കാതര 🌹
ഉറക്കച്ചടവോടെ കട്ടിലിൽ നിന്നും എഴുന്നേറ്റ ഞാൻ കൈകൾ മുകളിലേക്കുയർത്തി നൂരിയിട്ടുകൊണ്ട് ഉമ്മറത്തേക്ക് നടന്നു.
പൂമുഖത്തെ ചാരുകസേരയിൽ അമർന്നിരുന്ന് കൊണ്ട് മുറ്റത്തെ ഇളം വെയിലിലേക്കൊന്ന് കണ്ണോടിച്ചു.
അടുക്കളയിൽ നിന്നും ആവിപാറുന്ന ചൂട് കാപ്പിയുമായി അമ്മ അടുത്തേക്ക് വന്നു. മറുപടിയൊന്നും പറയാതെ കാപ്പി വാങ്ങി മേശപ്പുറത്തേക്ക് വെച്ചു. മനസ്സ് വല്ലാതെ അസ്വസ്ഥമാണ്. എങ്ങനെ അസ്വസ്ഥതമാകതിരിക്കും ; ഇനി രണ്ട് ദിവസം കൂടിയുണ്ട് അതിനുള്ളിൽ പൂർത്തിയാക്കണം.
രണ്ട് വർഷത്തോളമായി ഒരു പ്രമുഖ വാരികയ്ക്കുവേണ്ടി എഴുതാൻ തുടങ്ങിയിട്ട്. കാര്യമായി സമ്പാദിക്കാനൊന്നും കഴിഞ്ഞില്ലെങ്കിലും വാർദ്ധക്യത്തിൽ അയവിറക്കാൻ ഒരുപിടി ഓർമ്മകളുണ്ട്. അക്ഷരങ്ങളെയും പുസ്തകങ്ങളെയും സ്നേഹിച്ചത് കൊണ്ട് തന്നെയാണ് ഞാൻ എഴുത്തിനെ ഉപജീവനമാർഗമായി തിരഞ്ഞെടുത്തതും. എന്നാൽ ഒരു ദിവസം പോലും എനിക്ക് അധ്വാനിക്കേണ്ടി വന്നിട്ടുമില്ല.
'ടാ ചെറുക്കാ... തണുത്ത് പോകും മുന്നെയാ കാപ്പിയെടുത്ത് കുടിക്ക് '. അമ്മ ആരാഞ്ഞു.
ഗ്ലാസിൽ നിന്നും ഇറ്റു വീഴുന്ന ബാഷ്പം ഒരു കുഞ്ഞാരുവിപോലെ ഒഴുകാൻ തുടങ്ങിയിട്ട് നേരമേറെയായി.
കൈകൾ മെല്ലെ മേശപ്പുറത്തേക്ക് നീണ്ടു. കാപ്പിയെടുത്ത് ഒറ്റവലിക്ക് കുടിച്ചു. അമ്മയും അപ്പനും പള്ളിയിൽ പോകാൻ തിരക്ക് കൂട്ടുകയാണ്. 'എടാ... നീയിന്നെങ്കിലും പള്ളിയിലേക്ക് വരുമോ? വിക്ടറച്ചൻ കഴിഞ്ഞാഴ്ചയും നിന്നെ തിരക്കി '.
'മം '. എന്ന് മൂളിക്കൊണ്ട് അമ്മയുടെ ചോദ്യത്തിന് ഞാൻ തിരശീലയിട്ടു. അപ്പൻ എന്നെയൊന്ന് തുറിച്ചു നോക്കി.
'നിനക്ക് കഴിക്കാനുള്ളത് അടുക്കളയിൽ പിഞ്ഞാണപാത്രം കൊണ്ട് മൂടി വെച്ചിട്ടുണ്ട്. അപ്പുറത്തെ ഗ്രേസിയുടെ പൂച്ച അകത്ത് കയറാതെ നോക്കണം'. അമ്മയെന്നെ ഓർമ്മപ്പെടുത്തി. ചെമ്മൺ പാതയിലൂടെ നടന്നു നീങ്ങുന്ന അപ്പനെയും അമ്മയെയും ഞാനങ്ങനെ നോക്കി നിന്നു. അപ്പൻ വേഗത്തിൽ നടക്കുകയാണ്. അപ്പനൊപ്പമെത്താൻ വേഗത്തിൽ തന്നെ അമ്മയും നടക്കുന്നുണ്ട്.
അവർ പതിയെ അപ്രത്യക്ഷമാകാൻ തുടങ്ങിയിരിക്കുന്നു.
ഭക്ഷണം കഴിച്ചുവെന്ന് ഉറപ്പുവരുത്തിയെന്നല്ലാതെ ആസ്വാദ്യകരമാക്കാൻ എനിക്കായില്ല. അടുക്കള വാതിലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ അവൻ മതിലിൻ മുകളിലൂടെ ഉലാത്തുന്നുണ്ടായിരുന്നു. മ്യാവു.
എന്റെ ശ്രദ്ധയെ തിരിച്ചുകൊണ്ടായിരുന്നു ആ ശബ്ദം. ഞാൻ മുറിയിലേക്കോടി. വാരികയിൽ നിന്നാവും. ഫോൺ എടുത്തപാടെ കോൾ കട്ടായി. തിരികെ വിളിക്കാൻ മുതിർന്നില്ല. ഫോൺ സ്വിച്ചിഡ് ഓഫ് ചെയ്തു. ഈ അവസാന വേളയിൽ എന്താണ് എഴുതേണ്ടത്? ഇത്തരമൊരു സന്ദർഭം ഇതാദ്യമായാണ്. ഒരു കുട്ടിയെപ്പോലെ നിസ്സഹായനായി മുറിയിൽ അങ്ങോട്ട് മിങ്ങോട്ട് നടക്കുകയെന്നല്ലാതെ എന്ത് ചെയ്യാനാണ്? ചോദ്യങ്ങൾ ശരം പോലെ എന്നിൽ തറയ്ക്കാൻ തുടങ്ങി. ചിന്തകളുടെ വലിയൊരു കുത്തൊഴുക്ക് എന്നെ കറുത്ത ഭൂമികയിലെത്തിച്ചു.
കൈകൾ മേശവലിപ്പിലൂടെയൊന്ന് പരതി. പുക കഷങ്ങൾ ഒന്നും തന്നെയില്ല. എഴുതാൻ തുടങ്ങിയതിന് ശേഷം പുകവലി പാടെ ഉപേക്ഷിച്ചതാണ്. ഇന്നിപ്പോൾ എന്റെ ശക്തി നഷ്ടപ്പെടുന്നത് പോലെ. എങ്ങുമൊടുങ്ങാത്ത ജീവിതാസക്തികളിൽ ഒന്നുമാത്രമായിരുന്നു ഇത്. ഇവനെ കൂടുതലറിയാൻ ശ്രമിച്ചപ്പോൾ ഞാനവിടെ കണ്ടത് അവന്റെ മറ്റൊരു പൊയ്മുഖമായിരുന്നു. എന്റെ വഴികളും തെറ്റിയിരുന്നു. ഞാൻ എന്നെ വിശ്വസിച്ചു. യഥാർത്ഥത്തിൽ നമ്മുടെ വിശ്വാസമാണ് ശീലങ്ങളിൽ നിന്നും സ്വതന്ത്രമാകുവാനുള്ള വഴി.
പതിയെ അലമാരയുടെ അടുത്തേക്ക് നീങ്ങി. കണ്ണാടിയിൽ ഞാൻ എന്നോട് തന്നെ സംവദിച്ചു. ആത്മാവിന്റെ അതിശക്തിയായ ഒരു പ്രതിഫലനം എന്നെ പുൽകി.
തുടരും...
Comments
Post a Comment
🥰