ജീവനുള്ള ജഡം ⚰️
ഒരു പ്രേതക്കൊമ്പിലേക്കാണ് എന്റെ യാത്ര. നെടിലാൻ പനംപട്ടയുടെ മുകളിലിരുന്ന് കൊണ്ട് ഉറക്കെ കരയുന്നുണ്ട് . ഇരുട്ടിന് മുകളിൽ ചുവപ്പ് പടരാൻ തുടങ്ങിയിരിക്കുന്നു. പറമ്പിൽ എന്തോ വീഴുന്ന ശബ്ദം. പാള പഴുത്തുടർന്ന് വീണതാണ്.
മുറിയിലാകെ ഇരുട്ട് പടർന്നു കയറാൻ തുടങ്ങിയിരിക്കുന്നു എന്റെയുള്ളിലും. ഞാൻ പതിയെ ജനലരികിലേക്ക് നീങ്ങി. കൈകൾ നീട്ടി ജന്നൽ പാളി തള്ളിത്തുറന്നു.
പനയോലകളെ വകഞ്ഞുമാറ്റി ഒഴുകിയെത്തിയ കിഴക്കൻ കാറ്റിന്റെ ശീതള സ്പർശം. ഞാൻ അല്പനേരം പുറത്തേക്ക് നോക്കി നിന്നു. മനസ്സ് കുഴഞ്ഞു മറിയാൻ തുടങ്ങി. എത്രയോ തവണ ചിന്തിച്ചെടുത്ത തീരുമാനമാണ്. പിന്നെയെന്താണ് ഇപ്പോഴൊരു മനം മാറ്റം. ഇല്ല... മനസ്സ് പതറാൻ പാടില്ല.
പെട്ടെന്ന് മേശവിരി തുറന്ന് കടലാസെടുത്തു.
എന്താണ് എഴുതേണ്ടത് ?.
വേദനയിൽ നിന്നും മരണത്തിൽ നിന്നും എന്നെ രക്ഷിക്കാൻ നിനക്ക് കഴിയില്ലേ...?
ചുമരിലെ പൊടിപിടിച്ച ഛായാപടത്തിലേക്ക് നിസ്സഹായതയോടെ ഞാൻ നോക്കി. വശ്യത നിറഞ്ഞ പുഞ്ചിരി അതായിരുന്നു അവളുടെ മറുപടി. സമയം കടന്ന് പോയത് ഞാനറിഞ്ഞിരുന്നില്ല. ശരീരം നന്നേ നിദ്രപൂണ്ട ഏതോ വേളയിലാണ് ഞാനാ ദേഹം വിട്ടിറങ്ങിയത്. വേദനിപ്പിച്ചില്ല, ഇരുപത് വർഷക്കാലം പാർക്കുവാനിടം നൽകിയ ശരീരത്തോടുള്ള അതിയായ കടപ്പാട്.
ഇതൊന്നുമറിയാതെ ഒരു ചുമരിനപ്പുറമുള്ളവർ നിദ്രയുടെ ആലസ്യത്തിലാണ്.
പുലർച്ചെ കട്ടനുമായി മുറിയിലേക്ക് വന്ന അമ്മ അലറി വിളിച്ചുകൊണ്ട് പുറത്തേക്കോടി. പിന്നെ ആള് കൂടിക്കൊണ്ടിരുന്നതാണ് ഞാനവിടെ കണ്ടത്. എനിക്ക് സുപരിചിതമല്ലാത്ത മുഖങ്ങളും ഞാനവിടെ കണ്ടു. റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഒരു കറുത്ത കൊടി നാട്ടിയിരിക്കുന്നു. ആരൊക്കെയോ കവലയിലും ചുമരുകളിലും എന്നെ പതിപ്പിക്കാൻ ശ്രമിക്കുന്നു.
ഒരു കട്ടിലിൻ മുകളിൽ കിടത്തിയിരുന്ന എനിക്ക് ചുറ്റുമിരുന്ന് കൊണ്ട് കരയുന്ന പ്രിയപ്പെട്ടവർ. കൂടെപ്പിറന്നവൻ സങ്കടം കടിച്ചമർത്താൻ ശ്രമിച്ചെങ്കിലും വിതുമ്പി.
ഞാൻ അവിടെയൊക്കെ തിരഞ്ഞത് അപ്പനെയാണ്. വീടിന് പുറത്ത് അധികമാർക്കും ശ്രദ്ധകൊടുക്കാതെ എല്ലാം ഉള്ളിലൊതുക്കി വിതുമ്പുകയായിരുന്നു അപ്പൻ. മിഴികളിൽ നിന്നും അടർന്ന് വീണ നനുത്ത കണങ്ങൾ ഒത്തുചേർന്ന് മഴയായി. നരപടർന്ന കൺപീലികൾ ആഹ്ലാദപൂർവ്വം അതിനെ ആശ്ലേഷിച്ചു.
കരയരുതേയെന്ന് തെല്ലോന്ന് ആശ്വസിപ്പിക്കാൻ ഞാൻ മുതിർന്നു. പക്ഷേ എന്നെ ആര് കേൾക്കാനാണ്. വായുവിലിങ്ങനെ ഒഴുകി നടക്കുന്ന കാര്യം ഞാൻ വിസ്മരിച്ചു. ബോഡിയെടുക്കാറായില്ലേ... ? പള്ളിമേടയിൽ നിന്നും അന്വേഷണമെത്തി. അധികം താമസിയാതെ തന്നെ എന്റെ ശവമഞ്ചവുമായി പള്ളി സെമിത്തേരിയിലേക്ക് യാത്രയായി. പശ്ചാത്തല സംഗീതമെന്നോണം കണ്ണാക്ക് പാട്ടും.
കുഴിയിലേക്ക് ഇറക്കുന്നതിന് മുന്നേ അമ്മയും അപ്പനും നെറുകയിൽ ചുംബനം നൽകി മുറിവേൽപ്പിച്ചു. ഞാൻ നിത്യജീവങ്കലേക്ക്...
എന്നോടൊപ്പം പ്രേതക്കൊമ്പിലിരുന്ന് ഇതൊക്കെ കണ്ട് കൊണ്ടിരുന്ന മാലാഖയ്ക്ക് അവിടെ അരങ്ങേറിയതൊന്നും വ്യക്തമായി മനസിലായില്ല.
അല്ല... ആ പുരോഹിതൻ എന്താണ് ഉരുവിട്ടത് ?
അതൊക്ക ഞങ്ങളുടെ മതാചാരമാണ്. മതമോ...?
അതെ മതം. മനുഷ്യന്റെയുള്ളിൽ ഉടലെടുത്ത ഭാവനാസൃഷ്ടി.
കൃത്യമായി പറഞ്ഞാൽ മതം ആദ്യമായി ആവിർഭവിച്ചത് ഭയത്തിന്റെ രൂപത്തിലാണ്.
മാഷ് ഇതിലൊക്കെ വിശ്വസിക്കുന്നുണ്ടോ ? മാലാഖ എന്നോടായി. ഞാനൊരു മിനിമം ക്രിസ്തിയാനിയാണ്. ഈ പ്രപഞ്ചത്തിൽ ഒരു ശക്തിയുണ്ട്. അതൊരു ഊർജമാണ്.
സ്വത്വങ്ങളെ പ്രീതിപ്പെടുത്താൻ നേർച്ച കഴിപ്പിക്കുന്നതും കല്ലുകളേയും ലോഹവിഗ്രഹങ്ങളേയും ആരാധിക്കുന്നത് ബുദ്ധിമോശമാണ്.
അപ്പോൾ മതം ഒരു മൂഢത്തരം ആണെന്നാണോ പറഞ്ഞ് വരുന്നത് ?
തീർച്ചയായും. മതം മാത്രമല്ല. ആചാരങ്ങളും. ശാസ്ത്രത്തിന് വിജയം കൈവരിക്കാൻ സാധിക്കാതെ വരുമ്പോൾ മനുഷ്യൻ ദൈവങ്ങളുടെ പിറകെ പോകും. അവിടെ വിശ്വാസം എന്ന ഊർജമാണ് സ്ഫുരണം ചെയ്യുന്നത് അവർ പോലുമറിയുന്നില്ല. മതമണ്ഡലങ്ങളിതുവരെ സൃഷ്ടിച്ചരഖില ദൈവങ്ങളും ചത്ത് പോയി.
ഈ മനുഷ്യരൊക്കെ ജീവനുള്ള ജഡമാണ്. എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. ഈ ലോകം കാപട്യം നിറഞ്ഞതാണ്. മാന്യത അതൊരു മുഖം മൂടിയും. അതിനുള്ളിൽ വന്യതയുടെ ഒരു രൂപമുണ്ട്. മൃഗമാണ് മനുഷ്യമൃഗം.
തുടരും...
വാക്കുകൾ എവിടെയൊക്കെയോ ആഴത്തിൽ പതിഞ്ഞിരിക്കുന്നു 💜
ReplyDelete