- Get link
- X
- Other Apps
കാണെ കാണെ ...
കേരളഭൂമി പത്രത്തിന്റെ സീനിയർ എഡിറ്റർ പോസ്റ്റിലേക്ക് സ്ഥാനക്കയറ്റം കിട്ടിയതിൽ പിന്നെയാണ് അതുവരെ ഉണ്ടായിരുന്ന ജീവിതത്തിന്റെ താളക്രമം മറ്റൊരു ദിശയിലേക്ക് മാറി സഞ്ചരിച്ചത് . ഒന്നിനു പിറകെ മറ്റൊന്ന് എന്നവിധം സമസ്യകൾ വന്നുകൊണ്ടേ ഇരുന്നു . ഒഴിവു സമയം തിരിച്ചു കിട്ടാനാകാത്തവിധം ഭൂതകാലത്തിന്റെ അടരുകളിലേക്ക് മടങ്ങിപ്പോയി. ഏകാന്തതയുടെ നനുത്ത നിമിഷങ്ങളിൽ കാലിടറാതിരിക്കാൻ കൈമുതലാക്കിയ വായനയ്ക്ക് കൈമോശം വന്നു. ചില്ലരമാലകൂട്ടിനുള്ളിൽ ഒരായിരം ആത്മാക്കൾ ശ്വാസം മുട്ടി പിടഞ്ഞു . പരമമായ മോക്ഷം അവരും ആഗ്രഹിച്ചിരുന്നുവോ ? .
ഓഫീസിൽ നിന്ന് റൂമിലർത്തിയാൽ ഒരു കോഫി പതിവായിരുന്നു . ആവിപാറുന്ന ചൂട് കോഫി ചുണ്ടോട് ചേർത്ത് ഒരിറക്ക് കുടിക്കുമ്പോൾ മൂക്കിലേക്ക് തുളച്ചു കയറുന്ന കാപ്പിപ്പൊടിയുടെ മാദക ഗന്ധം തലച്ചോറിനെ ഉന്മത്തനാക്കിയിരുന്നു . എന്നാൽ ഇപ്പോഴോ കണ്ടാൽ പച്ചവെള്ളവും സുതാര്യവുമായ വോഡ്ക ശരീരമാസകലം ലഹരി പിടിപ്പിക്കുന്നു . ഇടയ്ക്കിടെ കാൽ വഴുതുന്നു തെന്നിത്തെറിച്ചു പോകുന്നു ഒരിക്കലും പിടിതരാത്ത ജീവിതത്തെപ്പോലെ . ആർക്കറിയാം ?
ജോലിഭാരം കൂടിയപ്പോഴാണ് ഒരു അസിസ്റ്റൻഡ് തസ്തിക സൃഷ്ടിച്ചാലോ എന്ന ചിന്ത ഉടലെടുത്തത് . ഉത്തരവാദിത്തങ്ങൾ തലയ്ക്ക് മുകളിൽ വരുമ്പോൾ നമ്മൾ അറിയാതെ ഒരു ചുമട് താങ്ങിയെപോലെയാകും . അദൃശ്യ ഭാരമെന്നോണം അതിന്റെ കാഠിന്യം നമ്മെ ക്ഷീണിപ്പിച്ചു കൊണ്ടിരിക്കും ; അതിനോടുള്ള സ്വകാര്യമായ പ്രതിപത്തി നമ്മെ വീണ്ടും ഉയർത്തെഴുന്നേൽക്കാനും .
കൈലാസ് എന്നായിരുന്നു അയാളുടെ പേര് . നീണ്ടുമെലിഞ്ഞ കേശധാരയേറെയുള്ള സുമുഖനായ ഒരു ചെറുപ്പക്കാരൻ . അയാളുടെ ചുരുളൻ മുടിച്ചുരുളുകൾ നെറ്റിത്തടത്തിനും കൺപീലിക്കുമിടയിലായി ഞാന്നു കിടന്നു . ഇടയ്ക്കിടെ അയാളാ മുടിച്ചുരുളുകളെ മാടിയൊതുക്കി വെയ്ക്കാറുള്ളത് ഞാൻ ശ്രദ്ധിച്ചിരുന്നു . കാഴ്ചയിൽ ഒരു സുന്ദരൻ . ഞാൻ ആലോചിക്കുകയായിരുന്നു എന്റെ സൗന്ദര്യ ബോധത്തെക്കുറിച്ച് . ത്വക്കിന്റെ നിറമാണോ സൗന്ദര്യത്തിന്റെ മാനദണ്ഡം ? അതോ കാഴ്ചയോ ? കാഴ്ചപ്പാടുകളോ ?
നെടുനീളൻ വാചകത്തിൽ പുരോഗമനം പറയുകയും നിന്ന നിൽപ്പിൽ മലക്കം മറിയുന്ന ആധുനികനെന്ന് സ്വയം വിളിക്കുന്ന ചിലരുമുണ്ടല്ലോ ? വിവാഹ കമ്പോളത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ അറിയാം സൗന്ദ്യത്തിന്റെ പ്രാധാന്യം ഒഴിച്ചുകൂടാനാകാത്തതാണെന്ന് . പുരോഗമനവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വൈരുധ്യമോ അജഗജാന്തര വ്യത്യാസമുള്ളതും .
ചെറുപ്പക്കാരനെ എനിക്ക് നന്നേ ബോധിച്ചു . യജമാനെ കാണുമ്പോൾ വാലാട്ടി നിൽക്കുന്ന നായയെ പോലെ അയാളെന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു . വിധേയത്വം തിരിച്ചറിയാനുള്ള കഴിവ് അവറ്റകൾക്ക് ഇല്ലാത്തിടത്തോളം കാലം അവരാ ചുഴിയിൽ ആണ്ടുകിടക്കുക തന്നെ ചെയ്യും . നായയുടെ അടിമത്വത്തെ സ്‌നേഹമെന്ന് പേർ ചൊല്ലി വിളിക്കുന്നതിലെ വിരോധാഭാസം ആര് തിരിച്ചറിയാൻ ?
അനൗദ്യോധികമായ ഒരു കൂടിക്കാഴ്ചയിലാണ് ചെറുപ്പക്കാരനൊപ്പം ഞാനാ പെൺകുട്ടിയെ കാണുന്നത് . അവർ ഇരുവരും കൈകൾ കോർത്ത് പിടിച്ചിരുന്നു . അവർ തമ്മിലുള്ള അകലം വേണ്ടത്ര കുറയ്ക്കുവാൻ അവൾ അയാളോട് ചേർന്ന് നിന്നു . സ്നേഹത്തിന്റെ അദ്യശ്യമായൊരു പ്രകാശവലയം അവർക്ക് ചുറ്റും കാണാമായിരുന്നു . തിരക്കുകൾക്കിടയിലും സ്നേഹത്തിൽ ഇൻവെസ്റ്റ് ചെയ്യാൻ അവർ ഇരുവർക്കും കഴിയുന്നുണ്ടല്ലോ എന്ന് ആലോചിച്ചപ്പോൾ അസൂയയുടെ നേർത്തമുകുളം ഒരു നിമിഷം നെഞ്ചിൽ ഉയർന്നു താഴ്‌ന്നു .
സമയം കടന്ന് പൊയ്ക്കൊണ്ടിരുന്നു . സ്നേഹിച്ചിരുന്നോ ഈ ജീവിതത്തിൽ ആരെയെങ്കിലും ? സ്നേഹിക്കപ്പെട്ടിരുന്നോ മറ്റാരിൽ നിന്നും ? ഒടുവിൽ ചോദ്യങ്ങളുടെ പെരുമഴയിൽ നനഞ്ഞു കുളിച്ചു . തലയ്ക്ക് വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു .
എന്നെ റൂമിൽ എത്തിച്ചു തിരികെ മടങ്ങാൻ നേരം വാതിപ്പടിയിൽ നിന്ന് കൊണ്ട് ചെറുപ്പക്കാരനോടായി പറഞ്ഞു . " ടോ താൻ ഭാഗ്യവാനാണ് ".
ആശ്ചര്യത്തോടെ അയാൾ എന്നെ നോക്കി . അയാൾക്ക് ഒന്നും മനസ്സിലായില്ല . ചെറിയൊരു പുഞ്ചിരി സമ്മാനിച്ച് ഞാൻ അയാളിൽ നിന്ന് വിടവാങ്ങി .
ഏറെ നാളുകൾക്ക് ശേഷം ഞാനൊരു കോഫി കുടിച്ചു . ചില്ലുക്കൂട്ടിൽ അടക്കം ചെയ്യപ്പെട്ട പുസ്തക ആത്മാക്കൾക്ക് മോക്ഷവും നൽകി . രാത്രിയുടെ നിഗൂഢതയിലേക്ക് നോക്കി ഞാൻ കുടുകുടെ ചിരിച്ചു ഒടുവിൽ അത് വികൃതമാവുകയും മിഴിനീർ തുള്ളികളായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു .
- Get link
- X
- Other Apps

Comments
Post a Comment
🥰