പ്രഹേളിക
വീണ്ടുമൊരു കണ്ടുമുട്ടൽ അതുണ്ടാകുമെന്ന് നിനച്ചിരുന്നില്ല. രാത്രി മെയിയിൽ വന്നപ്പോൾ അതൊരു മിഥ്യയാകാം എന്നാണ് കരുതിയത്. ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. നാഴികമണി ഇടയ്ക്കെപ്പോഴോ തുളുമ്പി. പ്രഭാതം. കിടക്കയിൽ നിന്നും ഞാൻ ചാടിക്കൂട്ടി എഴുന്നേറ്റു. കൺപോളകളിൽ ഉറക്കം തിണർത്ത് കിടന്നിരുന്നു. പതിവിൽ നിന്നും വ്യത്യസ്തമായി എന്നിലൊരാവേഷം സ്ഫുരിച്ചു കൊണ്ടിരുന്നു.
കുളിമുറിയിൽ നിന്നും നനവ് പടർന്ന കാൽപാടുകൾ ചവിട്ടിയിൽ അമരുകയും അപ്രത്യക്ഷമാവുകയും ചെയ്തു. ശരീരത്തിലേക്ക് വിദേശനിർമ്മിത കോട്ടൺ വസ്ത്രങ്ങൾ നുഴഞ്ഞു കയറി. കഴുത്തിലേക്കും കൈയിടുക്കിലേക്കും അത്തർ പൊടിഞ്ഞു.
അമ്മയോട് യാത്ര ചോദിക്കാൻ നിൽക്കാതെ ഞാനെന്റെ എൻഫീൽഡ് ബുള്ളറ്റിൽ ചാടിക്കയറി.
നിശബ്ദമായ അന്തരീക്ഷത്തിൽ ഒരു പ്രത്യേകതരം പ്രതിഫലനം സൃഷ്ടിച്ചു കൊണ്ട് ഡുകു... ഡുകു ശബ്ദം ഉയർന്നു. ഇങ്ങനെയൊരു കൂടിക്കാഴ്ച അതെന്തിനാണ് ? ഞാൻ യാത്രയിലുടനീളം ചിന്താമഗ്നനായി. എനിക്ക് പിറകിലേക്ക് ഓടിമറയുന്ന കാഴ്ചകളൊക്കെയും ഒരു പാഴ്ക്കിനാവായി തോന്നി. അധികം താമസിയാതെ ഞാനെന്റെ വിധിയിൽ എത്തിച്ചേർന്നു.
ചുവന്ന സാരി. അതായിരുന്നു മീരയുടെ വേഷം. കണ്ടമാത്രയിൽ അവളുടെ മുഖത്ത് ഒരു മന്ദാഹാസം വിടർന്നു. മുഖത്തെ മാസപേശികൾ ഞാനും ചലിപ്പിച്ചു. "വൈകിയപ്പോൾ നരേയൻ വരില്ലെന്ന് കരുതി ". മീര ആരാഞ്ഞു. എന്നിൽ മൗനം തളം കെട്ടിനിന്നു. ഉച്ചയോടടുത്തിരുന്നതിനാൽ ചൂടിന് കാഠിന്യം കൂടി വന്നു. "വരൂ നമുക്കവിടേക്ക് പോകാം ". ഒരു റെസ്റ്റോറന്റ് ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു. അധികം ആൾത്തിരക്കില്ലാത്ത ഒരു ഭക്ഷണശാല. ഒരു ചതുർമുഖ ഫലകത്തിന് മുന്നിൽ ഞങ്ങൾ നിലയുറപ്പിച്ചു. "നിനക്കിപ്പോഴും എന്നോട് ദേഷ്യമാണോ " ?. സുതാര്യമായ ചില്ല് ജാലകത്തെ കീറിമുറിച്ച് കൊണ്ട് നോട്ടം പുറത്തേക്ക് നീണ്ടപ്പോഴായിരുന്നു അത്തരമൊരു ചോദ്യം. എന്തിന് ? അതുകൊണ്ട് എനിക്കെന്ത് നേട്ടം ? ഒരു ചോദ്യത്തിൽ നിന്നും മറ്റ് രണ്ട് ചോദ്യങ്ങൾ കൂടി ഇഴപൊട്ടി വീണു.
റെസ്റ്റോറന്റിൽ നിന്നും പുറത്ത് വന്നപ്പോൾ കവിളിലും മുഖത്തും വിയർപ്പ് കുരുക്കൾ പൊടിഞ്ഞിരുന്നു. ഞങ്ങൾ പതിയെ നടന്നു. "നീയെന്നാ നാട്ടിൽ വന്നേ ?". ഞാൻ മറുപടിക്കായി കാതോർത്തു. "ഒരാഴ്ചയായി" ചോദ്യത്തിന് തീരശീലയും വീണു.
"വേണു ". അൽപനേരം മീര ഒന്നും മിണ്ടിയില്ല. നിശബ്ദതയ്ക്ക് കൂടുതൽ കനം വെച്ചപോലെ തോന്നി. അവളെന്തോ പറയാൻ ശ്രമിച്ചു. ചുണ്ടുകൾ മൃദുവായി മന്ത്രിച്ചു.
"ഞങ്ങൾ ഡിവോഴ്സിഡാണ് ; അധിക കാലമായില്ല ". ഒരു തമാശയെന്നോണം അവൾ പറഞ്ഞു. പിന്നെ അവൾ പറഞ്ഞതൊക്കെ ഞാൻ കേട്ടിരുന്നു.
"വേണു അയാളുടെ സ്നേഹം ആദ്യമൊക്കെ എനിക്ക് സന്തോഷമായിരുന്നു ജീവിതത്തിലെ അപ്രിയാനുഭവങ്ങൾ മറക്കാൻ. പക്ഷേ ആ സ്നേഹം പൊസ്സസീവായി മാറിയതോടെ അയാളിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടായി. ഒരാളുടെ സ്വാതന്ത്ര്യത്തിനുമേൽ സ്ഥാപിക്കുന്ന ആധിപത്യം അതൊരിക്കലും സ്നേഹമാണെന്ന് പറയാൻ കഴിയില്ല. ഒരിക്കൽ സഹിക്കുന്നതിനും അപ്പുറമായപ്പോൾ എന്റെ നാവ് പൊന്തി. അയാളെന്റെ മുടിക്ക് കുത്തിപ്പിടിക്കുകയും ചീത്തവിളിക്കുകയും ചെയ്തു. എന്തിന് എനിക്കൊരു കുഞ്ഞിനെ തരാൻ പോലും അയാൾക്കിഷ്‌ടമല്ലായിരുന്നു. തടിവെയ്ക്കും ഷെയപ്പ് പോകും എന്നൊക്കെയായിരുന്നു അയാളുടെ വാദം".
പറഞ്ഞു തീർന്നപ്പോൾ അവളുടെ കണ്ണുകളിൽ ജലകണങ്ങൾ തുളുമ്പി. എനിക്ക് പറയാൻ വാക്കുകളുണ്ടായില്ല. അല്ലെങ്കിലും വിധി എന്നത് നമ്മുടെയൊക്കെ ഭാവനയ്ക്കും അപ്പുറത്താണല്ലോ...
കടൽത്തിരമാലകൾ കരയെ ചുംബിച്ചു കൊണ്ടിരിന്നു. അകലെ ആർത്തിരുമ്പുന്ന ഉപ്പ് വെള്ളത്തിന് മുകളിലൂടെ ആഴക്കടലിലേക്ക് മുങ്ങാംകുഴിയിടുന്ന ചെറുബോട്ട് മറ്റെവിടെക്കോ മറയാൻ തുടങ്ങിയിരിക്കുന്നു.
ആകാശത്ത് ചുവപ്പ് പടർന്നപ്പോൾ അവളെന്നെ നോക്കി. "നീയിപ്പോഴും എഴുതാറുണ്ടോ ? ". ഇടക്ക് എന്തെങ്കിലും കുത്തിക്കുറിക്കും അത്ര തന്നെ. ഞാൻ മൊഴിഞ്ഞു. "നീയെന്നെ ഓർക്കാറുണ്ടായിരുന്നോ ?". ഞാനൊരു വായ്മൂടിക്കെട്ടിയ ചീനഭരണി പോലെയായി.
അവൾ നിഗൂഢമായ സ്നേഹവായ്പ്പോടെ എന്നെ നോക്കി. കാത്തിരിപ്പിന്റെ വാത്മീകം തകർത്തു കൊണ്ട് ഞാൻ കഥിച്ചു. "ചിലപ്പോഴൊക്കെ". ഇരുട്ട് കൂടി വന്നു. തിരികെ നടന്നപ്പോൾ വഴിയരികിൽ ഒരു പെൺകുട്ടി ബസ് കാത്ത് നിൽക്കുകയാകണം. അവിടെ നിന്ന യുവാക്കൾ ആ പെൺകുട്ടിയെ നോക്കി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. നമ്മുടെ നാട്ടിലെ ഘടികാരമാണല്ലോ ഒരു പെൺകുട്ടിയുടെ സ്വഭാവ ശുദ്ധി നിർണയിക്കുന്നത്. അത്ഭുതപ്പെടാനൊന്നുമില്ല.
ഞങ്ങൾ രണ്ടാളും പിന്നെയും നടന്നു എങ്ങോട്ടെന്നില്ലാതെ. യാത്ര പറയാൻ നേരം അവളെന്നെ ആശ്ലേഷിച്ചു. "ഇനിയൊരു കണ്ട്മുട്ടൽ ഉണ്ടായെന്നു വരില്ല". അവൾ കൂട്ടിച്ചേർത്തു. ഞങ്ങൾക്ക് പശ്ചാത്തമെന്നോണം വഴിവിളക്കുകൾ ജ്വലിച്ചു കൊണ്ടിരിന്നു. രണ്ട് കറുത്ത നീളൻ കുപ്പായങ്ങൾ എല്ലാം കാണുന്നുണ്ടായിരുന്നു. അവളുടെ ചുണ്ടിന്റെ കോണിൽ നനുത്തൊരു പുഞ്ചിരി വീണു. അതൊരു മുഖാവരണമാകണം.
ദിനസരിക്കുറിപ്പിൽ ജീവിതമിങ്ങനെ തുന്നിചേർത്തപ്പോൾ ഓർമ്മകളുടെ ഉൾവിളികൾ ഇരമ്പുന്ന കണ്ണുനീർ തുള്ളികളായി മാറി. ജീവിതം അതെന്തൊക്കെയോ പഠിപ്പിക്കുകയാണ്.
Comments
Post a Comment
🥰