ഞാനൊരു കാര്യം പറഞ്ഞാൽ നീയെന്നെ കളിയാക്കുവോ... ? " ബൊമ്മിക്കുട്ടി സ്നേഹവായ്പോടെ ചോദിച്ചു.
"ഏയ് പറ "
" കൂറേ ടാ ഞാനൊരു സ്വപ്നം കണ്ടു. "
"ഞാനും സ്വപ്നം കണ്ടിരുന്നല്ലോ ഇനി അതാണോ... ? " ഞാൻ ചെറുതായൊന്ന് മന്ത്രിച്ചു.
"ടാ കൂറേ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ... പൊട്ടാ... "
"ആഹ് പറയ് ".
"നമ്മുടെ വിവാഹം കഴിഞ്ഞു. "
"ആഹാ... കൊള്ളാലോ... എന്നിട്ട് ".
"എന്നിട്ട് കുന്തം. ഞാൻ പറയുന്നില്ല. "
"ഏയ് അപ്പഴേക്കും പറ ബൊമ്മി. നീ പറഞ്ഞു തീർക്കാതെ ഞാനിനി മിണ്ടില്ല പോരെ. "
"മം മിടുക്കൻ ".
എനിക്ക് എന്റെ ബൊമ്മിക്കുട്ടിയുമായി ഒന്ന് പിണങ്ങേണ്ടി വന്നു. എന്നോട് ഒന്ന് മിണ്ടുന്നുകൂടിയില്ല. എന്റെ അമ്മയോടും പെങ്ങളോടും അപ്പനോടും കാണിക്കുന്ന സ്നേഹം കാണുമ്പോൾ ഞാനും കൊതിച്ച് പോവുകയാണ്. അതിൽ നിന്ന് ഒരംശമെങ്കിലും എനിക്ക് കിട്ടിയിരുന്നെങ്കിൽ. പാവം ഞാൻ.
എന്റെ സ്നേഹത്തിന് ഒരു കുറവുമില്ല. അവളുടെ ദേഷ്യത്തിനും. അങ്ങനെ ഒരു ദിവസം. ഞാൻ റൂമിലേക്ക് കയറിയതും അവൾ ഇറങ്ങിയതും ഒന്നിച്ചായിരുന്നു. ഞങ്ങൾ കൂട്ടിമുട്ടി. എന്റെ മേലിൽ തട്ടി വീഴാൻ പോയ അവളെ ഞാൻ പെട്ടന്ന് പിടിച്ച് എന്നോട് ചേർത്തു.
ഞാൻ അവളുടെ കണ്ണിലേക്ക് തന്നെ നോക്കി. അവൾ എന്റെയും.
"നിങ്ങൾക്കെന്താ കണ്ണ് കാണില്ലേ " എന്നും പറഞ്ഞ് അവൾ ദേഷ്യത്തോടെ എന്റെ പിടിയിൽ നിന്നും മാറാൻ നോക്കി.
പക്ഷേ ഞാനവളെ വിട്ടില്ല.
ഞാനവളെ ചുവരിനോട് ചേർത്ത് നിർത്തി.
" കൂറേ എന്നെ വിട് എനിക്ക് പോണം "
"ഇല്ല " ഞാനവളെ തന്നെ നോക്കിക്കൊണ്ട് പറഞ്ഞു. അവൾ ദേഷ്യത്തോടെ എന്നെ നോക്കി. "ഒരുമ്മ കൊടുത്താലോ... ? വേണ്ട എന്റെ കവിളത്ത് വല്ലതും കിട്ടാൻ ചാൻസുണ്ട്. " ഞാൻ മനസ്സിൽ പറഞ്ഞു.
"കൂറേ എന്നെയൊന്ന് വിട് " അവൾ ദയനീയമായി പറഞ്ഞു. ഞാൻ പിടിവിട്ടു.
തെറ്റ് പറ്റിയോ ? ഒന്നിന് പുറകെ ഞാൻ ഓരോന്ന് വരുത്തി വെയ്ക്കുകയാണല്ലോ... ? എന്നിൽ എന്തെന്നല്ലാത്തൊരു കുറ്റബോധം ഉടലെടുത്തു.
എനിക്കവളുടെ ശരീരം കീഴ്പ്പെടുത്തുവാൻ പറ്റുമായിരിക്കും, പക്ഷേ ഒരിക്കലും അവളുടെ മനസ്സ് എന്നെ സ്നേഹിച്ചെന്ന് വരില്ല. ചിലപ്പോൾ അവളെന്നെ വെറുക്കുമായിരിക്കും. ഞാനെന്താ ഈ ചിന്തിക്കുന്നത്. വേണ്ടാത്തതൊന്നും ചിന്തിക്കേണ്ട. അന്ന് രാത്രി ടെറസിന് മുകളിൽ ഞാൻ ഒറ്റക്കിരിക്കുകയായിരുന്നു.
അപ്പോഴാണ് എന്റെ ബൊമ്മിക്കുട്ടി അവിടേക്ക് വന്നത്.
"കൂറേ പിണങ്ങിയോ... ? " അവൾ സ്നേഹവായ്പോടെ ചോദിച്ചു.
ഞാൻ മറുപടി നൽകാതെ ദൂരേക്ക് നോക്കിയിരുന്നു.
" എന്റെ കൂറേ ഇങ്ങോട്ട് നോക്ക്. എന്താ ഇത്... എന്നോട് മിണ്ടീലേൽ ഞാൻ പിന്നെ മിണ്ടൂല. "
ഞാൻ മറുപടി കൊടുത്തില്ല. "ഞാൻ പോകുവാ... കൂറേ മിണ്ടൂല ".
"ദേ പോണ്. " ഞാൻ ചാടിയെഴുന്നേറ്റു.
"എന്താ മോനെ... ഹും ". ഞാനൊന്ന് പുഞ്ചിരിച്ചു.
ഞാൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു. അവൾ പുറകോട്ട് നീങ്ങി. ചുവരിൽ തട്ടി നിന്നു. ഞാൻ അവളോട് ചേർന്ന് നിന്നു. അവളുടെ ശ്വാസത്തിന് വേഗത കൂടി.
"എന്താ നിന്റെ ഹൃദയമിടിപ്പ് ഒക്കെ കൂടിയേ... ? " അവൾ എന്നെയൊന്ന് നോക്കി. അവളുടെ മുഖം ചുവന്ന് തുടുത്തു.
അവൾ എന്റെ നെഞ്ചിൽ ശക്തിയായി ഒരിടി തന്ന് എന്നെ തള്ളിമാറ്റി മുന്നോട്ട് നടന്നു. "കൂറേ ഞാൻ പോവാ... ". അവൾ എന്നെ നോക്കി ചിരിച്ച് താഴേക്ക് ഇറങ്ങിപ്പോയി.
"കൂറേ ഇത്രേയുള്ളൂ... " ബൊമ്മിക്കുട്ടി സന്ദേഹത്തോടെ പറഞ്ഞു. "ടാ കൂറേ നീയുറങ്ങിയോ... ? "
"ബാക്കി... "
"ഇത്രേയുള്ളൂ... " ഒരോന്ന് സംസാരിച്ച് ഞാൻ ടെറസിൽ തന്നെ കിടന്നുറങ്ങി.
രാവിലെയായപ്പോൾ എസ്തർ കാപ്പിയുമായി വന്നു. "ഇച്ചായാ രാഹുലേട്ടൻ വന്നിരുന്നു. തിരക്കിയെന്ന് പറയാൻ പറഞ്ഞു. നാളെ പുള്ളിക്കാരൻ ദുബായ്ക്ക് പോകും. ഒന്ന് കാണാൻ പറ്റുവോന്ന് ചോദിച്ചു. "
എസ്തർ താഴേക്ക് പോയി. അപ്പോഴാണ് എന്റെ ബൊമ്മി വിളിച്ചത്.
"കൂറേ എഴുന്നേറ്റോ... ? "
"ആഹ് "
"എന്താ ഒരുഷാറില്ലാത്ത പോലെ എന്ത് പറ്റി. ".
"ഏയ് ഒന്നൂല്ല ".
"കൂറേ നീ കള്ളം പറയണ്ട. എന്തോ ഉണ്ട്. കാര്യം പറയ്. ".
"രാഹുല് രാവിലെ വന്നിരുന്നു. അവൻ നാളെ ദുബായ്ക്ക് പോകും. ഒന്ന് കാണാൻ പറ്റുവോന്ന് ചോദിച്ചു. "
"അതിനിപ്പെന്താ... ? " ആകാംഷയോടെ അവൾ ചോദിച്ചു.
"ഞങ്ങൾ പണ്ടൊന്ന് ഉരസിയതാ... പിന്നെ മിണ്ടിയിട്ടില്ല ".
"അത് പണ്ടല്ലേ കൂറേ. അവന് നിന്നോട് സ്നേഹം ഉള്ളതോണ്ടല്ലേ വീട്ടിൽ വന്ന് നിന്നെ തിരക്കിയതും കാണാൻ പറ്റുവോന്ന് ചോദിച്ചതും ".
"അത് എനിക്ക് വയ്യ. ഞാനെങ്ങനാ അവന്റെ മുഖത്ത് നോക്കുവാ... ? "
"കണ്ണ് കൊണ്ട്. കൂറേ നിന്റെ അഭിമാനം സമ്മതിക്കുന്നില്ല അതല്ലേ സത്യം. സ്നേഹത്തോടെ സംസാരിച്ചാൽ തീരാത്ത ഒരു പ്രശ്നവുമില്ല. "
"മം "
"കൂറേ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ... ? എന്റെ ബൊമ്മിക്കുട്ടി എനിക്കൊരു ക്ലാസ്സ് തന്നെ എടുത്ത് തന്നു.
"ടാ കൂറേ... കാണുന്ന നമ്മുടെ കാഴ്ചപ്പാടാണ് ഒരാളെ തെറ്റുകാരനാക്കുന്നതും തെറ്റുകാരനല്ലാതാക്കുന്നതും. അവന്റെ മാനസികാവസ്ഥ മനസ്സിലാക്കാൻ നീ ശ്രമിച്ചോ... ?
കൂറേ... പലരുടെയും വാക്കുകൾ കേട്ട് നഷ്ടപ്പെടുത്തിയ സ്നേഹത്തിന്റെ വില പിന്നീടാവും നമുക്ക് മനസിലാവുന്നത്.
ഒരാളെ കുറ്റപ്പെടുത്തുമ്പോൾ അവനെ തെറ്റുകാരനാക്കിയ സാഹചര്യം അത് നമ്മളോർക്കാറില്ല.
അല്ലെങ്കിൽ അവന്റെ കുറ്റബോധം അത് നമ്മൾ കാണാറില്ല. ഒരു നിമിഷത്തിൽ പറ്റിപ്പോയ തെറ്റിന്റെ പേരിലോ തെറ്റിദ്ധാരണയുടെ പേരിലോ നമ്മളീ സ്നേഹിക്കുന്നൊരാളിനെ നഷ്ട്ടപ്പെടുത്തിയാൽ അതായിരിക്കും നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം. അതാവും തിരുത്താനാവാത്ത തെറ്റ്. തെറ്റ് പറ്റും അത് മാനുഷികമാണ്. പക്ഷേ തെറ്റ് ക്ഷമിക്കുന്നതാണ് ദൈവികം. "
" നീയിന്നലെ അച്ഛന്റെ പ്രസംഗം വല്ലതും കേട്ടോ... "
"കൂറേ നീ നന്നാവില്ല. " അവൾ ദേഷ്യത്തോടെ പറഞ്ഞു.
"ഏയ് ബൊമ്മി ചുമ്മാ പറഞ്ഞതാ... ഞാൻ അവനെ കാണാൻ പോകാം. "
"കൂറേ നല്ല മനസ്സോടെ അവനെ കാണാൻ പോകണം കേട്ടോ... "
ഈ പെണ്ണുങ്ങളുടെ മനസ്സിൽ എന്താനുള്ളതെന്ന് നമുക്ക് ആണുങ്ങൾക്ക് മനസ്സിലാക്കാനേ കഴിയില്ല.
ദൈവം ചിലർക്ക് പണം കൊടുക്കും അധികാരവും കൊടുക്കും. എന്നാൽ ദൈവത്തിന്റെ ഹൃദയം അത് ചിലർക്കേ കൊടുക്കുകയുള്ളൂ... അതെന്റെ ബൊമ്മിക്കുട്ടിയുടെ ഉള്ളിലുണ്ട്. എനിക്കതറിയാം. അകലെയാണെങ്കിലും ഒരുവിളിപ്പാടകലെ ഞാനത് അറിയുന്നുണ്ട്.
"കൂറേ ടാ ഉമ്മ താടാ... "
തുടരും...
Comments
Post a Comment
🥰