- Get link
- X
- Other Apps
സങ്കടങ്ങൾക്ക് എന്ത് ടൈറ്റിൽ?
കോളേജിൽ നിന്നും തിരികെ ഹോസ്റ്റലിലേക്ക് വരുമ്പോൾ ഞാൻ അഭിജിത്തിനോട് പറഞ്ഞിരുന്നു ;
'നമുക്ക് പള്ളിയിലൊന്ന് കയറിയിട്ട് പോയാലോ?'
'മം' അവനൊന്ന് മൂളി.
ബസ്സികുടിക്കുമ്പോൾ ഓരോ ചിന്തകളായിരുന്നു. എത്രയൊക്കെ പുറം കാഴ്‌ചകളിൽ അഭയം തേടാൻ ശ്രമിച്ചാലും ഓർമ്മകളുടെ നെടുനീളൻ ചുരുളുകൾ മനസ്സിനെ ചുറ്റിവരിഞ്ഞു കൊണ്ടേയിരിക്കും.
ചെകിള വിടർത്തി പിടയുന്ന ചെറു മത്സ്യത്തെപ്പോലെ ഹൃദയം പെരുമ്പറ മുഴക്കിക്കൊണ്ടേയിരുന്നു. വേദനയുടെ ആക്കം കൂടിയപ്പോൾ മിഴികളിൽ നനവ് പടരാൻ തുടങ്ങിയിരുന്നു. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് ഒന്ന് ചുഴിഞ്ഞു നോക്കി. ചെറിയൊരു കുളിർക്കാറ്റ് മിഴികൾക്ക് ചുറ്റും പടർന്ന നനവിനെ അപ്പാടെ തുടച്ചു മാറ്റി.
ചെറുമുകുളങ്ങൾ പൊട്ടിക്കിളിർക്കുന്ന പോലെ ചിന്തകൾ പിന്നെയും നൂഴ്ന്ന് പൊന്തി വന്നു കൊണ്ടേയിരുന്നു.
മുൻവിധിയാതൊന്നുമെയില്ലാതെ എന്നെ ആര് കേൾക്കാനാണ്? അവരെന്താവും ചിന്തിക്കുക? ഞാനൊരു ദുർബലനാണോ? ഞാനൊരു അന്തർമുഖനായത് എന്റെ കുറ്റമാണോ?
ബസ്സ് ഓരോ സ്റ്റോപ്പ് കഴിയുന്തോറും ഞാൻ ചിന്തകളുടെ ചുരവും കയറിക്കൊണ്ടേയിരുന്നു.
'എടാ സ്റ്റോപ്പ് എത്തി ' അഭിജിത്തിന്റെ പിൻവിളിയാണ് എന്നെ ചിന്തകളുടെ ചുരമിറങ്ങാൻ ഇടയാക്കിയത്.
പള്ളിയിൽ ആരും ഉണ്ടായിരുന്നില്ല. പുറത്ത് മാവിന്റെ ചുവട്ടിൽ നിന്ന് കപ്യാർ പത്രോസ് ചേട്ടൻ ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ട്.
ഞാൻ മുന്നിലേക്ക് നടന്നു. മുട്ട് കുത്തി കുരിശ് വരച്ചു. നടുവൊന്ന് നിവർത്തി ബെഞ്ചിലേക്ക് ഇരുന്നു.
അയാൾ നിശബ്ദനായിരുന്നു. ഇരുകൈകളും ഇരുകാലുകളും ബന്ധിക്കപ്പെട്ടിരുന്നു. ചോര ദേഹമാസകലം പടർന്നിരുന്നു. ശിരസ്സ് താഴ്ത്തി തോറ്റവനെപ്പോലെ മൗനം രുചിച്ചുകൊണ്ട് നിശബ്ദനായിരുന്നു അയാൾ.
ഈശോയേ നീ ഏറ്റുവാങ്ങിയ വേദനകൾക്ക് മുന്നിൽ എന്റെ സങ്കടങ്ങളൊക്കെയും ഒന്നുമേയല്ല.
എനിക്ക് ആരോടും പരാതിയില്ല പരിഭവും.
സ്നേഹിക്കാനുള്ള എന്റെ കഴിവിനെ അവിടുന്ന് എന്നിൽ നിന്നും അടർത്തി മാറ്റരുതേ എന്ന് മാത്രമാണ് എന്റെ പ്രാർത്ഥന. എന്റെ ഹൃദയം കഠിനമാക്കി മാറ്റരുതേ. നീ ഇനിയും എനിക്ക് വേദനകൾ തന്നാലും ഞാൻ അത് ഏറ്റുവാങ്ങും ഇനിയും ഒരുപാട് സ്നേഹിക്കാനായി.
- Get link
- X
- Other Apps
Comments
Post a Comment
🥰