#ടാഗ് 🖤
കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ ഹാഷ് ടാഗ്കളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പറഞ്ഞു വരുന്നത് സ്ത്രീകൾ നടത്തിയ ഓൺലൈൻ മുന്നേറ്റത്തെക്കുറിച്ചാണ്.
ഓരോ ദിവസവും സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമങ്ങൾ കൂടിവരുകയാണ്. നിയമവും നീതിപീഠവും കണ്ണടയ്ക്കുന്നത് കൊണ്ട് തന്നെ ഇനിയും ഹാഷ് ടാഗ്കളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും.
മാറ്റം വരേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു.
വീണ്ടും മറ്റൊരുവൾ ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിന് ഇരയായിരിക്കുന്നു. അവളുടെ ആത്മാവിന് നീതി ലഭിക്കുമോ ഇല്ലയോ ?
നീതി ദേവത കണ്ണ് തുറക്കുമോ ?
ആ പെൺകുട്ടിയെ അവർ ക്രൂരമായി പിച്ചിച്ചീന്തിയപ്പോൾ എന്താണ് നേടിയത് ?
അവളുടെ ഉടലിനോടു തോന്നിയ എങ്ങു മൊടുങ്ങാത്ത ആസക്തിയെ എന്ത് കൊണ്ടാണ് നിയന്ത്രിക്കാനാകാത്തത് ?
കാമം ( lust ) മനുഷ്യന്റെയുള്ളിലെ വലിയൊരു വിഷം തന്നെയാണ്. എന്ത് കൊണ്ടാണ് കാമം പുരുഷനെ അത്രമേൽ കീഴ്പ്പെടുത്തിയത് ? പൊതുവെ സ്ത്രീകളോട് പുരുഷന് ആകർഷണം തോന്നുന്നത് സ്വഭാവികമാണ്. കുറച്ചൊക്കെ ഹോർമോണിന്റെയാണ് എന്ന് പറയുവാനാകും. പിന്നെ സമൂഹം തന്നെ വഴിതെറ്റിക്കുന്നു.
ഒരുവൻ അവന്റെ വികാരങ്ങളെ നിയന്ത്രിക്കുന്നിടത്താണ് പുരുഷൻ ഒരു gentle man ആകുന്നത്.
ഒരിക്കൽ ലൂസിഫർ സിനിമയിലെ ക്ലൈമാക്സ് സോങ് കണ്ടപ്പോൾ 'ഇതൊക്കെയാണോടാ കാണുന്നേ' എന്ത് കൊണ്ടാണ് അമ്മ എന്നോട് അങ്ങനെ പറഞ്ഞത്. ഞാൻ ചിന്തിച്ചു ഒരു പെൺകുട്ടി ആയിരുന്നെങ്കിൽ എന്നോട് അങ്ങനെ പറയുമായിരുന്നോ ?
ഒരു തരത്തിൽ ഇതൊരു കുമ്പസാരമാണ്. എന്ത് കൊണ്ടോ പുരുഷൻ സ്ത്രീയെ സ്പർശിക്കുമ്പോഴോ ചുംബിക്കുമ്പോഴോ വലിയൊരു മുറിവ് അവളുടെ ഉള്ളിൽ സൃഷ്ടിക്കുന്നുവെന്ന് തോന്നുന്നു. ചുംബനത്തിന് ശേഷം വഴക്കോ കുത്ത്‌വാക്കോ ഉണ്ടാകുമ്പോൾ അവളുടെ മനസ്സിനെ ഉലച്ചു കളയുമെന്ന് തോന്നുന്നു.
ഇന്നും ഒരു സ്ത്രീയുടെ 'കന്യകാത്വം ' സമൂഹം ചർച്ച ചെയ്യുന്ന വിഷയമാണ്. പൊതുവെ മിഡിൽ ക്ലാസ്സ് ഫാമിലിയിൽ അതുകൊണ്ട് തന്നെയാകാം സ്പർശനം പോലും അവളുടെ വിശുദ്ധിയെ നഷ്ടപ്പെടുത്തിയെന്ന് തോന്നൽ അവളിൽ ഉളവാക്കുന്നതും. ( റംസിയുടെ ആത്മഹത്യ ഉദാഹരണമാണ് ).
ബിജോ പൗലോസ് എഴുതിയ ' നുണ ' എന്ന കഥ വായിച്ചപ്പോൾ ഞാൻ ആഴത്തിൽ ചിന്തിച്ചിരുന്നു. പുരുഷ കഥാപാത്രമായ ജെനോൾഡും എമിലിയും സൗഹൃദത്തിലാവുകയും സൗഹൃദം പ്രണയമാവുകയും ചെയ്യുന്നു. വിവാഹത്തിന് കുറച്ച് ദിവസം മുൻപ് ജെനോൾഡ് തന്റെ പൂർവകാലത്തെ കുറിച്ച് എമിലിയോട് പറയുന്നു. അവർ എല്ലാം പരസ്പരം കൈമാറിയിരുന്നു. കേട്ടപാടെ എമിലിക്ക് അതുൾക്കൊള്ളാനായില്ല. അടുത്ത ദിവസം ഒരു കൂടിക്കാഴ്ച്ചയാണ്. 'എന്നെപ്പോലെ നീയും പുരോഗമനാശയങ്ങളിൽ വിശ്വസിക്കുന്നവളല്ലേ '. എന്ന് നെടുനീളൻ ഡയലോഗ് പറയുന്നു. എമിലിയുടെ മുഖഭാവം പതിയെ മാറുന്നു. തന്നെ ഒരുവൻ സ്നേഹം നടിച്ച് ഒരു കള്ളനെപ്പോലെ എല്ലാം അപഹരിച്ചെന്ന് പറയുമ്പോൾ അവളെ പിഴച്ചവളെന്ന് മുദ്രകുത്തി അയാൾ അവിടെ നിന്നും പോകുന്നു.
കന്യകാത്വം ഒരു സ്വഭാവഗുണമാണെന്ന് മനുഷ്യർ ഉണ്ടാക്കിവെച്ച ഒരന്ധവിശ്വാസമാണ്. ( വോൾട്ടയർ )
അനുവാദമില്ലാത്ത സ്നേഹമില്ലാത്ത ഒരു സ്പർശം പോലും തെറ്റാണെന്ന് വരും തലമുറയ്ക്ക് പറഞ്ഞു കൊടുക്കുക ( ആൺകുട്ടികളോട് ). നമ്മുടെ നിയമം കർശനമായിരുന്നെങ്കിൽ ഹാഷ് ടാഗുകൾ ഉയരാതിരുന്നേനെ.
ദൈവമേ മനുഷ്യന് ഇനിയൊരു ജന്മമുണ്ടെങ്കിൽ ഞങ്ങൾ ആണുങ്ങളെ സ്ത്രീകളായി സൃഷ്ടിക്കണമേ അവരുടെ ഉള്ളിലെ സങ്കടങ്ങളെ മനസ്സിലാക്കാനും അറിയാനും. സ്ത്രീകളെ പുരുഷന്മാരായും സൃഷ്ടിക്കണമേ. നിമിഷ നേരം കൊണ്ട് ഉണരുന്ന ജീവിതാസക്തിയെ അവർക്കും മനസിലാക്കാൻ കഴിയട്ടെ.
ഓരോരുത്തരും ചിന്തിക്കേണ്ട ആശയങ്ങളെയാണ് നീ വരികളിൽ കുറിച്ചിട്ടത്
ReplyDeleteനല്ല നിരീക്ഷണം da... ഒരുപാടു ഉയരങ്ങയിൽ എത്തട്ടെ...
ReplyDelete