ന്യൂഇയർ 🎉
ഒന്ന്
ഒരുപാട് ആലോചിച്ചിരുന്നു ഇനിയുമൊരു തീരുമാനത്തിലെത്താൻ കഴിഞ്ഞില്ലെങ്കിൽ അതൊരു പക്ഷേ ജീവിതത്തോട് കാണിക്കുന്ന നെറികേടായിരിക്കും .
രാത്രി അതിന്റെ നെറുകയിലെത്തിയിരുന്നു . രാവ് ഇരുണ്ട് കൂടിയപ്പോൾ തലങ്ങും വിലങ്ങുമായി മഴയും പെയ്തു തുടങ്ങി .യാതൊരു കൂസലുമില്ലാതെ ജന്നൽ പാളികൾക്കിടയിലൂടെ അകത്തേക്ക് കടന്ന മിന്നൽ വെളിച്ചം ചിത്രപ്പണികൾ നടത്തി ഇരുളിൻ മറവിലൊളിച്ചു .
ടേബിൾ ലാംബ് വെളുത്ത നിറത്തിൽ പ്രകാശത്തെ ചുമച്ചു തുപ്പി .അത്യാവശ്യം വലിപ്പമുള്ള ഒരു മുറി .ചുമരിൽ ഇനിയൊരിക്കലും തിരിച്ചുവരാൻ കഴിയാത്ത വിധം ഭൂതകാലത്തെ ചില്ലിട്ട് വെച്ചിരിക്കുന്നു . തോളോട് തോൾ ചേർന്ന് നിൽക്കുന്ന മൂന്ന് പേർ . കിരുകിരുത്ത പല്ല് കാട്ടിയുള്ള ചിരിയാണ് .അലക്ഷ്യമായി ചിതറിക്കിടക്കുന്ന പുസ്തകങ്ങൾ .കസേരയിലും കിടക്കയിലുമായി കെട്ട്പിണർന്നു കിടക്കുന്ന കുപ്പായങ്ങൾ .തല ചരിച്ചു മൂകാനായി കിടക്കുന്ന വലിയൊരു കരടിപ്പാവ.ചില്ല് കുപ്പിയിൽ നിറക്കൂട്ട് ചേർത്ത് കോറിയിട്ടിരിക്കുന്നു .
സ്വകാര്യതയെ നാല് മീറ്റർ നീളത്തിൽ പൊതിഞ്ഞിരുന്ന മെറൂൺ നിറത്തിലുള്ള കർട്ടൻ ശീതക്കാറ്റിന്റെ അതിരു കവിഞ്ഞ ചുംബനം കൊണ്ട് മോഹാലസ്യപ്പെട്ടു . ടേബിളിനരികിലേക്ക് ഒരു കസേര വലിച്ചടിപ്പിച്ചിട്ട് കബോർഡിൽ നിന്നും ഒരു ഡയറിയെടുത്തു . അധികമൊന്നും ആലോചിക്കാതെ അതിലെന്തൊക്കെയോ തുന്നിപ്പിടിപ്പിക്കാൻ ശ്രമിച്ചു .
സ്നേഹം നിറഞ്ഞ അച്ഛനും അമ്മയ്ക്കും ഏട്ടനും സ്നേഹം കൊണ്ട് എന്നെ സ്വാധീനിച്ച മുത്തശ്ശിക്കും , ഇനിയും ഈ വീട്ടിൽ ജീവിക്കുന്നതിൽ അർത്ഥമില്ല എന്ന ബോധ്യമാണ് എന്നെ ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിച്ചത് . ഇതൊരു ഒളിച്ചോട്ടമൊന്നുമല്ല എന്നെ കണ്ടെത്താൻ ജീവിതത്തിൽ ജീവിച്ചു തീർക്കാൻ ഇനിയും ജീവിതമുണ്ടെന്ന് കണ്ടെത്താനുള്ള ഒരു യാത്ര . അധികം താമസിയാതെ തന്നെ ഞാൻ മടങ്ങി വരും
എന്ന് , വാസുകി .
രണ്ട്
അച്ചച്ചോ എഴുന്നേൽക്ക് ദേ ഇത് നോക്കിയേ ... ഉറക്കത്തിന്റെ ആലസ്യത്തിലായിരുന്ന ജോബിനെ തട്ടിവിളിച്ചു കൊണ്ട് ജെസീക്ക പറഞ്ഞു . ഡയറക്ടർ അനുപ്രിയ കൊച്ചിയിൽ ഉണ്ടെന്ന് . ജോബ് ചുമരിൽ തറച്ചിരുന്ന കലണ്ടറിലേക്ക് നോക്കി . ക്രിസ്മസ് എല്ലാക്കൊല്ലവും ഉണ്ടാല്ലോ ... ഇത് കർത്താവായിട്ട് കൊണ്ട് വന്നതാ എന്തായാലും കൊച്ചിക്ക് പോണം . ഇതിപ്പോ എത്രയെന്നും വെച്ചാ വർഷം രണ്ടായി കഥയെഴുതി വെച്ചിട്ട് . ചാച്ചനെ പേടിച്ചിരുന്നിട്ട് കാര്യമില്ല . പോയേ പറ്റു . നീയിത് എന്നാ അറിഞ്ഞിട്ടാ തുള്ളണേ അങ്ങനെ പെട്ടന്ന് ചെന്നാലൊന്നും കഥയൊന്നും ആരും കേൾക്കില്ല . ഇനി ചാച്ചനറിഞ്ഞിട്ട് വേണം അടുത്ത പൊല്ലാപ്പ് .
ചാച്ചനോട് ഞാൻ പറഞ്ഞോളാം അച്ചച്ചൻ എഴുന്നേൽക്ക് . ജോബിന്റെ കൈയിലേക്ക് ഒരു ബാഗ് കൊടുത്ത് ജെസീക്ക പുറത്തേക്കിറങ്ങി . ഇന്നാ ഇത് കുറച്ചു രൂപയുണ്ട് . എടി ... നീയിത് ... അച്ചച്ചൻ പോകണം . ഇനിയും ഇവിടെ നിന്നാ .... പതിയെ രണ്ടാളുടെയും മുഖത്ത് വിഷാദത്തിന്റെ വിയർപ്പ് കുരുക്കൾ പൊടിഞ്ഞു .
കൂടുതൽ വാർത്തമാനത്തിന് മുതിരാതെ ജെസീക്ക ജോബിനെ യാത്രയാക്കി .
മൂന്ന്
എടിയേ ജോബ് എന്തിയേ ... അവറാൻ വരാന്തയിലിരുന്ന് കൊണ്ട് ഉറക്കെ വിളിച്ച് ചോദിച്ചു . റോസക്കുട്ടി അടുക്കളയിൽ തിരക്കിലായിരുന്നു . ഒരു കപ്പ് കാപ്പിയുമായി ജെസീക്ക അവറാന്റെ അടുത്തേക്ക് ചെന്നു . അപ്പാ ... കട്ടൻ .
ജോബ് എന്തിയേടി ... കലപ്പയിൽ അടിഞ്ഞിരുന്ന ചേറ് കമ്പ് കൊണ്ട് കുത്തിയിളക്കി കളഞ്ഞു കൊണ്ട് ചോദിച്ചു . ജെസീക്ക ഒന്നും പറഞ്ഞതുമില്ല . വീടിന് മുന്നിലൂടെ പോയ കുട്ടപ്പായി അവറാനോടായി ചോദിച്ചു . ഇച്ചായോ ജോബ് ഇന്നലെ രാത്രി ബാഗും തൂക്കി പോണത് കണ്ടല്ലോ . എവിടെക്കാ ... കുട്ടപ്പായിയുടെ പിറകിലായി വന്ന ഭാര്യ കുഞ്ഞുമോൾ ദേശ്യപ്പെട്ട് കൊണ്ട് , ദേ മനുഷ്യാ നേരം വൈകി വാ ഇങ്ങോട്ട് .
ജെസീക്ക അടുക്കളയിലേക്ക് പോകാൻ തിരിഞ്ഞതും ,നീയൊന്ന് നിന്നേ അവനെവിടാ പോയേ ... അവറാന്റെ മുഖത്ത് പുരികം ഉയർന്ന് പൊങ്ങി , നെറ്റിത്തടം ചുളിഞ്ഞു . ദേഷ്യം അടക്കിപ്പിടിച്ചു കൊണ്ട് അയാൾ ചോദിച്ചു .
നീയറിയാതെ അവനെവിടെ പോകാനാ ...
അച്ചച്ചൻ കൊച്ചിക്ക് പോയതാ . ഡയറക്ടർ അനുപ്രിയയെ കാണാൻ . നേരെ ചൊവ്വേ ഒരാളോട് സംസാരിക്കാൻ അറിയാത്തവനാണോ സിനിമ ചെയ്യുന്നത് . അവറാൻ ശബ്ദമുയർത്തി .
ആരാ അച്ചച്ചനെ കഴിവുകെട്ടവനാക്കിയത് . കൂട്ടിടച്ചിട്ട കിളിയെപോലെ ഒരു സ്വാതന്ത്ര്യവുമില്ലാതെ വീട്ടിൽ അപ്പന്റെ ഇഷ്ടത്തിന് കാളയെപ്പോലെ പണിയെടുപ്പിച്ചു . അച്ചച്ചന് അപ്പനോട് പേടിയുണ്ടായിട്ടല്ല മറിച്ചൊന്നും മിണ്ടാത്തത് സ്നേഹം ഉള്ളോണ്ടാ . നിങ്ങടെ ഹൃദയം കരിങ്കല്ലാ ... ജെസീക്ക ഉള്ളിലടക്കി വെച്ചിരുന്ന തീക്കനൽ പുറത്തേക്കെറിഞ്ഞു . അവറാൻ അവളുടെ മുഖത്തേക്ക് ആഞ്ഞടിച്ചു . ഈ വീട്ടിലിതുവരെ ഒരുത്തിയും നാവുയർത്തി സംസാരിച്ചിട്ടില്ല . അടങ്ങിയൊതുങ്ങി കഴിഞ്ഞോണം .
നാല്
അന്നൊരു ഞായറാഴ്ചയായിരുന്നു . വേദപാഠം കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ജോബ് അൾത്താരയിലെ ക്രൂശിതനായ നല്ല ഇടയനെ നോക്കി , എനിക്ക് ഒരു താലന്തും ഇല്ലേ ഈശോയേ . വലുതാകുമ്പോൾ എന്താവണമെന്ന് പീറ്ററച്ഛൻ ചോദിച്ചപ്പോൾ നടുത്തേരിയിലുള്ള കൃഷ്ണൻ വക്കീലിനെ പോലെ ആകണമെന്ന് പറഞ്ഞു . അച്ചൻ പറയാ അതിന് വാക്ക്ച്ചാതുര്യം വേണമെന്ന് . ഞാൻ നേരെയൊന്ന് സംസാരിക്കാറുക്കൂടിയില്ലല്ലോ എന്ന് . റോയിയും റോസ്മോളും എല്ലാരും കളിയാക്കി ചിരിച്ചു . അപ്പോ എനിക്ക് ഒന്നും ആകാൻ പറ്റില്ലേ ... ജോബിന്റെ കണ്ണ് നിറഞ്ഞിരുന്നു . തലകുനിച്ചു കൊണ്ട് അവൻ അവിടെ നിന്നും പുറത്തേക്ക് നടന്നു .
അഞ്ച
ടോ ഉറങ്ങിയത് മതി കൊച്ചിയെത്തി . ജോബിനെ ഉറക്കത്തിൽ നിന്നും കണ്ടക്ടർ വിളിച്ചുണർത്തി .ബാഗ് ചുമരിലേക്കിട്ട് കൊണ്ട് അവൻ പുറത്തേക്കിറങ്ങി . നേരം പുലാരൻ തുടങ്ങിയിരുന്നു . പത്രക്കെട്ടുകളുമായി ഒരു ചെറുപ്പക്കാരൻ ജോബിനെ കടന്ന് പോയി . ആരോടാണൊന്ന് ഡയറക്ടർ അനുപ്രിയയുടെ സിനിമ ഷൂട്ട് നടക്കുന്ന ലൊക്കേഷൻ ചോദിക്കേണ്ടത് . ജോബ് ആശങ്കയിലായി . അവൻ മുന്നേ കണ്ട വഴിയിലൂടെ നടക്കാൻ തീരുമാനിച്ചു . ഇന്ന് മുതൽ കൊച്ചിൻ കാർണിവൽ തുടങ്ങുകയാണ് . നടവഴിയിലാകെ തോരണങ്ങളും ചുമരിൽ എഴുത്തുകളും അവൻ നോക്കിക്കണ്ടു .
ആറ്
ജോബ് അധികം ആൾത്തിരക്കില്ലാതെ ഒരു പാർക്കിന് മുന്നിലെത്തി . അവിടാകെ നിശ്ചിത അകലത്തിൽ ക്രമീകരിച്ചിരിക്കുന്ന കോൺക്രീറ്റ് കസേരകൾ . ചില കസേരകൾക്ക് താഴെയായി തെരുവ് നായകൾ ഉറങ്ങുന്നുമുണ്ട് . അതിലൊരു കസേരയിൽ ജോബുമിരുന്നു . അന്തർമുഖനായ ജോബ് പലപ്പോഴും ആളുകകെ കാണുമ്പോൾ തലകുനിച്ചും മറ്റെവിടേക്കെങ്കിലും നോക്കിയിരിക്കും . അവന്റെ അടുത്തേക്ക് ഒരു വയസ്സൻ വന്നിരുന്നു . കുറച്ചു കഴിഞ്ഞ് ഒരു യുവതിയും .
ഏഴ്
ജോബിന്റെ ഇരുവശത്തുമായി അവർ രണ്ട് പേരുമിരുന്നു . പെട്ടെന്നായിരുന്നു ഒരു കുഴഞ്ഞു മറിച്ചിൽ ഉണ്ടായത് . വയസ്സൻ ബോധരഹിതനായി നിലത്തേക്ക് വീണു .പേടിച്ചു പോയ ജോബ് എന്ത് ചെയ്യണമെന്നറിയാതെ അന്താളിച്ചു നിന്നു . നോക്കി നിക്കാതെ ഒന്ന് പിടിക്കടോ ... യുവതി ദേഷ്യപ്പെട്ടു . അയാളെ നിലത്തു നിന്ന് പിടിച്ചെഴുന്നേൽപ്പിച്ച് കസേരയിലേക്കിരുത്തി . യുവതി തന്റെ ബാഗിൽ നിന്നും കുപ്പി വെള്ളമെടുത്ത് മുഖത്തേക്ക് തളിച്ചു .
എട്ട്
ഇതാണോ അപ്പുപ്പന്റെ വീട് . വിൽസൺ വില്ല എന്ന് ഒരു ചതുർഫലകത്തിൽ എഴുതിരിക്കുന്നത് കണ്ട് ചോദിച്ചു . യുവതി ചുറ്റുപാടും നിരീക്ഷിച്ചു . ഒരു ഇരുനിലക്കെട്ടിടം മുറ്റത്ത് ചെടിച്ചെട്ടികൾ നിരത്തി വെച്ചിരിക്കുന്നു . പോർച്ചിൽ പഴയൊരു പദ്മിനിയുമുണ്ട് . അപ്പൂപ്പൻ ഇവിടെ ഒറ്റയ്ക്കാണോ . യുവതി പിന്നെയും ചോദിച്ചു . അയാൾ തലയാട്ടി . ഇതെല്ലാം കണ്ട് കൊണ്ട് നിൽക്കുകയായിരുന്നു ജോബ് . വീടിനകത്തേക്ക് പ്രവേശിച്ചപ്പോൾ ജോബ് അത്ഭുതപ്പെട്ടു . ചുമരിൽ ക്ലാപ് ബോർഡും സിനിമ താരങ്ങളോടൊപ്പമുള്ള ചിത്രവും , മറ്റൊരിടത്ത് ഫിലിം ക്യാമറയും .
ഒൻപത്
ജോബ് അതൊക്കെ കണ്ട് അമ്പരന്നിരുന്നു . അതൊക്കെ എന്റെ മകന്റെയാ ഒരു നാലഞ്ചു കൊല്ലം സിനിമാ ഫീൽഡിലുണ്ടായിരുന്നു . പിന്നെ ... വാക്കുകൾ മുറിഞ്ഞു വീണു .
യുവതി ചോദിച്ചു പിന്നെ എന്ത് പറ്റി . തമിഴ്‌നാട്ടിൽ വെച്ച് അവന്റെ പുതിയൊരു പടത്തിന്റെ ഷൂട്ട് ഉണ്ടായിരുന്നു . ഇച്ചിരി നീണ്ടൊരു ഷെഡ്യൂള് . ഒരു സായിപ്പൻ കുന്ന് അതായിരുന്നു ലൊക്കേഷൻ . ഒരു ഫാന്റസി മൂവി . അവൻ ഇടക്കിടെ കഥയൊക്കെ പറഞ്ഞു കേൾപ്പിക്കുമായിരുന്നു . വൃദ്ധന്റെ ശബ്ദം പതിയെ ഇടറുവാൻ തുടങ്ങി . നാല് ദിവസം കഴിഞ്ഞ് ചെന്നൈയിൽ നിന്നൊരു കാൾ വന്നിരുന്നു . ഓടിപ്പിടച്ചു അങ്ങ് ചെന്നപ്പോൾ എന്റെ ചെക്കൻ ഐ .സി.യുവിലാ കൂടിപ്പോയാൽ ഒരു മണിക്കൂർ എന്നാ ഡോക്ടർ പറഞ്ഞത് . അവൻ കുറേ ആഗ്രഹിച്ചിരുന്നു ആ കഥയൊന്ന് സിനിമയായി കാണാൻ . കൊണ്ട് പോയില്ലേ അവനെ അന്ന് തൊട്ട് ഞാൻ ഒറ്റയ്ക്കാ .
പത്ത്
മൗനം അവരുടെമേൽ മാറാല കെട്ടി .അല്ല നിങ്ങളുടെ പേര് ചോദിക്കാൻ വിട്ടു . വാസുകി . ജോബ് .
ജോബിനെന്താ ജോബ് . പറയാൻ പണിയായിട്ട് ഒന്നുമില്ല നാട്ടിൽ അപ്പന് കൃഷിയാണ് . ഞാൻ കൂടെ സഹായിക്കും . കൈയിൽ ഒന്ന് രണ്ട് സബ്ജെക്ട് ഉണ്ട് . ഡയറക്ടർ അനുപ്രിയ ഇവിടെയുണ്ടെന്ന് അറിഞ്ഞു . ഒന്ന് കഥ പറഞ്ഞാൽ കൊള്ളാമെന്നുണ്ട് . അപ്പോ താനൊരു എഴുത്തു കാരനാണ് . ആട്ടെ വാസുവിനെന്താ ജോലി . ഞാനൊരു ആർക്കിട്ടെക്ക്ച്ചർ ആണ് .
നിങ്ങളെവിടാ താമസം . ഞാൻ ശരിക്കും നാടൊക്കെയൊന്ന് ചുറ്റിക്കറങ്ങാൻ ഇറങ്ങിയതാ . വാസുകി ആരാഞ്ഞു . താനോ ... ഇതുവരെ താമസിക്കാനുള്ള സ്ഥലമൊന്നും ശരിയാക്കിയിട്ടില്ല .
വിരോധമില്ലേൽ രണ്ടാൾക്കും ഇവിടെക്കൂടം . വിൽസൺ രണ്ടാളുടെ മുഖത്തേക്കും മാറി മാറി നോക്കി .
പതിനൊന്ന്
ഡെയിനിങ് ടേബിളിന് അടുത്തിരുന്ന് ഡയറിയിൽ കുത്തിക്കുറിക്കുകയായിരുന്നു ജോബ് . താൻ ഡയറിയൊക്കെ എഴുതുമോ ... കൈയിൽ രണ്ട് കപ്പ് ചായയുമായി വിൽസൺ അടുത്തേക്ക് വന്നു . വാസു എന്തിയെ . പോയി വിളിച്ചോണ്ട് വാടോ . അതേ അപ്പൂപ്പൻ വിളിക്കുന്നു . വാസുകി വരാന്തയിൽ നിൽക്കുകയായിരുന്നു .മം അവൾ മൂളി .
പന്ത്രണ്ട്
വാസു എന്താ നിന്റെ മുഖത്തൊരു വാട്ടം . ഏയ് ഒന്നൂല്ല . പറയെടോ . ഞാൻ എന്റെ അപ്പൂപ്പനെ ആലോചിച്ചതാ . പറയാൻ വലിയ വീടുണ്ട് ,അച്ഛൻ അമ്മ ചേട്ടൻ അമ്മുമ്മ അപ്പൂപ്പൻ അങ്ങനെ . പക്ഷേ എന്നെ കേൾക്കാൻ ആരുമില്ലായിരുന്നു . എല്ലാരും അവരുടേതായ തിരക്കുകളിൽ . അപ്പൂപ്പൻ ഉണ്ടായിരുന്നപ്പോൾ ഒറ്റയ്ക്കാണൊന്നും തോന്നിയിട്ടില്ല . അല്ലേലും നമുക്ക് ചുറ്റുമുള്ള ലോകം നമ്മുടേതല്ലെന്ന് തോന്നിത്തുടങ്ങിയാൽ എന്തെങ്കിലും കാര്യമുണ്ടോ ?
ഒരു മാറ്റം വേണമെന്ന് തോന്നി അങ്ങനെ വീട് വീട്ടിറങ്ങി .
ജോബും അപ്പൂപ്പനും ഒന്നും മിണ്ടിയില്ല . ആ ഫ്ലോ അങ്ങ് പോയി നല്ലൊരു ക്രിസ്മസ് ആയിട്ട് . അപ്പൂപ്പൻ മുറ്റത്തേക്കിറങ്ങി . കൊട്ടും പാട്ടും ആരവുമായി കരോൾ സംഘവും എത്തി .
പതിമൂന്ന്
ടോ ഞാനുമുണ്ട് തന്റെ കൂടെ . ജോബും വാസുകിയും അനുപ്രിയയെ കാണാൻ ഷൂട്ടിങ് സ്ഥലത്തേക്ക് പോയി .അവിടെയാകെ തിരക്കാണ് . പ്രൊഡക്ഷൻ കൺട്രോളറിനോട് ജോബ് ചോദിച്ചു . പ്രിയാ മാംനെ ഒന്ന് കാണാൻ . ഒരു കഥ പറയാനാ . ഒന്ന് പോടോ ഷൂട്ട് ഇനിയും കഴിഞ്ഞിട്ടില്ല . താൻ പോയിട്ട് പിന്നെ എപ്പഴേലും വാ .
ഇനിയിപ്പോ എന്താ ചെയ്യാ ...
വഴിയുണ്ട് വാ... വാസുകി പറഞ്ഞു . ഹോയ് ... വാസുകി നീയെന്താ ഇവിടെ . കോളേജ് കഴിഞ്ഞിട്ട് നിന്റെയൊരു വിവരം പോലുമില്ലായിരുന്നല്ലോ ... അല്ല ഇതാരാ . അതൊക്കെ പറയാം . നിനക്കെന്താ ഇവിടെ പണി . ഞാനാ ഈ ഫിലിമിന്റെ ആർട്ട് ഡയറക്ടർ . നിന്റെയൊരു ഹെല്പ് വേണമായിരുന്നു . ഇത് ജോബ് ആൾടെ കൈയിൽ ഒരു കഥയുണ്ട് . പ്രിയ മാംനോട് ഒന്ന് കഥ പറയാൻ ഒരു വഴി .
നീ ഒന്ന് വെയിറ്റ് ചെയ്യ് ഞാൻ ദാ ഇപ്പോൾ വരാം .
പതിനാല്
കഥ നന്നായിട്ടുണ്ട് . ക്ലൈമാക്സിൽ കുറച്ചു മാറ്റം വരുത്തണം .ഈ പടത്തിന്റെ ഷൂട്ട് കഴിഞ്ഞിട്ട് നമുക്കൊന്നിരിക്കാം . ഓക്കേ മാം .
പതിനഞ്ചു
ഇന്ന് ഈ സന്തോഷത്തിൽ തന്റെ വക ചിലവ് . നമുക്ക് പുറത്ത് പോയാലോ . ചാവി ഇന്നാ പദ്മിനി കൂർക്കം വലിക്കാൻ തുടങ്ങിയിട്ട് നാള് കുറച്ചായി . ബീച്ചിലേക്കായിരുന്നു യാത്ര . തിരമാലകൾ കലങ്ങി മറിഞ്ഞു വീഴുന്നത് കാണാൻ ഒരു രസമുണ്ട് . അപ്പൂപ്പനും ജോബും മണലിൽ വീടുണ്ടാക്കുകയായിരുന്നു . ഡിങ് ഡിങ് ആർക്കേലും ഐസ് ക്രീം വേണോ ? വാസുകി ചോദിച്ചു . അപ്പൂപ്പൻ കയ്യുയർത്തി കാണിച്ചു .
ഇതെല്ലാം വീക്ഷിക്കുകയായിരുന്നു മറ്റൊരു നാൽവർ സംഘം .
പതിനാറ്
അളിയാ ദേ ടാ ചെല്ല് ചെന്ന് മുട്ട് . ഒരുവൻ വാസുകിയുടെ അടുത്തേക്ക് ചെന്നു . മോളെ ഐസ് ക്രീം ചേട്ടൻ വാങ്ങിത്തരാം . വഴിയിൽ വട്ടം നിന്ന് കൊണ്ട് അവൻ പറഞ്ഞു . മാറ് എനിക്ക് പോകണം . അങ്ങനങ്ങു പോയാലോ ... അയാൾ കൈയിൽ കടന്ന് പിടിച്ചു കൊണ്ട് പറഞ്ഞു . വാസുകി കൈ തട്ടിമാറ്റി പടക്കം പൊട്ടുന്ന ശബ്ദത്തിൽ അയാളുടെ കാരണത്തൊന്നു കൊടുത്തു .
ടീ ... അപ്പോഴേക്കും അവിടാകെ ആള് കൂടിയിരുന്നു . താമസിയാതെ മൂന്നാളും വീട്ടിലേക്ക് തിരിച്ചു .
ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു .
പതിനേഴ്
വിൽസൺ കലണ്ടറിലേക്ക് നോക്കി. നാളെ 30 മറ്റന്നാൾ കൂടി കഴിഞ്ഞാൽ അവർ രണ്ടാളും പോകും . എന്താ മാഷേ ഒരു ശോകം . വാസുകി ചോദിച്ചു . മറ്റന്നാൾ കൂടി കഴിഞ്ഞാൽ നിങ്ങൾ രണ്ടാളും പോകില്ലേ . എനിക്കൊരാഗ്രഹമുണ്ട് കൈയിൽ കരുതിയിരുന്ന ഫോട്ടോ അവർക്ക് നേരെ നീട്ടിക്കൊണ്ട് അപ്പൂപ്പൻ പറഞ്ഞു .
ഇതേതാ സ്ഥലം സായിപ്പൻ കുന്ന് . അവനവിടെ കാണും . നിങ്ങളെന്റെ കൂടെ വരില്ലേ . വാസുകി ജോബിന്റെ മുഖത്തേക്ക് നോക്കി .
പതിനെട്ട്
പദ്മിനിയുമായി അവർ മൂന്നാളും വീട്ടിൽ നിന്നിറങ്ങി . റെയിൽ വേ സ്റ്റേഷനിൽ എത്തിയപ്പോൾ സമയം നന്നേ വൈകിയിരുന്നു . കാർ പാർക്ക് ചെയ്ത് വാസുകി അപ്പൂപ്പന്റെ അടുത്തേക്ക് ചെന്നു . ജോബ് ടിക്കറ്റ് മേടിക്കിക്കാൻ പോയിരുന്നു .
പത്തൊൻപത്
അപ്പോഴാണ് ബീച്ചിൽ വെച്ച് വാസുകി തല്ലിയ നാൽവർ സംഘത്തിലെ ആ ഒരുവനെയും കൂട്ടാളികളെയും കണ്ടത് . ദേ ടാ നിന്നെ തല്ലിയവൾ . അവർ അവർക്ക് നേരെ പാഞ്ഞു . ജോബിന്റെയും അപ്പൂപ്പന്റെയും കൈയിൽ പിടിച്ചു കൊണ്ട് വാസുകി ഓടി . റെയിൽ വേ സ്റ്റേഷന് സമീപത്തായുള്ള പൂട്ടിക്കിടക്കുന്ന ഓട് ഫാക്ടറിയിലേക്കാണ് അവർ ഓടിക്കയറിയത് . പിറകെ അവർ ഓടിയെങ്കിലും അവർ മൂന്ന് പേരെയും കണ്ടെത്താനായില്ല . കുറച്ചു കഴിഞ്ഞ് അവർ പുറത്തേക്കിറങ്ങി . ചെന്ന് പെട്ടത് നാൽവർ സംഘത്തിന് മുന്നിൽ . മൂന്നാളും പിന്നെയെയും ഓടി . ഓടിയെത്തിയത് നാലാം നമ്പർ റെയിൽ വേ പ്ലാറ്റഫോംമിലാണ് . സായിപ്പൻ കുന്നിലേക്കുക ട്രെയിൽ രണ്ടാം പ്ലാറ്റഫോംമിലും . അവരുടെ പിറകെ നാൽവർ സംഘവും ഉണ്ടായിരുന്നു .
ആരുടെയൊക്കെയോ മറവുപിടിച്ചു കൊണ്ട് രണ്ടാം നമ്പർ പ്ലാറ്റഫോംമിലെത്തി . ട്രെയിയിനിൽ മൂന്നാളും ചാടിക്കയറി .ട്രെയിൻ പതിയെ ചലിച്ചു തുടങ്ങിയിരുന്നു .
ഹാവൂ ... അവർ മൂന്നാളും നെടുവീർപ്പിട്ടു കൊണ്ട് പരസ്പരം നോക്കി ചിരിച്ചു .
ഇരുപത്
ഡിസംബർ 31. വാസുകിയും അപ്പൂപ്പനും ജോബും സായിപ്പൻ കുന്ന് കയറി തുടങ്ങി . ഉയരം കൂടും തോറും അവരുടെ ആകാംഷയും കൂടിക്കൊണ്ടിരുന്നു . ഒടുവിൽ അവർ കുന്നിൻ മുകളിലെത്തി . വലിയൊരു താഴ്‌വാരം . ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾ . ചീപ് ചീപ് ശബ്‍ദത്തിൽ ചീവിടുകളും കാഹളം മുഴക്കിക്കൊണ്ടിരുന്നു .
സമയം 12:00 മണിയായതും അങ്ങ് ദൂരെ ആകാശത്തിൽ നിറക്കൂട്ടുകൾ ഉയർന്ന് പൊങ്ങി പൊട്ടി വിരിഞ്ഞു . വാസുകി ഉറക്കെ വിളിച്ച് കൂവി . ഹാപ്പി ന്യൂഇയർ .... ഹാപ്പി ന്യൂഇയർ ...
ലൈറ്റ്സ് ഓൺ . കട്ട് ഇറ്റ് . പാക്ക് അപ്പ് ...
Comments
Post a Comment
🥰