രമണനും ചന്ദ്രികയും❤️
ഇരുട്ട് വെളിച്ചത്തെ കടന്നാക്രമിച്ചപ്പോൾ നേരമേതാണ്ട് പത്തിനോടടുത്തിരുന്നു. പെരുവയറൻ തവളകൾ വാപൊളിച്ചു കൊണ്ട് ഉറക്കെ കരയുന്നത് കേൾക്കാം. അതങ്ങനെ ഉയർന്നും താഴ്ന്നും താളത്മകമായി സ്പുരിച്ചു കൊണ്ടേയിരുന്നു. എൽദോച്ചായൻ ഷാപ്പിൽ നിന്നുമിറങ്ങാൻ നേരം ഇടത് കരം മുഖത്തേക്കടുപ്പിച്ച് സൂക്ഷിച്ചു നോക്കി. അവനങ്ങനെ ആർക്കും പിടികൊടുക്കാതെ ഓടിക്കൊണ്ടിരിക്കുകയാണ്.
ഇനിയും വീട്ടിലെത്തിയില്ലേൽ ആൻസി കലിതുള്ളും. നെടുനീളത്തിൽ നിഴലിനെ സൃഷ്ടിച്ചു കൊണ്ട് ടോർച്ച് പ്രകാശിച്ചു.
കാൽപാദങ്ങൾ നിലത്തമരാൻ വിസമ്മതിക്കുന്നു. തോൽപ്പാവക്കൂത്ത്കാരന്റെ കരതലത്തിലെന്നോണം അയാളങ്ങനെ ചായ്‌ഞ്ഞും ചരിഞ്ഞും തെന്നിക്കളിക്കുന്നു.
പതിയെ ഏന്തിവലിച്ച് നടന്നു നീങ്ങുന്നതിനിടയിൽ തെന്നി വീഴാനും പോയി. അവനെ നൂല് കൊണ്ട് ബന്ധിച്ചിരിക്കുന്ന അദൃശ്യകരം പിടിവിട്ട് കളിക്കുന്നതാണ്. കുരിശ്ശടിക്ക് മുന്നിലെത്തിയപ്പോൾ എൽദോ ബ്രേക്കിട്ടു. ആരോ കത്തിച്ച് വെച്ചിട്ട് പോയ മെഴുക്നാളം അതിന്റെ അവസാന പ്രഭകെടാൻ പോകുന്നതിന് മുമ്പുള്ള ആന്തലിലേക്ക് ചേക്കേറുന്നു. മെഴുക് പർവതങ്ങൾക്ക് നടുവിലായി ഉദ്ധരിച്ചു നിൽക്കുന്ന ഒരു തീപന്തം.
പതിയെ തത്തി തത്തി തിരി കെട്ടു. പർവതം പുകഞ്ഞു തുടങ്ങി. ഒരു കാർമേഘം രൂപപ്പെടുകയും വായുവിൽ ഒഴുകിയൊഴുകി അദൃശ്യമാവുകയും ചെയ്തു.
കമ്മ്യൂണിസ്റ്റ് കർത്താവ് പുഞ്ചിരിച്ചു കൊണ്ട് വിനീതനായി കാണപ്പെട്ടു. എൽദോ വീണ്ടും നടന്നു. ടോർച്ച് പതിയെ മങ്ങിത്തുടങ്ങി. രണ്ട് തവണ കൈകൾ കൊണ്ട് തട്ടി നോക്കി. ജീവൻ നിലച്ചിരിക്കുന്നു. അന്ധത പോലെയുള്ള കൂരിരുട്ട്. എങ്ങനെയോ തപ്പിത്തടഞ്ഞ് വെളിച്ചമുള്ള തുരുത്തിലെത്തി. വഴിവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ എൽദോ വീണ്ടുമൊരു നിഴലിനെ ഗർഭം ധരിച്ചു.
ഇനിയും നടക്കാൻ വയ്യ. ഒരു തിണ്ണ കണ്ടപ്പോൾ അവിടെ അമർന്നിരുന്നു. ശ്വാസത്തിന്റെ ഗതി കൂടി വന്നപ്പോൾ എൽദോ ഉറക്കെ ചുമച്ചു. നല്ല തണുപ്പുണ്ട്. പോരാത്തതിന് മേലാകെ കുളിര് കോരുന്നു. ഒന്ന് പുകയ്ക്കാതിരിക്കാൻ കഴിയില്ല. എൽദോ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും പുകച്ചുരുളുകൾ തപ്പിയെടുക്കാൻ ശ്രമിച്ചു. ചുണ്ടുകൾക്കിടയിൽ അകപ്പെട്ടു പോയ സിഗരറ്റ് വെളുത്ത കാർമേഘക്കൂട്ടങ്ങളെ ഒന്നിനു പിറകെ ഒന്നായി വിസർജിച്ചു കൊണ്ടിരുന്നു.
ഒരു സ്ത്രീ ശബ്ദം. ആരെയും തന്നെ കാണാനില്ല. "പുകവലിക്കുന്നത് അത്ര നല്ലതല്ല കേട്ടോ..." വീണ്ടും അതേ സ്ത്രീ ശബ്ദം. "അതെ നീ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു ". മറ്റൊരു പുരുഷ ശബ്ദം.
എൽദോ ആരെയും കണ്ടില്ല. തന്റെ ഇരുവശങ്ങളിലുമായി ഇരിക്കുന്ന രണ്ടു പേരെ കണ്ടപ്പോൾ എൽദോ അമ്പരന്നു. "ആരാ നിങ്ങളൊക്കെ ?" എൽദോ ആരാഞ്ഞു.
അവർ രണ്ടാളും എൽദോയ്ക്ക് ഹൃദ്യമായ പുഞ്ചിരി നേർന്നു. ഒരല്പം ഗൗരവത്തിൽ രണ്ടാളും ചോദിച്ചു. "ഒന്ന് സൂക്ഷിച്ചു നോക്കിയെ ഞങ്ങളെ മനസ്സിലായില്ലേ ?".
"ഇല്ലന്നേ നിങ്ങളൊക്കെ ആരാ ? എന്താ ഈ സമയത്ത് ഇവിടെ ?". രണ്ട് ചോദ്യങ്ങൾ നാവിൽ നിന്നും മലർക്കെ അടർന്നു വീണു. അവർ രണ്ടാളും പരസ്പരം നോക്കി പുഞ്ചിരിച്ചു.
"ഞാൻ രമണൻ ഇത് ചന്ദ്രിക ". എൽദോയ്ക്ക് ആകെ വട്ടാകുന്നത് പോലെ തോന്നി. "ഞാനിത് എവിടാ ?". തിണ്ണയിൽ നിന്നുമെഴുന്നേറ്റ് അൽപ്പം മാറി തലയുയർത്തി മുകളിലേക്ക് നോക്കി. രാഘവൻ മാസ്റ്റർ സ്മാരക വായനശാല.
എണ്ണിയാലൊടുങ്ങാത്ത ആത്മാക്കൾ അധിവസിക്കുന്ന കൂരയ്ക്ക് മുന്നിൽ എലദോയങ്ങനെ നിന്നു. "എൽദോച്ചായാ ആൻസിയെ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുത്തുന്നേ ? സ്നേഹത്തോടെയൊരു വാക്ക് അല്ലെങ്കിൽ അവളെയെന്തിനാ എഴുതാനും സമ്മതിക്കാത്തെ ?".
"ഇതൊക്കെ ?"
"ഇതൊക്കെ ഞങ്ങൾക്ക് എങ്ങനെ അറിയാമെന്നല്ലേ ? കുരിശ്ശടിക്ക് മുന്നിൽ എത്രയോ തവണ ആൻസി ഇതും പറഞ്ഞു മെഴുകുതിരി നേർന്നിരിക്കുന്നുന്നു. കർത്താവും ഞങ്ങളും പണ്ടേ ഫ്രണ്ട്സാ...".
എൽദോ തലകുമ്പിട്ട് നിന്നു. "എന്താ എൽദോ ഒന്നും മിണ്ടാത്തെ ? "
"ഞാൻ ജോലിക്ക് പോകുമ്പോൾ അവളെന്തിനാ കഷ്ടപ്പെടുന്നേ ?".
"എൽദോച്ചായാ അവളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നേടിയെടുക്കുമ്പോൾ അതൊരു സന്തോഷമല്ലേ... പിന്നെ നമ്മളൊരുപാട് സ്നേഹിക്കുന്ന തൊഴിലിനെ ഉപജീവന മാർഗമാക്കിയാൽ അതെങ്ങനെയാ കഷ്ടപ്പാടാകുന്നത് ?".
"അതൊന്നും ശരിയാകില്ല ".
"എന്ത് കൊണ്ട് ശരിയാകില്ല അവൾ നിന്നേക്കാൾ വളരുമെന്ന ഭയമാണോ ? അതൊക്കെ നിന്റെ വെറും തോന്നലുകൾ മാത്രമാണ്. ആൻസിക്ക് നിന്നോട് സ്നേഹമുള്ളത് കൊണ്ടല്ലേ നിന്റെയീ കള്ളുകുടി മാറാൻ മുട്ടിപ്പായിയിൽ പ്രാർഥിക്കുന്നത്".
"ആഹ് അത് പിന്നെ ". എൽദോയ്ക്ക് ഒന്നും തന്നെ പറയുവാൻ കഴിഞ്ഞില്ല. വാക്കുകൾ മുറിഞ്ഞു വീണു.
അത്രയും നേരം മിണ്ടാതിരുന്ന ചന്ദ്രിക എൽദോയോട് മൊഴിഞ്ഞു. "എൽദോ നീ നിന്റെ ആഗ്രഹങ്ങളെയും സന്തോഷത്തെയും തേടിപ്പിടിക്കുകയും തൃപതിപ്പെടുത്തുകയും
ചെയ്യുമ്പോൾ അതിൽ ജയിച്ചുവെന്ന് മതിമറന്ന് ആഹ്ലാദിക്കുമ്പോൾ, അഹങ്കരിക്കുമ്പോൾ നീ അവളെ വിസ്മരിച്ചിരുന്നു. നീ ഇവിടെയാണ് പരാജയപ്പെട്ടത്. നിന്റെ സന്തോഷത്തിൽ നിന്നേക്കാളേറെ സന്തോഷിക്കുന്നത് ആൻസി തന്നെയാണ്. പക്ഷേ നീയത് കാണാറില്ല, കണ്ടാലും കണ്ടില്ലെന്ന് നടിക്കും".
എൽദോ ഇനിയെങ്കിലും അവളെയൊന്ന് പരിഗണിച്ചൂടെ, അവളുടെ സ്നേഹത്തെ, സ്വപ്നങ്ങളെ, ആഗ്രഹങ്ങളെ, മോഹങ്ങളെ. നിനക്ക് മനസ്സിലായിക്കാണുമെന്ന് കരുതുന്നു.
"നീ ചെല്ല് ആൻസി കാത്തിരിക്കുന്നുണ്ടാവും. ഞങ്ങൾ മടങ്ങുന്നു അപ്പുണ്ണിയും സാന്റിയാഗോയും കാൾമാക്‌സ് അച്ചായനയും ഞങ്ങളെ തേടുന്നുണ്ടാവും. യാത്ര പറയുന്നില്ല."
വീട്ടിലേക്കുള്ള വഴിയാകെ മുള്ളുകൊണ്ടുള്ള ഓട്ട് കഷ്ണങ്ങൾ പാകിയത് പോലെ. ഉടലാകെ മുറിവേറ്റപോലെ. അപ്പോൾ എത്രയോ തവണ ആൻസിയും മുറിവേറ്റിട്ടുണ്ടാകും. ഓരോ ചിന്തകൾ കടന്ന് കൂടിയതോടെ മുഖമാകെ കോടിക്കൊണ്ടിരുന്നു.
വീടിന് മുന്നിലെത്തിയപ്പോൾ എൽദോയൊന്ന് പതറി. പടിക്കെട്ടിൽ കുറച്ചു നേരമിരുന്നു. തല പതിയെ ചായ്‌ഞ്ഞു വാതിലിൽ മുട്ടി.
ഇരുട്ടിൽ കുതിർന്നിരുന്ന എൽദോയ്ക്ക് മുകളിലൂടെ വെളിച്ചം വീണു. "നിങ്ങളെപ്പോ വന്നു ? എന്താ വിളിക്കാഞ്ഞേ ? ഒന്നിന് പിറകെ ഒന്നായി ഓരോ ചോദ്യങ്ങൾ.
എൽദോ ചാടിയെഴുന്നേറ്റ് ആൻസിയെ ചേർത്തു പിടിച്ചു. "നീയെന്നോട് ക്ഷമിക്കില്ലേ ? ". എൽദോയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. "ഞാൻ നിന്നെ മനസിലാക്കാൻ ശ്രമിച്ചില്ല. ഈ പാപിയോട് നീ ക്ഷമിച്ചെന്നു പറ ". സന്തോഷം കൊണ്ട് ആൻസിയുടെ മുഖം ചുവന്നിരുന്നു. മൂർദ്ധാവിൽ ചുംബനങ്ങൾ പൊള്ളലേൽപ്പിക്കുമ്പോഴും ആൻസി എൽദോയുടെ മാറോട് ചായ്‌ഞ്ഞുറങ്ങിയിരുന്നു.
ശുഭം 🖤
well done...ezhuthinta shaili veritt nilkunnu...nalla avatharanashaili...iniyum ithpolullath pratheekshikunnu
ReplyDelete