- Get link
- X
- Other Apps
കൊച്ചു വർത്തമാനം
നല്ലൊരു ദിവസത്തിന്റെ മധ്യാഹ്നത്തിൽ, സെമിനാരിയോട് ചേർന്നുള്ള പരീഷ്ഹാളിൽ ഞാനും സ്റ്റാൻലിയച്ഛനും ഒരു ചർച്ചയിലായിരുന്നു. ആഴ്ചവട്ടത്തിന്റെ അവസാന നാളുകളിൽ അച്ഛനെ കാണുക എന്നത് മനസ്സിൽ കുടിയേറി പാർത്തിരിക്കുന്ന കരടുകളെ പുറന്തള്ളാനുള്ള ഒരു ഉപാധി കൂടിയാണ്.
പുരോഹിതൻ എന്നതിനപ്പുറം സ്റ്റാൻലിയച്ഛൻ എന്റെ ആത്മീയ ഗുരുവും നല്ലൊരു സുഹൃത്തുകൂടിയാണ്. ചെറുപ്പമാണ് എന്നിരുന്നാലും മുതിർന്നൊരാളുടെ മൂപ്പ് തോന്നിക്കും. ഞങ്ങൾക്കൊരു സൗഹൃദവലയമുണ്ട്. ഞാനും അച്ഛനും കൂടാതെ മൂന്ന് പേര് കൂടിയുണ്ട് മറിയം, ലിബിൻ, ആന്റോ.
ഞാനും ലിബിനും സമപ്രായക്കാരാണ്. മറിയവും ആന്റോയും ഞങ്ങളേക്കാൾ രണ്ട് വയസ്സ് കൂടുതലാണ്. കൂട്ടത്തിലെ മൂത്താപ്പമാരുകൂടിയാണ്. പള്ളിയിലെ യുവജന കൂട്ടായ്മയെ അങ്ങേയറ്റം സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അച്ഛനോട് ഞങ്ങൾക്ക് ആരാധനയാണ്. യൂത്തിന്റെ പൾസറിഞ്ഞ് ഞങ്ങളോടൊപ്പം നിൽക്കുന്ന അച്ഛന് ഇടവകയിലെ വല്യപ്പൻമ്മാരുടെയും അമ്മച്ചിമാരുടെയും മുറുമുറുപ്പ് കേൾക്കേണ്ടി വന്നിട്ടുമുണ്ട്. അച്ഛനുണ്ടോ ഇതൊട്ടും ചെവി കൊടുക്കാറുമില്ല.
പുരോഗമനാശയങ്ങൾ ആരിലും അടിച്ചേൽപ്പിക്കാൻ കഴിയില്ലല്ലോ...
കഴിഞ്ഞയാഴ്‌ച സൺഡേ ക്ലാസ്സിൽ കുട്ടികൾക്ക് ക്ലാസ്സെടുക്കുന്നതിനിടയിൽ അച്ഛൻ പറഞ്ഞ വാചകം ഞാനോർത്തെടുക്കാൻ ശ്രമിച്ചു. "സൗന്ദര്യമോ ശരീരത്തിന്റെ നിറമോ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും അളവുകോല്‍ ആകാതിരിക്കട്ടെ. ആരും ഇതിന്റെ പേരിൽ ഒറ്റപ്പെടാതിരിക്കട്ടെ".
"നീയിത് കുറച്ച് നേരമായല്ലോ മിണ്ടാതിരിക്കുന്നു ".
ഭൂതകാലത്തിൽ നിന്നും വർത്തമാനകാലത്തിലേക്ക് മടങ്ങി വരാൻ അധികം സമയമൊന്നും വേണ്ടി വന്നില്ല.
അച്ഛന്റെ മുഖത്തേക്ക് ഞാനൊന്ന് നോക്കി. വന്നപ്പോഴുള്ള സന്തോഷം ഇപ്പോഴെന്റെ മുഖത്ത് കാണാനില്ല. വിഷാദത്തിന്റെ ചെറിയൊരു പാട് തിണർത്ത് വന്നു.
"കുറച്ചു ദിവസമായി അച്ചോ ഒരു പേടി. ഞാൻ കൂടുതൽ സ്നേഹിക്കപ്പെടുന്നത് കൊണ്ടാണോ എന്നറിയില്ല. എന്തോ ഒന്ന് നഷ്ടപ്പെടാൻ പോകുന്നത് പോലെ. സ്നേഹത്തിന് നമ്മളെ ചതിക്കാൻ പറ്റോ അച്ചോ ? ".
"സ്നേഹം സ്നേഹിക്കാൻ പഠിപ്പിക്കുന്നു എന്നല്ലാതെ മറ്റെന്താണ്. സ്നേഹം ആരെയും ഉപേക്ഷിക്കുന്നില്ല ആരെയും സ്വന്തമാക്കുന്നുമില്ല സ്നേഹം സ്നേഹിക്കാൻ മാത്രം പഠിപ്പിക്കുന്നു. പരാതികളില്ലാതെ പ്രതീക്ഷകളില്ലാതെ സ്നേഹിക്കാൻ നമുക്ക് കഴിയുമെങ്കിൽ ശരിക്കും അതൊരു അത്ഭുതം തന്നെയാണ്. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും റൂട്ട് മാപ്പ് അത് നമ്മുടെയുള്ളിൽ തന്നെയാണെടോ...
പീറ്ററെ വരാൻ പോകുന്ന കാലത്തേക്കുറിച്ച് മുൻകൂട്ടി ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്. "ഇന്ന്" അത് മതിയടോ... അത് കഴിഞ്ഞല്ലേ,നാളെയുള്ളൂ. നാളെ വരാൻ സാധ്യതയുള്ള സങ്കടങ്ങൾ ഒഴിവായി പോകുവാനും സാധ്യതയുണ്ട്. ഇന്നലെയും ഇന്നിനെയും ചിന്തിച്ച് സങ്കടപ്പെടരുത് ".
പ്രതീക്ഷയുടെ ചെറിയ പൊടിപ്പുകൾ എന്റെയുള്ളിൽ മുളച്ചു പൊന്തി. മുഖത്തെ മാംസപേഷികൾ ചെറുതായൊന്ന് വലിഞ്ഞു. പരീഷ്ഹാളിന്റെ ചുവരിൽ കൈകളുയർത്തി നിന്ന മുപ്പത്തിമൂന്ന് വയസ്സുള്ള ചെറുപ്പക്കാരന്റെ കണ്ണുകൾ എന്നെ നോക്കി ചിരിക്കുന്നത് പോലെ തോന്നി.
"നിന്റെയീ ആകുലതകളും ചിന്തകളും ഒരുതരത്തിൽ നല്ലതാടാ... സന്തോഷത്തിന്റെ അതിപ്രസരം മൂലം ജീവിതം മടുപ്പായി തോന്നിയാലോ ?".
അച്ഛനെ നിശബ്ദമായി കേട്ട് കഴിഞ്ഞപ്പോൾ മരുഭൂമിയിലൊരു മഴ പെയ്തപോലെ. അച്ഛനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ നേരം സന്ധ്യയോടടുത്തിരുന്നു. കുരിശ്ശടിക്ക് മുന്നിൽ എരിഞ്ഞമരുന്ന മെഴുക് നാളങ്ങൾ. ആകാശത്താകെ ചുമപ്പ് പടർന്നിരുന്നു. ഞാൻ പതിയെ നടന്ന് നീങ്ങിയപ്പോൾ അച്ഛൻ,
"പീറ്ററെ പള്ളിയില് കേറി പ്രാർത്ഥിച്ചിട്ടും പോടാ..."
- Get link
- X
- Other Apps
Comments
😍😍
ReplyDelete