ആമുഖം... 🖤
തൊണ്ണൂറുകളിലാണ്, മഴ തുള്ളിമുറിഞ്ഞിട്ടില്ലാത്ത രാത്രിയിൽ ഞാൻ ആ വേശ്യ സ്ത്രീയെക്കുറിച്ചോർത്തു. താത്രി എന്നാണ് അവരുടെ പേര്. കാമാത്തിപുരത്തു വെച്ച് കണ്ട്മുട്ടാനായിരുന്നു നിയോഗം. ഞാനും മായയും ദേവദാസി വിഭാഗത്തെക്കുറിച്ച് ഒരു സ്പെഷ്യൽ ഫീച്ചർ റിപ്പോർട്ട് ചെയ്യാനായി അവിടെ എത്തിച്ചേർന്നതാണ്. ചുവന്ന തെരുവിലൂടെയുള്ള യാത്ര ഞങ്ങളിൽ ആശ്ചര്യവും ആകാംഷയായും ഉളവാക്കി.
അപരിചിതമായ മുഖങ്ങൾ ഞങ്ങളെ കടന്നു പോകുമ്പോഴൊക്കെയും കണ്ണുകളിലെ നിസ്സഹായത നിഴലിച്ചു നിൽക്കുന്നത് കാണാമായിരുന്നു. എവിടെയും ആർപ്പുവിളികളും ജതിയും മാത്രം അതങ്ങനെ ഉയർന്നു കൊണ്ടിരുന്നു താളാത്മകമായി.
ഇരുട്ട് പടർന്നു കയറാൻ തുടങ്ങിയപ്പോൾ അവിടമാകെ ദീപനാളങ്ങൾ തിരി തെളിഞ്ഞു. പ്രകാശത്തിന്റെ തുരുത്ത് പോലെ വർണ്ണങ്ങൾ ഓരോ മിഴികളിലും അഭിരമിച്ചു കൊണ്ടിരുന്നു.
വളരെ അടുത്ത് നിന്ന് തന്നെ ഞങ്ങൾ കണ്ടു. വഴിയോരത്ത് വില്പനക്കായി വെച്ചിരിക്കുന്ന ഉടലുകൾ. ചായം തേച്ച മുഖങ്ങളിൽ ചെറുപുഞ്ചിരി മിന്നി മറയുന്നുണ്ടായിരുന്നു. ഒന്ന് സൂക്ഷിച്ചു നോക്കിയാൽ കണ്ണുകളിൽ മുറിവേറ്റ മനസ്സ് കാണാം. ശൂന്യമായ കയറ്റു കട്ടിലുകൾ പുതിയൊരു അതിഥിയെ കാത്ത് കിടക്കുന്നത് പോലെ തോന്നി. കാഴ്ചകളുടെ കാഠിന്യം കൂടുംന്തോറും ഞങ്ങളുടെ ഹൃദയതാളം മുറുകിക്കൊണ്ടിരുന്നു.
കന്യകമാരായ സ്ത്രീകളെ തേടി വരുന്ന മാംസദാഹികൾ അന്നാട്ടിലെ പ്രമുഖർ തന്നെയായിരുന്നു. മെഴ്സിഡസ് ബെൻസുകളിൽ ഉല്ലാസയാത്ര ചെയ്യുകയും ടെക്സ്സീടയും ബ്ലാക്ക് സ്യൂട്ടും ധരിച്ച് സമൂഹത്തിൽ വമ്പ് കാട്ടിയിരുന്ന മാതൃകാ പുരുഷന്മാർ. വ്യവസായികൾ, രാഷ്ട്രീയക്കാർ, പോലീസുകാർ അങ്ങനെ പോകുന്നു ആ നീണ്ട നിര.
താത്രിയെ ഞങ്ങൾ പരിചയപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു. നാട്ടിൽ സ്വദേശം പാലക്കാടിനോട് അടുത്തുള്ള അയ്യപുരമാണ്. അവരെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങൾക്ക് ആഗ്രഹം തോന്നി. എല്ലാ ദിവസവും ഉച്ചതിരിഞ്ഞ് കടല് കാണാൻ പോകാറുണ്ടെന്ന് അവർ ഞങ്ങളോട് പറഞ്ഞു. അവരുടെയൊപ്പം ഞങ്ങളും കൂടി.
ഈ വേഷപ്പകർച്ച അതെന്തിന് വേണ്ടിയായിരുന്നു ?
അക്ജ്ഞാതമായ ഭൂമിയിലൂടെ കാരണമില്ലാതെ യാത്ര ചെയ്യുന്നവരല്ലേ നമ്മൾ. മനസ്സിലും ശരീരത്തിലും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ബന്ധനങ്ങളെ മോചിപ്പിക്കുവാൻ, ഒരു സ്വാതന്ത്ര്യം അത് അനിവാര്യമായിരുന്നു. പക്ഷേ ഇങ്ങനെയൊരു വേഷം തിരഞ്ഞെടുത്തത് നിങ്ങളിൽ ജാള്യത ഉളവാക്കിയില്ലേ ? മായ ആരാഞ്ഞു.
താത്രി കടലാഴങ്ങളിലേക്ക് നോക്കി പുഞ്ചിരിച്ചു. തിരമാലകൾ കരയെ പുൽകിക്കൊണ്ടിരുന്നു. മണൽത്തരികളെ ചുംബിച്ചുണർത്തി ഊളിയിട്ട് കൊണ്ട് ഒരുപോക്ക് പോകുന്ന തിരമാലയെ എന്നും ഇവർ കാണുമെന്ന് പറഞ്ഞത് വെറുതെയല്ല.
ഞങ്ങളുടെ മൗനങ്ങൾക്കിടയിലേക്ക് ഒരു ചോദ്യം പറന്നു വീണു. ഈ ഭൂമിയിൽ ഏറ്റവും വന്യമായത് അതെന്താണ് ? മായ ജിജ്ഞാസയോടെ താത്രിയോട് ചോദിച്ചു. ഒരു നിമിഷം അവരുടെ നോട്ടം എന്നിലേക്ക് പതിച്ചു. ഒരു ദീർഘ നിശ്വാസത്തിന് ശേഷം താത്രി പറയുകയുണ്ടായി. അത് സ്നേഹമാണ്. ഏതൊരാളെയും രമിപ്പിക്കുന്ന ഒന്ന്.
വിഷാദമായ ഒരു പുഞ്ചിരി ഞങ്ങൾക്ക് നേർന്നു കൊണ്ട് താത്രി ചോദിച്ചു. സ്വാതന്ത്ര്യം ലഭിച്ചു എന്ന് കരുതുന്ന നമ്മൾ ശരിക്കും സ്വതന്ത്രരാണോ? അത്തരമൊരു മറുചോദ്യം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല.
ഒരു നിമിഷം ഞങ്ങൾ വായ്മൂടിക്കെട്ടിയ ചീനഭരണി പോലെയായി.
ആകാശവിതാനിയിൽ തീക്കനലുകൾ ചിതറിപ്പരക്കാൻ തുടങ്ങിയിട്ടുണ്ടായിരുന്നു. ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുവാൻ നൗകയിൽ തുഴയുമായി കടല് താണ്ടുന്ന ജന്മങ്ങൾ, ഉപ്പ് വെള്ളത്തിൽ ആനന്ദത്തിന്റെ പുതിയ തീരം തേടുന്ന യുവത്വം, പരിഭവങ്ങളും പരാതികളും ചുടുചുംബനത്തിൽ മായ്ച്ചു കളയുന്ന കമിതാക്കൾ,
സന്ധ്യയടുത്തപ്പോൾ ലോകം ചെറുതായത് പോലെ.
ഇടയ്ക്കെപ്പോഴോ നിദ്രയെന്നെ പുൽകിയിരുന്നു.
Comments
Post a Comment
🥰