ.
4) ചെറുപ്പത്തിൽ അതായത് സ്കൂൾ കാലഘട്ടത്തിൽ ഒരു പെൺകുട്ടിക്ക് തന്നെ അറിയാവുന്ന ഒരു വ്യക്തി ബൈക്കിൽ ലിഫ്റ്റ് കൊടുത്താൽ ആ കാലഘട്ടത്തിൽ വലിയ പ്രശ്നമുണ്ടായെന്ന് വരില്ല. എന്നാൽ അതേ പെൺകുട്ടി മുതിർന്ന് കഴിയുമ്പോൾ ആ വ്യക്തി ബൈക്കിൽ ലിഫ്റ്റ് നൽകിയാൽ, ചിലപ്പോൾ കുടുംബമോ നാട്ടുകാരോ അംഗീകരിച്ചുവെന്ന് വരില്ല. ഇവിടെ നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്.
5) അൽപ്പം ശബ്ദമുയർത്തി സംസാരിച്ചാൽ അവൾ (പെൺകുട്ടി )അഹങ്കാരി.
6) ഒരു പെൺകുട്ടിക്ക് ഒരു യുവാവിനെ ഇഷ്ടമാണ്. എന്നാൽ ഈയൊരു റിലേഷൻ വീട്ടുകാർക്ക് അത്രകണ്ട് ദഹിച്ചെന്ന് വരില്ല. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മറ്റൊരു വ്യക്തിയെ വിവാഹം ചെയ്താൽ അവൾക്ക് മറ്റൊരു പേര് സമൂഹം ചാർത്തി നൽകും " തേപ്പ്കാരി ".
7) വനിതയുടെ ഒരു പരസ്യമുണ്ട് ടീവിയിൽ ഇടക്കിടെ കാണിക്കാറുണ്ട് ശ്രദ്ധിച്ചവർക്ക് മനസിലാകും. രാത്രിയിൽ ഒരു ബുള്ളറ്റിൽ ഒരു യുവതി ഡ്രൈവ് ചെയ്ത് പോകുന്നു. ബസ് സ്റ്റോപ്പിൽ നിന്ന ഒരു യുവാവിന് ലിഫ്റ്റ് നൽകുന്നു. ആ പെൺകുട്ടി ആ വ്യക്തിയോട് ചോദിക്കുന്നു. "ഞാനാണ് രാത്രി അവിടെ നിന്നിരുന്നെങ്കിൽ നിങ്ങൾ എന്ത് ചിന്തിച്ചേനെ ? "
അയാളുടെ മറുപടി " സമൂഹം അത് അങ്ങനെയല്ലേ... ".
8) വീട്ട് ജോലികൾ എല്ലാം സ്ത്രീയാണ് ചെയ്യേണ്ടത്. അങ്ങനൊരു ചിന്ത ഇന്നും നിലനിൽക്കുന്നുണ്ട്.
9) പൊതുവെ മിഡിൽ ക്ലാസ്സ് ഫാമിലിയിൽ കണ്ട് വരുന്നതാണ്. ഭാര്യ വീട്ട് കാര്യങ്ങൾ നോക്കുക. ഭർത്താവ് ജോലിക്ക് പോവുക. ഭാര്യ നല്ല വിദ്യാഭ്യാസം നേടിയിട്ടുണ്ടാകാം എന്നാൽ അവർ ആഗ്രഹിക്കുന്ന പോലെ സ്വന്തം കാലിൽ നിന്ന് കൊണ്ട് വരുമാനം നേടുക എന്ന സ്വപ്നം നടന്നെന്നു വരില്ല. എല്ലായെപ്പോഴും ഭർത്താവിനോട് സാമ്പത്തികമായ ആവശ്യങ്ങൾ ഉന്നയിക്കാൻ കഴിഞ്ഞെന്ന് വരില്ല.
10) ഇത്തരത്തിലുള്ള കാര്യങ്ങൾ സ്ത്രീകൾ തുറന്ന് പറഞ്ഞാൽ, അവർ നേരിടുന്ന പ്രശ്നം ചർച്ച ചെയ്താൽ അവിടെ സമൂഹം മറ്റൊരു പേര് നൽകും.
"ഫെമിനിസ്റ്റ് ".
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്ക് നിരവധി റെസ്ട്രിക്ഷൻസ് (നിയന്ത്രണം )ഉണ്ട്.
11) ക്യാമ്പസിൽ ഒരു ഭാഗത്ത് സുഹൃത്തുക്കൾ ഇരിക്കുന്നു. ആൺകുട്ടികളും പെൺകുട്ടികളും. അവരുടെ മുന്നിലൂടെ ഒരു പെൺകുട്ടി പോകുന്നു. അപ്പോൾ ആ കൂട്ടത്തിലെ ഒരാൺകുട്ടി പറയുന്നു. "അവളെ കണ്ടാൽ അറിയാം അവളൊരു അഹങ്കാരിയാണെന്ന് ". അതെങ്ങെ പറയാൻ കഴിയും ആ ഒരു നോട്ടത്തിൽ ആ പെൺകുട്ടി അഹങ്കാരിയാണെന്ന്.
12) ഒരു ആൺകുട്ടിയും പെൺകുട്ടിയും റിലേഷനിലാണ്. ഈ ആൺകുട്ടി തന്റെ മറ്റൊരു പെൺ സുഹൃത്തിനെ കുറേ നേരം ഫോണിൽ വിളിക്കുന്നു. തന്റെ ഗേൾ ഫ്രണ്ടിന് ഇതൊരു തെറ്റായി തോന്നിയെന്ന് വരികയില്ല. എന്നാൽ പെൺകുട്ടി തന്റെ അടുത്ത സുഹൃത്തായ ആൺകുട്ടിയെ വിളിക്കുകയാണെങ്കിൽ. തന്റെ ബോയ് ഫ്രണ്ടിന് ഇത് അത്ര ദഹിച്ചെന്ന് വരികയില്ല. ഒരാൺകുട്ടിക്കാവാം എന്ത് കൊണ്ട് പെൺകുട്ടിക്കായ്ക്കൂടാ... കോംപ്ലക്സ് അത്ര തന്നെ. അവിടെ ചിലപ്പോൾ സംശയ രോഗവും ഉടലെടുക്കുന്നു.
ഇന്നും നമ്മുടെ സമൂഹം പണ്ട് മുതൽക്കേ തുടരുന്ന, തുടർന്ന് പോകുന്ന ചില ഐഡിയോളജിസ് ഉണ്ട് അതിന് വലിയ മാറ്റമൊന്നുമില്ല.
ശരിക്കും നമ്മുടെ കാഴ്ചയല്ല കാഴ്ചപ്പാടാണ് മാറ്റേണ്ടത്. സ്ത്രീകളെ ബഹുമാനിക്കുക. സമൂഹത്തിൽ അവരും വിലകല്പിക്കപ്പെടുന്നുണ്ട്.
ഈ എഴുത്ത് എല്ലാവരും ഉൾക്കൊണ്ടുവെന്ന് വരില്ല. എന്നിരുന്നാലും എന്നെ ചിന്തിപ്പിച്ച ചില കാര്യങ്ങൾ ആണ് ഞാൻ മുകളിൽ പറഞ്ഞത്.
ഇത്രയും കുലീനമായി എന്നെ എഴുതാൻ ഇടയാക്കിയതിന് ; മറിയാമ്മ നിനക്ക് ഒരുപാട് നന്ദി.
Comments
Post a Comment
🥰