- Get link
- X
- Other Apps
I am here... ഞാനിവിടുണ്ട്
മനസ്സിൽ കുടിയേറിയിരിക്കുന്ന ചിലചോദ്യങ്ങൾക്ക് സ്വയം ഉത്തരം കണ്ടെത്തുക എന്നതാണ് ഈ കുത്തിക്കുറിക്കുന്നതിലെ ഉദ്ദേശ്യം . തകൃതിയായി തന്നെ ചിന്തകളുടെ കൂട്ടിക്കിഴിക്കലുകൾ മസ്തിഷ്കത്തിൽ അരങ്ങേറുന്നുണ്ടെങ്കിലും സുതാര്യമാംവിധമൊരുത്തരം ഈ നിമിഷമിതുവരെയും ലഭ്യമായിട്ടില്ല എന്നതാണ് വാസ്തവം .ഇത്തരമൊരു സമസ്യ ചിലപ്പോഴൊക്കെ എന്നെ പിടികൂടാറുണ്ടെങ്കിലും ,അതിൽനിന്നൊക്കെ വളരെ വിദക്തമായി യാഥാർഥ്യങ്ങളുടടെ ഭൂമികയിലേക്ക് തിരികെ വരാൻ കഴിയുമായിരുന്നു . മനസ്സ് കലുഷിതമാംവിധം ഇത്തരൊമൊരു സമസ്യ എന്നെ പിടികൂടിയത് കുറച്ചൊന്നുമല്ല അസ്വസ്ഥതപ്പെടുത്തുന്നത് . സാഹിത്യത്തിന്റെ അതിപ്രസരം കുറച്ചധികം മുഴച്ചുനിൽക്കുന്നതായി നിങ്ങൾക്ക് തോന്നുന്നുണ്ടോ ? ഇത്തരമൊരു അവസരത്തിൽ ഇങ്ങനെയൊക്കെ സംഭവിച്ചില്ലങ്കിലേ അത്ഭുതമുള്ളൂ ...
ചെറിയൊരു മുഖവുര ആവശ്യമാണെന്ന് തോന്നിയത് കൊണ്ടാണ് മുകളിൽ അപ്രകാരം എഴുതിപ്പിടിപ്പിച്ചത് . ഞാൻ ആലോചിക്കുകയായിരുന്നു , പ്രാചീന കാലം മുതൽക്കേ മനുഷ്യനെ സദാ പിന്തുടരുന്ന ദുഃഖത്തെക്കുറിച്ച്. കാലം എത്ര തന്നെ പുരോഗമിച്ചാലും ഈയൊരു സംഗതിക്കുമുന്നിൽ മനുഷ്യനെന്തേ മുട്ടുകുത്തിപ്പോകുന്നു , നിഷ്‌കളങ്കമായ ശിശുവിനെപ്പോലെ വാവിട്ടു കരയുന്നു . ഹൃദയം നിറയുമാംവിധം സന്തോഷിച്ചാലും , മദിച്ചാലും, മതിമറന്നാലും മനുഷ്യൻ വീണ്ടും ദുഃഖമെന്ന ഹൃദയവാഞ്ജനയ്ക്ക് മുന്നിൽ കാലിടറുന്നു . എന്റെയീ സമസ്യക്ക് ഉത്തരം കണ്ടെത്തുക എന്നത് അത്ര സിംപിളായ സംഗതിയല്ലെന്നറിയാം . ഒരു ശ്രമം നടത്തുകയാണ് . ചിലപ്പോൾ ഞാൻ വിജയിച്ചേക്കാം അല്ലെങ്കിൽ നിരുപാധികം തോൽവിയുടെ കൈപ്പുനീർ രുചിച്ചേക്കാം .
നമ്മൾ പലപ്പോഴും കാര്യമായി പരിഗണിക്കാതെ പോകുന്ന ചില കാര്യങ്ങളിലൂടെ എന്റെയീ സമസ്യയുടെ ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണ് . നമ്മളുടെ പ്രിയപ്പെട്ടവരിൽ ചിലപ്പോഴെങ്കിലും ദുഃഖങ്ങളുടെ ആത്മാക്കൾ കുടിയേറിപ്പാർക്കാറില്ലേ ? എന്തുകൊണ്ടോ നമ്മളിൽ നിന്നും അവരതൊക്കെ മറച്ചുപിടിക്കാൻ ശ്രമിക്കുന്നു . സങ്കടങ്ങളുടെ ചുവ വാക്കുകളിലോ , മുഖത്തെ മാംസപേശികളിലോ പ്രകടമായാൽ " ഏയ് ഒന്നുമില്ല " എന്ന് പറഞ്ഞു നമ്മളുടെ ചോദ്യങ്ങളിൽ നിന്ന് നൂഴ്‌ന്നിറങ്ങിപ്പോകുവാൻ വെപ്രാളം കാട്ടുകയും ചെയ്യും . ഹൃദയത്തിന്റെ അടരുകൾ പൊള്ളിപ്പോകുംവിധം സങ്കടം പിടിമുറുക്കിയാൽ വെറുമൊരു പുഴുവിനേപ്പോലെ നമ്മൾ എവിടെയെങ്കിലും ചുരുണ്ടുകൂടും .
ഇപ്പോൾ നിങ്ങൾക്ക് ചുറ്റും ശോകമൂകമാംവിധം മനോവ്യഥയുടെ കാർമേഘങ്ങൾ ഇരുണ്ട് കൂടിയിട്ടുണ്ടെന്നറിയാം. മനപ്പൂർവ്വമല്ലല്ലോ എന്നെ വലച്ചുകൊണ്ടിരിക്കുന്ന സമസ്യയുടെ ഉത്തരം കണ്ടെത്തുവാനല്ലേ ...
പ്രത്യാശയുടെ മാലാഖമാർ എപ്പോഴെങ്കിലും നമ്മുടെ മുന്നിൽ തീരെ നിനച്ചിരിക്കാതെ വരുമെന്ന് നിങ്ങൾ കരുതാറുണ്ടോ ? സ്നേഹമുള്ള മനുഷ്യരുടെ രൂപത്തിൽ , ഒരു ചെറുപുഞ്ചിരിയൊക്കെ സമ്മാനിച്ച് യാതൊന്നുമേ പ്രതീക്ഷിക്കാതെ അവർ നമുക്ക് ചുറ്റും ഉണ്ടന്നേ ... കണ്ണുനീർ കാഴ്ചയെ തടസ്സപ്പെടുത്തുന്നത് പോലെ , എന്ത്കൊണ്ടോ അവരെ കാണാനുള്ള കാഴ്ചയും നമ്മിൽ നിന്ന് വിദൂരമാകുന്നു .
എനിക്കുറപ്പാണ് നമ്മുടെ ഉള്ളൊന്നുലഞ്ഞാൽ ,ഹൃദയത്തിന്റെ താളവ്യത്യാസം കണ്ണുകളിൽ പ്രകടമായാൽ , വാക്കുകൾ മുഴുമിക്കാനാകാതെ ഇടറിപ്പോയാൽ , സ്നേഹത്തിന്റെ സുഗന്ധദ്രവ്യം കൊണ്ട് ,അവർ ഹൃദയത്തിനുമേൽ അത്ഭുതങ്ങളുടെ മഴവില്ലുകൾ കോറിയിടും . ഒടുവിൽ നമ്മോട് ഇങ്ങനെപറയും ;
I am here... ഞാനിവിടുണ്ട് .
- Get link
- X
- Other Apps

Comments
Post a Comment
🥰