ഇനി ഞാൻ എന്നെ സ്നേഹിക്കട്ടെ
മുഖവുരയൊന്നും ഇല്ലാതെ തന്നെ കാര്യത്തിലേക്ക് കടക്കട്ടെ. പറഞ്ഞു വരുന്നത് സെൽഫ് ലവ്നെ കുറിച്ചാണ്.
'Self love' നമ്മൾ എത്രയോ തവണ ഈ ഒരു വാക്ക് കേട്ടിരിക്കുന്നു. സംഗതി ശരിയാണ് ഒരുപാട് തവണ കേട്ടിട്ടുണ്ട്. കേട്ടെന്ന് കരുതി ഈ ഒരു കാര്യത്തേക്കുറിച്ച് ഗൗരവമായി ചിന്തിച്ചിട്ടുണ്ടോ?
ഇപ്പോൾ മനസ്സിൽ ചിന്തകളുടെ കുഞ്ഞു ഭ്രൂണങ്ങൾ ചെറുതായെങ്കിലും നാമ്പിട്ടെന്നു കരുതുന്നു. ഒരുപാടങ്ങ് ചിന്തിച്ചു ചിന്തകളുടെ ചുരം കയറാതിരിക്കുന്നതാണ് നല്ലത്. മനസ്സ് കലുഷിതമാക്കേണ്ട അത്ര തന്നെ. തത്കാലം ചിന്തകൾക്കിവിടെ ഒരു ഫുൾസ്റ്റോപ്പിടാം.
നമ്മുടെ തന്നെ abnormality യെ കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇടയ്ക്കൊക്കെ ആലോചിക്കുന്നത് നല്ലതാണ് കേട്ടോ...
നമ്മൾ നമ്മളെ എത്രത്തോളം സ്നേഹിക്കുന്നുണ്ടാകും? എത്രത്തോളം പരിഗണിച്ചിട്ടുണ്ടാകും? നീ അടിപൊളിയാണല്ലോ... നിന്റെ ചിരി നല്ല ഭംഗിയാണല്ലോ... നീ ഇന്നൊരുപാട് സന്തോഷവാനാണല്ലോ...
സ്വയം ചോദിച്ചു നോക്കിയിട്ടുണ്ടോ?
നമുക്ക് നമ്മളെ തന്നെ സ്നേഹിക്കാൻ കഴിയാത്ത, പരിഗണിക്കാൻ കഴിയാത്ത കഴിവില്ലായ്‌മ തന്നെയാണ് നമ്മുടെ abnormality.
നമുക്ക് നമ്മളെ തന്നെ സ്നേഹിച്ചുകൊണ്ട് സ്നേഹത്തിന്റെ കഥളാകാം. എങ്ങനെയെന്നല്ലേ... തത്രപ്പാട് കൂട്ടാതെ പറയാന്നേ...
'മടി' അവൻ ഒത്തിരി ഗ്രാവിറ്റി കൂടിയ എനമാണ്. അവനെ ഒതുക്കാൻ കഴിഞ്ഞാൽ ആദ്യപടി നമ്മൾ വിജയിച്ചു. നമ്മുടെയുള്ളിലെ മടിയുടെ അളവാണ് നമ്മുടെ ഭാവി നിർണ്ണയിക്കുന്നത്.
'Little things' കുഞ്ഞു കാര്യങ്ങൾക്ക് എപ്പോഴും ഒരുപടി മേലെ പ്രധാന്യമുണ്ട്. 'കുഞ്ഞു കാര്യങ്ങളിലെ വലിയ സന്തോഷം' എന്ന് കേട്ടിട്ടില്ലേ...
പുലർച്ചെ എഴുന്നേൽക്കാൻ കഴിയുന്നതും, പ്രകൃതിയെ സന്തോഷത്തോടെ നോക്കിക്കാണുന്നതും, കിളികളുടെ ചിലപ്പുകൾ കൗതുകത്തോടെ ശ്രവിക്കുന്നതും, രാത്രിയിൽ ആകാശത്തു നക്ഷത്രകുഞ്ഞുങ്ങളെ നോക്കുന്നതും തെല്ലൊരു ചിരി പടർത്തി മേഘപാളികൾക്കിടയിലേക്ക് ഓടി മറയുന്ന നിലാവിനെ ഇമവെട്ടാതെ നോക്കി നിൽക്കാൻ കഴിയുന്നതും സന്തോഷം തന്നെയാണ്. പുസ്തകം വായിക്കുക, നല്ല സിനിമ കാണുക, ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുക, ഒറ്റയ്ക്ക് പുറത്ത് പോവുക, ഭക്ഷണം കഴിക്കുക, യാതൊരു കാര്യവുമേതുമില്ലാതെ ചിരിക്കുക, സന്തോഷം തോന്നുക ഈ കുഞ്ഞു കാര്യങ്ങൾ അത്ര കുഞ്ഞുതല്ല കേട്ടോ...
ഗ്രീക്ക് സാഹിത്യകാരനായ നിക്കോസ് കാസാൻദ്സാകീസിന്റെ Zorba the Greek എന്ന നോവലിൽ മധ്യവയസ്കനായ സോർബ യുവത്വത്തിന്റെ പ്രസരിപ്പോടെ പറയുന്നൊരു ഡയലോഗ് ഉണ്ട്
"ജീവിക്കുക എന്നു പറഞ്ഞാൽ അതിന്റെ അർത്ഥമെന്താണെന്നു നിങ്ങൾക്കറിയുമോ? ഷർട്ടിന്റെ ബട്ടൻസുമഴിച്ചു പ്രശ്നങ്ങളിലേക്ക് എടുത്തുചാടുക. അതാണ് ജീവിതം!"
സോർബ പറഞ്ഞു വെക്കുന്നതും അത് തന്നെയാണ് സ്വയം സ്നേഹിക്കുവാൻ; ഒടുവിൽ ജീവിതത്തെ ആനന്ദപൂർവ്വം ആഘോഷമാക്കുവാനും.
അപ്പോൾ നമ്മുടെ പ്രിയപ്പെട്ടവരെ സ്നേഹിക്കേണ്ടേ? എന്നൊരു ചോദ്യം സ്വാഭാവികമായും മനസ്സിൽ ഉടലെടുത്തേക്കാം.
സംഗതി സിംപിളാണ് നമുക്ക് നമ്മളോട് തന്നെയുള്ള സ്നേഹത്തിന്റെ പ്രതിധ്വനിയാണ് നമ്മുടെ പ്രിയപ്പെട്ടവരിൽ നിന്ന് നമ്മിലേക്ക് ഒഴുകുന്ന സ്നേഹവും.
അപ്പോ ഈയൊരു കാര്യത്തിന് ഏതാണ്ടൊരു തീരുമാനമായെന്ന് കരുതുന്നു. യാത്ര പറയുന്നില്ല ഞാൻ വീണ്ടും വരും.
നല്ല നമസ്കാരം.
🥰🥰
ReplyDelete