ഓപ്പൺ ഹാർട്ട്
ചൂളം കുത്തിവന്ന കാറ്റിനു പിറകിൽ മഴ കൂടിയുണ്ടാകുമെന്ന് കരുതിയില്ല. രാവിലെ ഒരു മന്ദാരമുണ്ടായിരുന്നുവെങ്കിലും അത് അത്ര കാര്യമാക്കിയിരുന്നില്ല. മുറ്റത്തെ അഴയിൽ നിന്നും തുണികളൊക്കെ വാരിക്കൂട്ടി അകത്തേക്ക് ഓടുന്നതിനിടയിൽ മുറിയിലൊന്ന് തെന്നി വീണു. തറയിൽ നിന്ന് ചാടിക്കൂട്ടി എഴുന്നേറ്റ് ഞാൻ പിന്നെയും മുറ്റത്തേക്ക് ഓടി.
ചെറിയൊരു ചിനപ്പോടെ മഴ പെയ്തു തുടങ്ങിയിരുന്നു. അന്തരീക്ഷത്തിൽ തത്തിക്കളിക്കുന്ന കരിയിലകൾ കാറ്റിനൊപ്പം നൃത്തം ചവിട്ടി മറ്റൊരിടത്തേക്ക് പോയി. മഴയ്ക്ക് ശക്തി കൂടിയപ്പോൾ ഞാൻ പൂമുഖത്തേക്ക് കയറി നിന്നു.
പറമ്പിൽ മേഞ്ഞു നടന്നിരുന്ന അമ്പിളി അമ്മയുടെ പൈ മഴയിലിങ്ങനെ കുതിരുന്നുണ്ടായിരുന്നു. അവളങ്ങനെ ഒച്ചവെക്കാറില്ല. അമ്പിളി അമ്മ എന്തിയേ ? ഇവളിവിടെ മഴ നനയുകയല്ലേ ? ഞാൻ വ്യാകുലപ്പെട്ടു. ചിലപ്പോൾ അവളീ മഴ ആസ്വദിക്കുന്നുണ്ടാകും.
തൊടിയിലെ ചാമ്പയ്‌ക്കാ മരത്തിൽ ചുവന്നു തുടുത്ത, പച്ചിലകൾക്കിടയിൽ പൂത്തുലഞ്ഞു നിൽക്കുന്ന ഹൃദയ മിഠായി. നനുത്ത മഴത്തുള്ളികൾ അവയെ തൊട്ട് തലോടി പോകുന്നുണ്ട്.
ഒരു കുളിർക്കാറ്റ് മെല്ലെ കടന്നു പോയി. ധൂളി മുഖത്തേക്ക് പതിച്ചപ്പോൾ രോമകൂപങ്ങൾ അനുമിഷം ഉയർന്നു നിന്നു. "ഗൗരീ... "
അമ്മ ആരാഞ്ഞു. "മതി മഴ കണ്ടത്. പെണ്ണേ അകത്തു കയറ്". "ഈ അമ്മയുടെ ഒരു കാര്യം". ഞാൻ പിറുപിറുത്ത് കൊണ്ട് അകത്തേക്ക് കയറി വാതിലടച്ചു.
അച്ഛൻ പത്രം വായിക്കുകയാണ്. രാവിലെ തുടങ്ങിയ വായനയാ...
"ഇന്ന് പണിയൊന്നും ഇല്ലിയോ ?". ഞാൻ മന്ത്രിച്ചു.
" നീ വല്ലതും പറഞ്ഞോ ?"...
"ഏയ് ".
ഞാൻ മുറിലേക്ക് പാലായനം ചെയ്തു. ജന്നൽ പാളികൾക്കിടയിലൂടെ പുറത്തെ മഴ കാണാൻ ഒരു ഭംഗിയൊക്കെയുണ്ട്. മേശമേൽ പുഞ്ചിരി തൂകിക്കൊണ്ടിരുന്ന ഫോട്ടോയിലേക്ക് ഞാനൊന്ന് മിഴികളൂന്നി. അവർ രണ്ട്പേരും എന്റെ ഇരുവശത്തുമായി. എന്റെ ഇടത് വശത്ത് നിൽക്കുന്നത് നിൽജ, വലത് വശത്ത് നിൽക്കുന്നത് അമൽ.
കോളേജ് ലൈഫ് കഴിഞ്ഞ് വർഷം രണ്ടായി. രണ്ടെണ്ണത്തിനും എന്നെയൊന്ന് വിളിക്കാൻ കൂടി നേരമില്ല. ഞാൻ വിളിച്ചാലോ ഓരോ തിരക്കും. പോട്ടെ അവരെന്റെ ചങ്കുകളല്ലേ...
നിൽജയും അമലും പ്രണയത്തിലായിരുന്നു. അവളും അവനും ഇടക്കിടെ എന്നെ വിളിച്ച് സങ്കടപെടാറുണ്ട്. ഞാനവരോട് പറഞ്ഞിരുന്നു ഭ്രാന്ത് വരും പോലെ ഇങ്ങനെ പ്രണയിക്കരുതെന്ന്. ആര് കേൾക്കാൻ. ഒരു കാര്യത്തിൽ മാത്രം എനിക്ക് രണ്ടാളോടും ദേഷ്യമുണ്ടായിരുന്നു. രണ്ടാളും ഇടക്കിടെ വഴക്കിടും. രണ്ടാളും വഴക്കിടുന്നത് കാണാൻ മാത്രം എനിക്കിഷ്ടമല്ല.
കാര്യം കുറച്ച് പൈങ്കിളിയൊക്കെയാണെങ്കിലും രണ്ടിനും അങ്ങോട്ടും ഇങ്ങോട്ടും മരിച്ചു പോകുന്ന പ്രണയമായിരുന്നു. ചെറിയ പരിഭവങ്ങൾ ഉണ്ടാകുമ്പോൾ അവരനുഭവിക്കുന്ന ആനന്ദം പറഞ്ഞറിയിക്കാൻ കഴിയില്ല. അവരുടെ കണ്ണുകളിൽ അത് പ്രകടമാകുന്നത് ഞാൻ എത്രയോ തവണ കണ്ടിരിക്കുന്നു.
"ശ്യോ എന്തോ പോലെ..."
"ഈ കഥ കൊള്ളാലോ..." ഓപ്പൺ ഹാർട്ട് എന്ന ഈ ഷോയിൽ നമ്മളിത്രയും നേരം കേട്ടിരുന്നത് റൈറ്റർ ഗൗരിയെയാണ്. നമുക്കിടയിലും കാണും ഇങ്ങനെ ചില സൗഹൃദങ്ങൾ. അവയൊക്കെ നല്ല ഓർമ്മകളും സമ്മാനിക്കും.
ദിസ് ഈസ് ആർ. ജെ ആകാശ്. സൈനിങ് ഓഫ്. സീയു സൂൺ...
🤗🤗👌👌👌
ReplyDelete👌
ReplyDelete