ചിന്തിക്കണം🖤
എം .ടിയുടെ മഞ്ഞ് എന്ന നോവലിൽ മരണത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.
"മരണം രംഗബോധമില്ലാത്ത കോമാളി ".
ഞാൻ ഇതിവിടെ പറയാൻ കാരണമുണ്ട്. കുറച്ച് മുന്നേ അപ്പൻ എന്നോട് പറഞ്ഞൊരു കാര്യമാണ്.
"ടാ നീയറിഞ്ഞോ ദേ ഇല്ല പയ്യൻ മരിച്ചു. "
ഞാൻ അപ്പനോട് ചോദിച്ചു. ആരാണ് പേര് പറ. അപ്പൻ വിശദമാക്കി തന്നു.
ഞാൻ രാവിലെ കോളേജിലേക്ക് നടന്ന് പോകുമ്പോഴും വൈകുന്നേരം നടന്ന് വരുമ്പോഴും ഒരു ചേട്ടനെക്കാണും. ആ ചേട്ടന്റെ കാര്യമാണ് അപ്പനെന്നോട് പറഞ്ഞത്. ശ്യാം എന്നാണ് ആ ചേട്ടന്റെ പേര്. കാണുമ്പോഴൊക്കെ ചിരിക്കാറുണ്ട്. ഞാൻ ആ ചേട്ടനോട് അധികമങ്ങനെ സംസാരിച്ചിട്ടില്ല.
അപ്പൻ എന്നോട് പറഞ്ഞപ്പോൾ അതുൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞില്ല. ചേട്ടന് ന്യുമോണിയ ആയിരുന്നു. ഈ മനുഷ്യന്റെ കാര്യമൊക്കെ ഇത്രയേയുള്ളൂ.
നമ്മളൊക്കെ നമ്മുടെ പ്രിയപ്പെട്ടവരോട് വ്യാജമായ ആത്മാഭിമാനത്തിന്റെ പേരിൽ ചിലപ്പോൾ മിണ്ടിയെന്ന് വരില്ല. "അവനല്ലേ എന്നോട് മിണ്ടാത്തെ അവൻ വന്ന് മിണ്ടട്ടെ ".
നമ്മൾ അവന്റെ മുന്നിൽ അല്ലങ്കിൽ അവളുടെ മുന്നിൽ ചെറുതായിപ്പോകും എന്നൊരു ചിന്ത.
ചിലപ്പോൾ അപ്രതീക്ഷിതമായിരിക്കും നമ്മുടെ പ്രിയപ്പെട്ടവർ നമ്മെ വിട്ട് പോകുന്നത്. അപ്പോൾ കുറ്റബോധവും നിരാശയും ഉണ്ടാകും. ജീവിച്ചിരുന്നപ്പോൾ കാണിക്കേണ്ട സ്നേഹം മരിച്ചിട്ട് കാണിക്കുമ്പോൾ എന്താണ് നമ്മൾ നേടിയത്... ?
നമുക്ക് ചുറ്റും എത്രയോ മനുഷ്യരിങ്ങനെയുണ്ട്. നാളെ ഒരുനാൾ പലരും നമ്മളെ വിട്ട് പോകും. അന്ന് കരഞ്ഞിട്ടോ... ശവകുടീരത്തിന് മുകളിൽ പൂക്കൾ കൊണ്ട് വന്ന് വെച്ചിട്ടോ, മെഴുകുതിരി കത്തിച്ചിട്ടോ ഒരു കാര്യവുമില്ല.
മരിച്ചു കഴിഞ്ഞാൽ നമുക്ക് ഒരു പേര് ഉണ്ടായിരിക്കില്ല. "ബോഡി "
എന്നാവും വിളിക്കുക. " ബോഡി എടുക്കാറായില്ലേ... " എന്നൊക്ക മരണവീടുകളിൽ നമ്മൾ കേട്ടിട്ടുണ്ടല്ലോ...
ജീവനോടെ ഉള്ള സമയം ഒരല്പം സ്നേഹമാകാം തെറ്റ് ചെയ്തവരോട്, പറ്റിച്ചവരോട്, നിങ്ങളെ വേദനിപ്പിച്ചവരോട്.
ഇന്നത്തെ ഈ ലോകത്ത് മനുഷ്യരൊക്കെ അഹന്തതയുടെ വലയിൽ അകപ്പെട്ടവരാണ്. വല്ല്യ പൊങ്ങച്ചത്തോടെ നമ്മൾ മറ്റുള്ളവരോട് പറയും. വലിയ വീടുണ്ട്, കാറുണ്ട്, നല്ല വിദ്യാഭ്യാസമുണ്ട്, പണമുണ്ട്.
എന്നാൽ " ടാ എനിക്ക് നല്ല മനസ്സുണ്ട് " എന്ന് നമ്മൾ പറയാറുണ്ടോ... ? ഇല്ല. ഉണ്ടെങ്കിലും ഈ ലോകത്ത് അത് ആരും തന്നെ അംഗീകരിക്കാനും ഇല്ലതാനും.
ഓരോന്ന് വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിനിടയിൽ നമ്മൾ പ്രിയപ്പെട്ടവരെ സ്നേഹിക്കാൻ കൂടി സമയം കണ്ടെത്താറില്ല.
ജീവിതം രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടു പെടുന്നതിനിടയിൽ ഇതിനൊക്കെ എവിടെയാ നേരം. ?
അല്ലേലും ഈ ഓടുന്നതൊക്കെ നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടിയാണല്ലോ... ?
സമയം കിട്ടുമ്പോഴൊക്കെ അപ്പനോടും അമ്മയോടും സഹോദരങ്ങളോടും സുഹൃത്തുക്കളോടും സംസാരിക്കാനൊക്കെ ഒന്ന് സമയം കണ്ടെത്തണം. മനസ്സ് തുറന്ന് ചിരിക്കണം സംസാരിക്കണം അതൊക്കെയല്ലേ ഹാപ്പിനസ്സ്.
ഒരു ഉദാഹരണം പറയാം, മകൻ ഫോണിൽ ഗെയിം കളിക്കുന്നു. അമ്മ അവനോട് വന്ന് പറയുന്നു "ടാ ചോറ് കഴിക്കാൻ വാ ".
"അമ്മേ പിന്നെ വരാം ഇതൊന്ന് കഴിയട്ടെ ".അമ്മ സ്നേഹത്തോടെ പറയുമ്പോൾ അവനവിടെ ഗെയിം കളി. ഒരു നാൾ അങ്ങനെ അവനോട് പറയാൻ ആ അമ്മ ഇല്ലെങ്കിൽ ഒന്ന് ചിന്തിച്ച് നോക്കൂ.
വാട്സ്ആപ്പിലും ഇൻസ്റ്റയിലും ഫേസ്ബുക്കിലും തോണ്ടുന്ന സമയത്ത് പ്രിയപ്പെട്ടവരോട് സംസാരിക്കാം അവരുടെ വിഷമങ്ങൾ കേൾക്കാം, സ്വാന്തനിപ്പിക്കാം അത് വലിയൊരു നന്മയാണ്.
നിങ്ങൾക്ക് എന്നോട് ചോദിക്കാം ഈ എഴുതുന്നതൊക്കെ നീ പാലിക്കാറുണ്ടോ... ? എന്ന്.
ഞാൻ ശ്രമിക്കാറുണ്ട്. ശരിക്കും ഞാൻ ഇത് എനിക്ക് വേണ്ടി തന്നെയാണ് എഴുതുന്നത്. നിങ്ങളത് ഉൾക്കൊള്ളുന്നു, മനസിലാക്കുന്നു എന്നത് എനിക്ക് കിട്ടുന്നൊരു വലിയൊരു ബോണസ്സാണ്.
ഞാൻ അവസാനിപ്പിക്കുകയാണ്. ചെറിയ ഇടവേളകളിൽ ഇക്കാര്യങ്ങൾ ഒന്ന് ചിന്തിക്കണം.
സ്നേഹത്തോടെ....
Comments
Post a Comment
🥰