കുഞ്ഞു മറിയാമ്മ 🥰
എനിക്ക് ഈ രാത്രിയോട് ഒരുപാട് സ്നേഹം തോന്നുന്നു. ഈ നിമിഷം ഒരിക്കലും തീർന്നു പോകാതെയിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു. ഇനിയൊരിക്കലും തിരിച്ചു വരാൻ ഇടയില്ലാത്ത ഇന്നലെകൾ എനിക്ക് മുന്നിൽ നൃത്തം ചവിട്ടുന്നു. സന്തോഷത്തിന്റെ പൊടിപ്പുകൾ എന്റെ മുഖത്തിന് കൂടുതൽ സൗന്ദര്യം നൽകിയത് പോലെ. ഞാൻ അറിയാതെ പുഞ്ചിരിച്ചു. തികച്ചും സ്വാഭാവികമായത്. ഡയറിയിൽ കുത്തിക്കുറിക്കുന്നത് അവസാനിപ്പിച്ച് ഞാൻ ജനൽ പാളിയുടെ അടുത്തേക്ക് നീങ്ങി.
ആകാശത്ത് ഇഴഞ്ഞു നീങ്ങുന്ന മേഘക്കഷണങ്ങൾക്കിടയിൽ പൂത്തുലഞ്ഞു നിൽക്കുന്ന നക്ഷത്രങ്ങളെ ഞാൻ ഒരുനോക്ക് നോക്കി നിന്നു. ഈ നഗരത്തോട് വിടപറയാൻ എനിക്ക് സമയമായിരിക്കുന്നു. കൂടിപ്പോയാൽ നാല് ദിവസം.
ഇച്ചായി വിളിച്ചിരുന്നു. എന്റെ ചേച്ചിപ്പെണ്ണ്. മണവാട്ടിയാകാൻ പോകുന്നതിന്റെ നാണമൊക്കെ അവളുടെ ചിരിയിലും ശബ്ദത്തിന്റെ ഇടർച്ചയിലും അറിയാനുണ്ടായിരുന്നു. ചാച്ചൻ വലിയ സന്തോഷത്തിലാണ്. പാപ്പി രണ്ട് ദിവസത്തിനുള്ളിൽ റാന്നിയിലേക്ക് തിരിക്കുമെന്നാണ് പറഞ്ഞത്. ഞങ്ങളുടെ അനിയൻ ചെക്കൻ.
എനിക്കിന്ന് ഉറങ്ങാൻ കഴിയില്ല. ഉറങ്ങിയാൽ അതൊരു പക്ഷേ വലിയൊരു നഷ്‌ടമായേക്കാം. ഞാനിപ്പോൾ മനോരാജ്യം കാണുകയാണ്. മാർത്ത എന്റെ ഇച്ചായിയുടെ മിന്നുകെട്ട്. അവളെന്തൊരു സുന്ദരിയാണ്. ശെരിക്കും അമ്മച്ചിയെ പോലെ. കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകൾ ചെവിക്ക് പിന്നിലേക്ക് ഒതുക്കി വെച്ച് കൊണ്ട് മെല്ലെ ചിരിക്കുന്നു. എനിക്ക് ഓടിച്ചെന്ന് വാരിപ്പുണരാൻ തോന്നി. പെട്ടന്ന് തന്നെ ഞാൻ യാഥാർഥ്യത്തിലേക്ക് തിരികെ വന്നു.
ഞാൻ കിടക്കയിൽ നിന്നും ചാടിയെഴുന്നേറ്റ് ടേബിളിനരികിലേക്ക് ചെന്നു. ഫോണെടുത്ത് പാപ്പിയെ വിളിച്ചു. മറുതലയ്ക്കൽ ഒരു മെലഡിയാണ്. ശെരിക്കുമൊന്ന് ആസ്വദിക്കാൻ കഴിയുന്നതിന് മുന്നെ അവൻ കാൾ എടുത്തു. "നിനക്ക് ഉറക്കമൊന്നും ഇല്ലിയോ ? ഞാനൊന്ന് ഉറങ്ങട്ടെടി ". ഉറക്കം നഷ്ടപ്പെട്ടതിന്റെ വിഷമം അവൻ മറച്ചു വെച്ചില്ല.
"രണ്ടാഴ്ച കഴിഞ്ഞാൽ ഇച്ചായിയുടെ കെട്ട് കല്ല്യാണമാ... നിനക്ക് എങ്ങനെയാടാ ഉറങ്ങാൻ പറ്റണെ ?"
മം. ഒരു കൊച്ചു കുട്ടിയെ പോലെ അവൻ മൂളി. "പറയ് എന്തായാലും എന്റെ ഉറക്കം പോയി ". നീരസത്തോടെ പാപ്പി പറഞ്ഞു. എനിക്ക് ചിരി വന്നു. "നിനക്ക് ഓർമ്മയുണ്ടോടാ നമ്മുടെ കുട്ടിക്കാലം. ചാച്ചനും അമ്മച്ചിയും ഇച്ചായിയും ഞാനും നീയും ".
പാപ്പി മറുപടിയൊന്നും പറഞ്ഞില്ല. അവനെന്നെ കേട്ടിരുന്നു.
ഞാനന്ന് അഞ്ചാം തരത്തിൽ പഠിക്കുകയാണ്. ഇച്ചായി എട്ടാം ക്ലാസ്സിലും. പാപ്പി മുട്ടിലിഴയുന്ന പ്രായം. വേനലവധിയടുത്താൽ എനിക്ക് ഉത്സാഹമാണ്. നേരം വെള്ളകീറുമ്പോൾ ഞാൻ ചാച്ചനോടൊപ്പം വയലിലേക്ക് പോകും. കപ്പയും കവുങ്ങും കുരുമുളകും ഏത്തവാഴയും പയറും പടവലവും ചുവന്ന ചീരയും ഒക്കെ തിങ്ങി നിറഞ്ഞ ഒരു സ്വർഗം തന്നെയാണവിടം.
എനിക്കൊരു ചെറിയ കളമാന്തിയുണ്ട്. ചാച്ചൻ കട്ടിയുള്ള മേൽമണ്ണ് കിളച്ചു മാറ്റുമ്പോൾ എന്നാലാവും വിധം ഞാനും കളമാന്തി കൊണ്ട് മണ്ണ് മാറ്റാൻ ശ്രമിക്കും. അന്നേരം ഞാനുറക്കെ ഒരു പാട്ട് പാടും.
"ഏലഞ്ചേലഞ്ചോ... ഏലഞ്ചം കൈതോല...
എന്തിൻ ചോടാണ് ചോട് കെട്ടി പോകണത്
ചക്കച്ചോടാണ്..."
എനിക്കൊപ്പം ചാച്ചനും പാടുമ്പോൾ അതൊരു ആവേശമാണ്.
കരിയിലക്കിളികൾ കലപില ചൊല്ലി എന്റെ പാട്ടിന് ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യാറുണ്ട്.
ഉച്ചവെയിൽ തലയ്ക്കുമീതെ ചിതറി വീഴുമ്പോൾ അമ്മച്ചി പോക്കഞ്ഞിയും പുഴുങ്ങിയ കപ്പയും മുളക് ചമ്മന്തിയും ചോറ്റുപാത്രത്തിൽ കൊണ്ട് വരും. അമ്മച്ചിയുടെ കൂടെ ഇച്ചായിയും ഉണ്ടാകും. പാപ്പി ഇച്ചായിയുടെ കൈപ്പിടിയിൽ ഒട്ടിയിരുന്ന് പല്ലില്ലാത്ത മോണ കാട്ടി ചിരിക്കും. ചിണുങ്ങും.
വൈകുന്നേരം ഒരുമിച്ചാകും ഞങ്ങൾ വീട്ടിലേക്ക് പോകുന്നത്. ആകാശമാകെ ചുമപ്പ് പടർന്നിട്ടുണ്ടാകും. വലിയ തോട്ടിൽ നിന്ന് കുളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ഒരു ശബ്ദം കേട്ടത്. ചുറ്റുപാടും നോക്കിയിട്ടും ഒന്നും കണ്ടില്ല. ആ ശബ്ദം വീണ്ടും ഉയർന്നു കേട്ടു. ഒരു മയിലാണ്. അപ്പോഴാണ് മറ്റൊരിടത്തു നിന്നും വീണ്ടും ആ ശബ്ദം കേട്ടത്. അതും ഒരു മയിലായിരുന്നു.
ഇണയാവണം. അവറ്റകളുടെ കരച്ചിലിൽ വല്ലാത്തൊരു നിസ്സഹായത തോന്നി. ഞാനും ഇച്ചായിയും അവരെപ്പോലെ ശബ്ദമുണ്ടാക്കി അവ തമ്മിൽ പരസ്പരം കണ്ട് മുട്ടുവാൻ. ഒടുവിൽ ആ ശ്രമം വിജയിച്ചു. എനിക്കൊരുപാട് സന്തോഷം തോന്നി.
സന്ധ്യക്ക് ജപമാല ചൊല്ലി പ്രാർത്ഥിച്ചു കഴിയുമ്പോൾ അത്താഴത്തിന് സമയമായിട്ടുണ്ടാകും. അമ്മച്ചിയും ഇച്ചായിയും അടുക്കളയിൽ കഴിക്കാനുള്ളത് ചൂടാക്കുമ്പോൾ ഞാൻ ചാച്ചനോടൊപ്പം ടെറസിലേക്ക് പോകും. പാപ്പി ചാച്ചന്റെ മാറിൽ തന്നെയുണ്ടാകും.
ചാച്ചൻ എനിക്ക് കഥളൊക്കെ പറഞ്ഞു തരും. നുറുങ്ങു വെട്ടവുമായി പാറി നടക്കുന്ന മിന്നാമിനുങ്ങുകളെ കാണുമ്പോൾ ഞാൻ അത്ഭുതത്തോടെ നോക്കി നിൽക്കും. പാപ്പി അവയെ കാണുമ്പോൾ ചിണുങ്ങും. ഒരു മിന്നാമിനുങ്ങിനെ ഞാൻ എന്റെ കരവലയത്തിനുള്ളിലാക്കി. കുഞ്ഞു കൈകൾ മെല്ലെ വിടർത്തി ഞാൻ മിന്നാമിനുങ്ങിനെ നോക്കി. എന്ത് ഭംഗിയാ...
ജിക്ജ്ഞാസയോടെ ഞാൻ ചാച്ചനോട് ചോദിച്ചു.
"ചാച്ചാ ഈ മിന്നാമിനുങ്ങിന് അച്ഛനും അമ്മയുമൊക്കെ കാണുവോ ? ഈ മിന്നാമിനുങ്ങിനെ കാണാതിരുന്നാൽ അവരൊക്കെ വിഷമിക്കില്ലേ ?"
എന്റെ മൂർദ്ധാവിൽ തഴുകിക്കൊണ്ട് ചാച്ചൻ പറഞ്ഞു. "ആന്നേ മറിയാമോ നമ്മളെ പോലെ അവരും പരസ്പരം സ്നേഹിക്കുന്നുണ്ടാവും ".
അപ്പോഴേക്കും പാപ്പി ചാച്ചന്റെ ഇടനെഞ്ചിലെ ചൂട് പറ്റി ഉറങ്ങിയിരുന്നു. ഞങ്ങൾ താഴേക്ക് പോയി. അമ്മച്ചി പാപ്പിയെ ചാച്ചന്റെ കൈയിൽ നിന്നും മാറിലേക്ക് ഏറ്റുവാങ്ങി. ചാച്ചൻ അമ്മച്ചിയെ നോക്കി ചിരിച്ചു. ഒരു കുസൃതിച്ചിരി. അമ്മച്ചിയും ചിരിച്ചു. "ഇവരെന്തിനാ ചിരിച്ചേ... " ഞാൻ രണ്ട് പേരെയും മാറിമാറി നോക്കി.
അത്താഴം കഴിച്ച് കഴിഞ്ഞ് ഞാൻ ഇച്ചായിയുടെ കൂടെ ഉറങ്ങാൻ കിടക്കും. ഇച്ചായിക്ക് പുസ്തകം വായിക്കാൻ ഒരുപാടിഷ്ട്ടമാണ്. വായിച്ച കഥയുടെ സാരാംശമൊക്കെ എനിക്ക് പറഞ്ഞു തരാറുണ്ട്. ഒരു തേനീച്ച സമൂഹത്തിന്റെ കഥ പറഞ്ഞു തന്നു. അതൊരു ധീരയായ റാണി തേനീച്ചയുടെ കഥയാണ്. ആ റാണി തേനീച്ച സുന്ദരിയായ ഫെമിനിസ്റ്റാണ്.
പതിയെ പതിയെ എന്റെ കണ്ണുകൾ കൂമ്പിയടഞ്ഞു. അപ്പോഴേക്കും ഞാൻ ഇച്ചായിയെ കെട്ടിപ്പിടിച്ചു ഉറങ്ങിയിരുന്നു.
നേരം പുലർന്ന് തുടങ്ങിയിരുന്നു. കോഴി ഉറക്കെ കൂവുന്നുണ്ട്. ചാച്ചൻ നേരത്തെ എഴുന്നേൽക്കും. ഞാനും. ചാച്ചൻ ഒരു കോപ്പയുമായി തൊഴുത്തിലേക്ക് പോയി. ചാച്ചനെ കണ്ടപ്പോൾ പശുവും പൈക്കിടാവും ഉറക്കെ കരഞ്ഞു. ഞാൻ തൊട്ടടുത്തുള്ള ആട്ടിൻ കൂട്ടിലേക്ക് പോയി. എന്നെ കണ്ടതും ലക്ഷ്മി ഓടി വന്നു. പാറു തള്ളയാടിന്റെ അടുത്ത് തന്നെയുണ്ട്. തള്ളയാട് ലക്ഷ്മിക്ക് പാല് കൊടുക്കാറില്ല. പാവം. അവൾക്ക് എന്നോട് ഒരുപാട് സ്നേഹമാണ്.
ഞാൻ ലക്ഷ്മിയെ ലാളിക്കുന്നത് കണ്ടിട്ടാവണം മ്യാവു മുരണ്ടു കരഞ്ഞത്. അവൾക്ക് ഇഷ്ടമായ്ക്കാണില്ല.
ഞാനിന്ന് ലണ്ടൻ നഗരത്തിനോട് യാത്ര പറയുകയാണ്. രാത്രി ഏഴ് മണിക്കാണ് ഫ്ലൈറ്റ്. യാത്രയിലുടനീളം ഞാൻ അമ്മച്ചിയെക്കുറിച്ചാണ് ആലോചിച്ചത്. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും കഥകളിൽ മുറിവ് സൃഷ്ടിക്കപ്പെടുന്നത് എന്തിന് വേണ്ടിയാണ് ? ഞാനൊരുപാട് ചിന്തിച്ചിട്ടുണ്ട്. അല്ലെങ്കിലും
ദൈവത്തിന്റെ ചെയ്തികൾ നമുക്ക് തടുക്കാനാവില്ലല്ലോ...
ഒരുപാട് സ്നേഹിക്കപ്പെട്ടത് കൊണ്ടാവാം അമ്മച്ചിയെ നേരത്തെയങ്ങ് വിളിച്ചത്.
ചാച്ചൻ അമ്മച്ചിയെ ഒരുപാട് സ്നേഹിച്ചിരുന്നു. പാവം ഞങ്ങടെ ചാച്ചൻ.
അമ്മച്ചിയുടെ ഓർമ്മകളെ മറവിക്ക് വിട്ട് കൊടുക്കാതെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ പോവുകയാണ് റാന്നിയിലേക്ക്. എന്റെ സ്വർഗത്തിലേക്ക്.
Comments
Post a Comment
🥰